ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആര് എന്ന തര്‍ക്കം ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തില്‍ ആരാധകര്‍ ഇപ്പോഴും രണ്ട് അഭിപ്രായക്കാരാണ്.
മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.
ഫുട്‌ബോള്‍ ലോകത്ത് മെസി vs റൊണാള്‍ഡോ പോലെ ഒരു റൈവല്‍റിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് റൊണാള്‍ഡോ. ഇത്തരമൊരു റൈവല്‍റി ഉടലെടുത്താല്‍ അത് ഫുട്‌ബോളിന് എന്തുകൊണ്ടും ഗുണകരമാണെന്ന് പറഞ്ഞ താരം എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിക്കാനുള്ള സാധ്യതകള്‍ നന്നേ കുറവാണെന്നും അഭിപ്രായപ്പെട്ടു.
ലാ സെക്സ്റ്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങനെ സംഭവിക്കട്ടെയെന്നാണ് ഞാന്‍ അഗ്രഹിക്കുന്നത്. അത് ഫുട്‌ബോളിന് ഏറെ ഗുണം ചെയ്യും. എന്നാല്‍ അത് സംഭവിക്കാനുള്ള സാധ്യതകള്‍ തീര്‍ത്തും ചെറുതാണ്,’ റൊണാള്‍ഡോ പറഞ്ഞു.
2008ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ നേടുകയും ലയണല്‍ മെസി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തതോടെയാണ് മെസി vs ക്രിസ്റ്റിയാനോ റൈവല്‍റിക്ക് തുടക്കമായത്. ഇരു താരങ്ങളും ശേഷം പരസ്പരം മത്സരിച്ചാണ് തങ്ങളുടെ കരിയറില്‍ സ്വപ്‌ന നേട്ടങ്ങളിലെത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തിയതോടെ ഈ റൈവല്‍റിക്ക് മൂര്‍ച്ചയേറി. റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായും ലയണല്‍ മെസി ബാഴ്‌സലോണയ്ക്കായും ബൂട്ടുകെട്ടിയപ്പോള്‍ ലാ ലിഗ കൂടുതല്‍ ആവേശകരമായി.