ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ തയ്യാറായില്ല; വിശദീകരണവുമായി റൊണാള്‍ഡോ
Sports News
ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ തയ്യാറായില്ല; വിശദീകരണവുമായി റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd July 2025, 12:06 pm

ഫുട്ബോള്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്തിടെ തന്റെ ക്ലബ്ബായ അല്‍ നസറുമായി രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടിയിരുന്നു. 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ ഇതോടെ 2027 വരെ ക്ലബ്ബിനൊപ്പമുണ്ടാകും. ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ കഴിയുന്നതോടെ പോര്‍ച്ചുഗീസ് വമ്പന്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലായിരുന്നു ഫുട്ബോള്‍ ലോകം.

മാത്രമല്ല നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ താരത്തെ പങ്കെടുപ്പിക്കാന്‍ പല ക്ലബ്ബുകളും മുന്നോട്ടുവന്നെങ്കിലും റൊണാള്‍ഡോ ക്ലബ് ലോകകപ്പ് കളിക്കുന്നില്ല എന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ താന്‍ ക്ലബ്ബ് ലോകകപ്പ് കളിക്കാത്തതിനെപറ്റി സംസാരിക്കുകയാണ് റൊണാള്‍ഡോ.

ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ തനിക്ക് ചില ഓഫറുകള്‍ ഉണ്ടായിരുന്നെന്നും പക്ഷെ അത് ഉചിതമായി തോന്നിയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. വരാനിരിക്കുന്ന ലോകകപ്പ് സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതായതിനാല്‍ വിശ്രമവും തയ്യാറെടുപ്പും നടത്തേണ്ടത് അനിവാര്യമാണന്നും സൂപ്പര്‍ താരം സൂചിപ്പിച്ചു. അല്‍ നസിറിന് വേണ്ടി മാത്രമല്ല ദേശീയ ടീമിന് വേണ്ടിയും താന്‍ തയ്യാറാകണമെന്നും അതിനാലാണ് നാഷന്‍സ് ലീഗിന്റെ ഫൈനലില്‍ കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ഓഫറുകള്‍ ഉണ്ടായിരുന്നു, പക്ഷെ അത് ഉചിതമായി തോന്നിയില്ല. മാത്രമല്ല എനിക്ക് നന്നായി വിശ്രമിക്കുകയും തയ്യാറെടുക്കുകയും വേണം, കാരണം വര്‍ഷാവസാനം ലോകകപ്പ് സീസണ്‍ ആയതിനാല്‍ ഈ സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതായിരിക്കും.

അല്‍ നസറിന് വേണ്ടി മാത്രമല്ല, ദേശീയ ടീമിനും വേണ്ടി കളിക്കാനും ഞാന്‍ തയ്യാറായിരിക്കണം. അതുകൊണ്ടാണ് നേഷന്‍സ് ലീഗിലെ ഫൈനല്‍ മത്സരം ഞാന്‍ കളിച്ചതും, മറ്റൊന്നിനും ചെവികൊടുക്കാതിരുന്നതും. മാത്രമല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ക്ലബ്ബ് കൂടിയാണിത്,’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞത്.

ഇതോടെ 2026ല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ തന്റെ സ്ഥാനമുറപ്പിക്കുമെന്നത് ഏറെ കുറേ ഉറപ്പായിരിക്കുകയാണ്. അതേസമയം കഴിഞ്ഞ നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയ്‌നിനെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി റോണോയും സംഘവും പോര്‍ച്ചുഗലിന് വേണ്ടി രണ്ടാം കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ന്യൂനോ മെന്‍ഡിസും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ് പോര്‍ച്ചുഗലിന് വേണ്ടി ഗോള്‍ നേടിയത്. റോണോയുടെ ഗോളിലാണ് പോര്‍ച്ചുഗല്‍ സമനിലയിലെത്തിയത്.

സ്‌പെയ്‌നിന് വേണ്ടി മാര്‍ട്ടിന്‍ സുബിമെന്‍ഡിയും മൈക്കെല്‍ ഒയാര്‍സബലുമാണ് ഗോള്‍ നേടിയത്. ഫൈനല്‍ വിസിലിന് ശേഷം പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 5-3ന് വിജയം നേടുകയും ചെയ്തു. ഇനി എല്ലാ ഫുട്‌ബോള്‍ ആരാധകരും കാത്തിരിക്കുന്നത് ഫിഫ ലോകകപ്പിനാണ്.

Content Highlight: Cristiano Ronaldo Talks About 2026 Football World Cup And Club World Cup