യുണൈറ്റഡില്‍ റൊണാള്‍ഡോ നേടിയ റെക്കോഡിനൊപ്പം സിറ്റിയിലെ ഹാലണ്ട്; റയലിനെ തൂക്കിയടിച്ച് ഇവന്‍ മുന്നോട്ട്...!
Sports News
യുണൈറ്റഡില്‍ റൊണാള്‍ഡോ നേടിയ റെക്കോഡിനൊപ്പം സിറ്റിയിലെ ഹാലണ്ട്; റയലിനെ തൂക്കിയടിച്ച് ഇവന്‍ മുന്നോട്ട്...!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th December 2025, 2:19 pm

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് (വ്യാഴം) നടന്ന മത്സരത്തില്‍ റയല്‍ മാന്‍ഡ്രിഡിനെ തകര്‍ത്ത് മിന്നും വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയത്. ഈസ്റ്റഡിയോ ബെര്‍ണാബ്യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാന്‍ഡ്രിഡ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ 35ാം മിനിട്ടില്‍ നിക്കോ ഒറെയ്‌ലിയും 43ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ എര്‍ലിങ് ഹാലണ്ടുമാണ് മാഞ്ചസ്റ്ററിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഹാലണ്ടിന് സാധിച്ചിരിക്കുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ നേട്ടത്തിനൊപ്പമെത്താനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ രാജകുമാരന്‍ ഹാലണ്ടിന് സാധിച്ചത്. യുണൈറ്റഡില്‍ റോണോ 346 മത്സരത്തില്‍ നിന്ന് 145 ഗോളുകളാണ് സ്വന്തമാക്കിയത്.

എന്നാല്‍ സിറ്റിയില്‍ വെറും 167 മത്സരങ്ങളില്‍ നിന്നാണ് ഹാലണ്ട് 145 ഗോള്‍ നേട്ടത്തിലെത്തിയത്. റോണോയേക്കാള്‍ അതിവേഗമാണ് ഹാലണ്ട് സിറ്റില്‍ ഈ നേട്ടത്തിലെത്തിയത് എന്നത് എടുത്ത് പറയേണ്ടതാണ്. അതേസമയം ചാമ്പ്യന്‍സ് ലീഗിലെ 54 മത്സരങ്ങളില്‍ നിന്ന് 55 ഗോളുകള്‍ സ്വന്തമാക്കി മികച്ച പ്രകടനമാണ് ഹാലണ്ട് കാഴ്ചവെക്കുന്നത്.

അതേസമയം മത്സരത്തില്‍ റയലിന് വേണ്ടി റോഡ്രിഗോയ്ക്ക് മാത്രമാണ് ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചത്.
ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും മാഞ്ചസ്റ്ററിന് സാധിച്ചിരിക്കുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും സമനിലയും സ്വന്തമാക്കിയാണ് സിറ്റി മുന്നേറുന്നത്. 13 പോയിന്റാണ് സിറ്റിക്കുള്ളത്.

അതേസമയം ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് റയലിനുള്ളത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഴ്സണലാണ് ആറ് മത്സരങ്ങളില്‍ ആറും വിജയിച്ചാണ് ടീം തങ്ങളുടെ ഡോമിനേഷന്‍ തുടരുന്നത്. 18 പോയിന്റാണ് ടീമിനുള്ളത്.

Content Highlight: Cristiano Ronaldo scored 145 goals for Manchester United while Erling Haaland scored 145 goals for Manchester City