രണ്ടാം നേഷന്‍സ് ലീഗ് സ്വന്തമാക്കിയിട്ടും റൊണാള്‍ഡോ അഞ്ചാമന്‍ മാത്രം; മെസി ഒന്നാമനായ പട്ടികയിലെ ടോപ്പ് ഫൈവ് ആര്?
Sports News
രണ്ടാം നേഷന്‍സ് ലീഗ് സ്വന്തമാക്കിയിട്ടും റൊണാള്‍ഡോ അഞ്ചാമന്‍ മാത്രം; മെസി ഒന്നാമനായ പട്ടികയിലെ ടോപ്പ് ഫൈവ് ആര്?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th June 2025, 4:14 pm

യുവേഫ നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടമണിഞ്ഞിരുന്നു. ജര്‍മനി, മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ട്ഔട്ടിലാണ് പോര്‍ച്ചുഗല്‍ വിജയം സ്വന്തമാക്കിയത്. നേഷന്‍സ് ലീഗ് ചരിത്രത്തില്‍ പറങ്കിപ്പടയുടെ രണ്ടാം കിരീടമാണിത്. ഇതോടെ ഒന്നിലധികം തവണ നേഷന്‍സ് ലീഗ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് റൊണാള്‍ഡോയും പോര്‍ച്ചുഗലും സ്വന്തമാക്കിയത്.

സ്‌പെയ്‌നിനായി മാര്‍ട്ടിന്‍ സുബിമെന്‍ഡിയും മൈക്കല്‍ ഒയാര്‍സബാലും ഗോള്‍ കണ്ടെത്തിയപ്പോള്‍ നുനോ മെന്‍ഡിസും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിനായി ഗോള്‍ കണ്ടെത്തിയത്. ആഡ് ഓണ്‍ ടൈമിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടന്നു.

പോര്‍ച്ചുഗലിനായി കിക്കെടുത്ത ഗോണ്‍സാലോ റാമോസ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, നുനോ മെന്‍ഡിസ്, റൂബന്‍ നീവ്‌സ് എന്നിവര്‍ പന്ത് വലയിലെത്തിച്ചു. സ്‌പെയ്‌നിനായി മൈക്കല്‍ മെറിനോ, അലക്‌സ് ബയേന, ഇസ്‌കോ എന്നിവര്‍ പന്ത് വലയിലെത്തിച്ചു. നാലാം കിക്കെടുത്ത ഇസ്‌കോയ്ക്ക് പിഴയ്ക്കുകയും പോര്‍ച്ചുഗലിന്റെ അഞ്ചാം കിക്ക് വലയിലെത്തുകയും ചെയ്തതോടെ അവസാന ഷോട്ടിന് മുമ്പ് തന്നെ സ്‌പെയ്ന്‍ പരാജയപ്പെട്ടു.

റൊണാള്‍ഡോയുടെ കരിയറിലെ 36ാം ട്രോഫിയാണിത്. പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം മൂന്ന് കരീടം സ്വന്തമാക്കിയ താരം വിവിധ ക്ലബ്ബുകള്‍ക്കൊപ്പമാണ് ശേഷിച്ച ടൈറ്റിലുകള്‍ സ്വന്തമാക്കിയത്.

റയല്‍ മാഡ്രിഡിനൊപ്പമാണ് റൊണാള്‍ഡോ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. 16 എണ്ണം. രണ്ട് ലാലിഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ ഡി എസ്പാന, നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയാണ് ലോസ് ബ്ലാങ്കോസ് ജേഴ്‌സിയില്‍ റോണോ സ്വന്തമാക്കിയത്.

പത്ത് കിരടങ്ങളാണ് പോര്‍ച്ചുഗല്‍ ലെജന്‍ഡ് ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിച്ചത്. മൂന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, രണ്ട് ഇ.എഫ്.എല്‍ കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് എന്നിവയ്‌ക്കൊപ്പം ഓരോ തവണ ചാമ്പ്യന്‍സ് ലീഗും എഫ്.എ കപ്പും താരം സ്വന്തമാക്കി.

സീരി എ യില്‍ അഞ്ച് കിരീടവും (രണ്ട് ലീഗ് കിരീടം, രണ്ട് സൂപ്പര്‍ കോപ്പ ഇറ്റാലിയാന, ഒരു കോപ്പ ഇറ്റാലിയ), അല്‍ നസറില്‍ ഒരു കിരീടവും (അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ്) എന്നിവയും താരം സ്വന്തമാക്കി.

പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ രണ്ട് യുവേഫ നേഷന്‍സ് കപ്പും ഒരു യുവേഫ യൂറോ കപ്പുമാണ് താരം സ്വന്തമാക്കിയത്.

കരിയറില്‍ ഏറ്റവുമധികം ട്രോഫികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് മാത്രമാണ് റൊണാള്‍ഡോ. റൊണാള്‍ഡോയേക്കാള്‍ പത്ത് ട്രോഫി അധികം നേടിയ ലയണല്‍ മെസിയാണ് പട്ടികയില്‍ ഒന്നാമന്‍.

കരിയറില്‍ ഏറ്റവുമധികം കിരീടം നേടിയ താരങ്ങള്‍

(താരം – കിരീടം എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – 46

ഡാനി ആല്‍വ്‌സ് – 41

ആന്ദ്രേ ഇനിയേസ്റ്റ് – 40

മാര്‍ക്വിന്യോസ് – 37

ജെറാര്‍ഡ് പിക്വെ – 37

ഡേവിഡ് ആല്‍ബ – 37

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 36*

റയാന്‍ ഗിഗ്‌സ് – 36

കരീം ബെന്‍സെമ – 36

സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് – 36

മാക്‌സ്‌വെല്‍ ഷീറെര്‍ – 36

അര്‍ജന്റൈന്‍ ദേശീയ ടീം അടക്കം നാല് ടീമുകള്‍ക്ക് വേണ്ടിയാണ് മെസി തന്റെ കരിയറില്‍ കിരീടം സ്വന്തമാക്കിയത്.

താന്‍ പന്തുതട്ടി കളിയടവ് പഠിച്ച ബാഴ്‌സലോണക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാലീഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണയാണ് മെസി കറ്റാലന്‍മാര്‍ക്കൊപ്പം കിരീടവുമായി പോഡിയത്തിലേറിയത്.

 

ദേശീയ ടീമിനൊപ്പമാണ് മെസി ശേഷം ഏറ്റവുമധികം കിരീടം നേടിയത്. ആറെണ്ണം. 2024 കോപ്പ അമേരിക്ക കിരീടത്തിന് പുറമെ 2020 കോപ്പ അമേരിക്ക കിരീടവും ഖത്തര്‍ ആതിഥേയരായ 2022 ലോകകപ്പും ഫൈനലിസിമ കിരീടവും മെസി അര്‍ജന്റീനയെ ചൂടിച്ചു.

2020 കോപ്പ അമേരിക്കയുടെ സൂപ്പര്‍ ക്ലാസിക്കോ ഫൈനലില്‍ ചിര വൈരികളായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മുത്തമിട്ടത്. യൂറോ ചാമ്പ്യന്‍മാരായെത്തിയ അസൂറികളായിരുന്നു ഫൈനലിസിമയില്‍ മെസിയുടെയും സംഘത്തിന്റെയും എതിരാളികള്‍.

പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ നേടിയ മെസി ഇന്റര്‍ മയാമിക്കൊപ്പം രണ്ട് കീരീടവും തന്റെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.

 

Content Highlight: Cristiano Ronaldo wins 36th trophy of his career