ആരാണ് മികച്ചതെന്ന് കാലം പറയും; മെസിയോക്കാള്‍ മികച്ചത് ആരാണെന്ന ചോദ്യത്തിന് മറുപടിയുമായി റോണോ
ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. എന്നിരുന്നാലും ഇരുവരിലും ആരാണ് കേമന്‍ എന്ന ഫാന്‍ ഫൈറ്റ് ഇപ്പോഴും അറ്റം കാണാതെ നീങ്ങുകയാണ്. ഇപ്പോള്‍ ആരാണ് ഇരുവരിലും മികച്ച താരമെന്ന മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
‘മെസി നിങ്ങളേക്കാള്‍ മികച്ചതാണെന്ന് പലരും പറയുന്നു, ഈ അഭിപ്രായത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്’ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘തനിക്കതിനോട് യോജിപ്പില്ലെന്നാണ്’ റോണോ പ്രതികരിച്ചത്. മാത്രമല്ല താന്‍ ഒരിക്കലും മെസിയെക്കാള്‍ മോശമായിട്ടില്ലെന്നും ഇക്കാര്യത്തില്‍ താന്‍ എളിമയുള്ളവനല്ലെന്നും റോണോ പറഞ്ഞു. ഓരോരുത്തരും സ്വന്തം വഴിയിലൂടെയാണ് റെക്കോര്‍ഡുകള്‍ നേടുന്നതും ചരിത്രം സൃഷ്ടിക്കുന്നതെന്നും റോണോ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ഇതിനോട് യോജിപ്പില്ല. ഞാന്‍ ഒരിക്കലും മെസിയെക്കാള്‍ മോശമായിട്ടില്ല. ഇക്കാര്യത്തില്‍ ഞാന്‍ എളിമയുള്ളവനായിരിക്കില്ല. നമ്മള്‍ ഓരോരുത്തരും നമ്മുടെ സ്വന്തം വഴിക്ക് പോയി, സ്വന്തം ശൈലിയും റെക്കോര്‍ഡുകളുകള്‍ കൊണ്ട് ചരിത്രം സൃഷ്ടിച്ചു. പക്ഷേ എന്റെ കരിയറില്‍, ഞാന്‍ വാക്കുകള്‍ കൊണ്ട് മാത്രമല്ല, ഫലങ്ങളിലൂടെയും സംസാരിച്ചു.
മെസിയെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം വളരെ വലിയ കളിക്കാരനാണ്. പക്ഷേ ഞാന്‍ എന്റെ ജോലി ചെയ്ത്, എന്റെ സ്വന്തം റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഞങ്ങള്‍ രണ്ടുപേരും ഒരു പ്രധാന മുദ്രകള്‍ പതിപ്പിച്ചു. ആരാണ് മികച്ചതെന്ന് കാലം പറയും,’ പോര്‍ച്ചുഗീസ് താരം പറഞ്ഞു.
അതേസമയം ഫുട്ബോള്‍ ചരിത്രത്തിലെ മിക്ക നേട്ടങ്ങളും സ്വന്തമാക്കിയ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് കിരീടം നേടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ അല്‍ നസറിന് വേണ്ടി കളിക്കുന്ന റോണോ വരാനിരിക്കുന്ന സീസണില്‍ ലോക കിരീടം ലക്ഷ്യം വെച്ചാകും കളത്തിലിറങ്ങുക.
മാത്രമല്ല ഫുട്ബോള്‍ ചരിത്രത്തില്‍ 1000 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ലക്ഷ്യത്തിലേക്കും നടന്നടുക്കുകയാണ് റൊണാള്‍ഡോ. ഫുട്ബോളില്‍ നിലവില്‍ 1294 മത്സരങ്ങളില്‍ നിന്ന് 950 ഗോളുകളാണ് താരം നേടിയത്. അതില്‍ 100 ഗോളുകള്‍ വ്യത്യസ്തമായ അഞ്ച് ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ് താരം നേടിയത്. അതേസമയം മെസി ഫുട്‌ബോള്‍ കരിയറില്‍ 890 ഗോളുകളാണ് നേടിയത്. ലോകകപ്പ് ഉള്‍പ്പെടെ നേടിയ മെസി സ്വന്തമാക്കാന്‍ ഇനി നേട്ടങ്ങളൊന്നും ബാക്കിയില്ല.
Content Highlight: Cristiano Ronaldo Talking About Who Is Best In Football