മലയാള സിനിമയുടെ സുവര്‍ണകാലം തീര്‍ത്ത സംവിധായകനെ ബഹളം വിറ്റ് ജീവിക്കുന്ന അവതാരക പരിഹസിക്കുന്നു; പേളി മാണിക്കെതിരെ വിമര്‍ശനവുമായി സിനിമാ പേജുകള്‍
Malayalam Cinema
മലയാള സിനിമയുടെ സുവര്‍ണകാലം തീര്‍ത്ത സംവിധായകനെ ബഹളം വിറ്റ് ജീവിക്കുന്ന അവതാരക പരിഹസിക്കുന്നു; പേളി മാണിക്കെതിരെ വിമര്‍ശനവുമായി സിനിമാ പേജുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 24th July 2026, 8:28 pm

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് രാജ്യതലസ്ഥാനത്ത് വലിയ സമരങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ തള്ളാതെ നിലപാടെടുത്ത നടിയും അവതാരകയുമായ പേളി മാണിയ്ക്ക് വിമര്‍ശനവുമായി മുതിര്‍ന്ന സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി മലയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ച് കൊണ്ടായിരുന്നു പേളി ജോയുടെ വാക്കുകളെ പരിഹസിച്ചത്.

Photo: Archives

സിബി മലയിലിനെ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ച് പരിഹസിച്ചതിന് പിന്നാലെ ഒട്ടനവധി പേരായിരുന്നു പേളിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലെ സിനിമാ പേജുകളിലടക്കം രൂക്ഷ വിമര്‍ശനമാണ് പേളിക്കെതിരെ ഉയരുന്നത്. മലയാള സിനിമയുടെ സുവര്‍ണകാലം തീര്‍ത്ത ഒരു മഹാപ്രതിഭയെ ചിരിയും ബഹളവും വിറ്റ് ജീവിക്കുന്ന ഒരു യൂട്യൂബ് അവതാരക പരാജയപ്പെട്ട സംവിധായകന്‍ എന്ന് മുദ്രകുത്തുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് പലരും രംഗത്തെത്തുന്നത്. സിബി മലയില്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഭാവനകളും പലരും താരത്തിന് ഓര്‍മപ്പെടുത്തി നല്‍കുന്നുണ്ട്.

സ്വന്തമായി നിലപാട് എടുക്കാന്‍ ധൈര്യമില്ലെന്നും കാവി പ്രിയപ്പെട്ട നിറമാണെന്ന് വീരവാദം മുഴക്കിയ ശേഷം വിമര്‍ശനം ഭയന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഒളിച്ചോടുന്നതാണ് പേളിയുടെ ശീലമെന്നും മൂവി സ്ടീറ്റ് എന്ന സിനിമാ ഗ്രൂപ്പില്‍ വന്ന പോസ്റ്റില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. കിരീടവും ഭരതവും ദശരഥവും ഉള്‍പ്പടെ മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങള്‍ സമ്മാനിച്ച് മോഹന്‍ലാല്‍, തിലകന്‍ അടക്കമുള്ളവരുടെ അഭിനയത്തിന്റെ കൊടുമുടി തന്റെ ചിത്രങ്ങളിലൂടെ പുറത്തെടുപ്പിക്കുകയും ഇതിന് സംസ്ഥാന-ദേശീയ തലത്തില്‍ ഒട്ടനവധി പുരസ്‌കാരങ്ങള്‍ അഭിനേതാക്കള്‍ക്ക് നേടി നല്‍കുകയും ചെയ്ത സിബി മലയിലിനെ വിമര്‍ശിക്കാന്‍ ഈ അവതാരികയ്ക്ക് യാതൊരു അര്‍ഹതയുമില്ലെന്നും വിമര്‍ശനമുണ്ട്.

Photo: Mathrubhumi

താന്‍ പങ്കുവെച്ച് പോസ്റ്റില്‍ അദ്ദേഹത്തിന്റെ മകന്‍ എതിരഭിപ്രായം രേഖപ്പെടുത്തിയത് കൊണ്ട് അദ്ദേഹത്തെ ഒരു പരാജിത സംവിധായകനായി മുദ്രകുത്തുന്നത് സ്വയം എക്‌പോസ് ആക്കുക എന്നതിലുപരി മറ്റൊന്നിനും സഹായിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വ്യക്തികള്‍ക്ക് മാത്രമാണ് പ്രായമാകുന്നതെന്നും അവര്‍ സൃഷ്ടിച്ച എവര്‍ഗ്രീന്‍ ക്ലാസിക്കുകള്‍ എക്കാലവും നിലനില്‍ക്കുമെന്നും സിബി മലയിലിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പേളി മാപ്പ് പറയണമെന്നുമുള്ള ആവശ്യവും സിനിമാ പ്രേമികളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്.

Content Highlight: Criticism for Pearle Maaney for calling Sibi Malayil as Failed Film Maker, from cinema pages

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.