ഡബിളുമായി റോണോ; സൂപ്പര്‍നേട്ടത്തില്‍ മെസിയെ മറികടന്ന് രണ്ടാമത്
Football
ഡബിളുമായി റോണോ; സൂപ്പര്‍നേട്ടത്തില്‍ മെസിയെ മറികടന്ന് രണ്ടാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th September 2025, 7:23 am

ലോക ഫുട്‌ബോളില്‍ ഗോളടി തുടര്‍ന്ന് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം നടന്ന ഫിഫ 2026 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരം വീണ്ടും പോര്‍ച്ചുഗലിനായി വല കുലുക്കിയത്. അര്‍മേനിയക്കെതിരെ മത്സരത്തിലാണ് താരത്തിന്റെ ഇരട്ട ഗോള്‍ നേട്ടം.

ഇതോടെ ആരാധകരുടെ റോണോ ഒരു സൂപ്പര്‍ നേട്ടത്തിലെത്തി. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമാകാനാണ് പോര്‍ച്ചുഗല്‍ നായകന് സാധിച്ചത്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ മറികടന്നാണ് താരം ഈ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

അര്‍മേനിയക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ റോണയ്ക്ക് ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ഗോള്‍ നേട്ടം 38 ആക്കി ഉയര്‍ത്താന്‍ സാധിച്ചു. മെസിയ്ക്ക് 36 ഗോളുകളാണ് ഉള്ളത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങള്‍, ടീം, എണ്ണം

കാര്‍ലോസ് റൂയിസ് – ഗ്വാട്ടിമാല – 39

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍ – 38

ലയണല്‍ മെസി – അര്‍ജന്റീന – 36

അലി ദേയ് – ഇറാന്‍ – 35

റോബര്‍ട്ട് ലെവന്‍ഡോസ്‌കി – പോളണ്ട് – 31

അതേസമയം, പോര്‍ച്ചുഗല്‍ കഴിഞ്ഞ ദിവസം സൂപ്പര്‍ വിജയമാണ് നേടിയെടുത്തത്. എതിരാളികളുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകളാണ് പോര്‍ച്ചുഗലിന്റെ വിജയം. ജോവോ ഫെലിക്‌സിന്റെയും റൊണാള്‍ഡോയുടെയും ഇരട്ട ഗോളിന്റെ മികവിലാണ് ടീം അര്‍മേനിയയെ തകര്‍ത്തത്.

പോര്‍ച്ചുഗലിനായി ആദ്യ വെടി പൊട്ടിച്ചത് ഫെലിക്സായിരുന്നു. 10ാം മിനിട്ടിലാണ് താരം ടീമിന് ലീഡ് നല്‍കിയത്. ഏറെ വൈകാതെ ടീമിനായി റോണാ രണ്ടാം ഗോള്‍ കണ്ടെത്തി. 21ാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

32ാം മിനിട്ടില്‍ ജാവോ ക്യാന്‍സലോ മൂന്നാം തവണ വല കുലുക്കി. അതോടെ കൂടി ഒന്നാം പകുതിയ്ക്ക് വിരാമമായി. രണ്ടാം പകുതി റോണോയുടെ ഗോളിലൂടെയാണ് തുടക്കമായത്. 46ാം മിനിട്ടില്‍ പന്ത് വലയിലെത്തിച്ച് റോണോ തന്റെ രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി.

15 മിനിട്ടുകള്‍കം തന്നെ ടീമിന്റെ അഞ്ചാം ഗോളുമെത്തി. ഫെലിക്സായിരുന്നു ഇത്തവണ ഗോളടിച്ചത്. അതോടെ ടീമിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി തന്റെ ഡബിളും താരം കുറിച്ചു. പിന്നീടും മുന്നേറ്റങ്ങളുമായി പോര്‍ച്ചുഗല്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും അതേ സ്‌കോര്‍ ഫൈനല്‍ വിസിലെത്തി.

Content Highlight: Cristiano Ronaldo surpassed Lionel Messi for the second most all time goals in World Cup Qualifiers