ഈ നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനിയും കാത്തിരിക്കണം; ഇത്തിഹാദിനോടും തോറ്റു!
Sports News
ഈ നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനിയും കാത്തിരിക്കണം; ഇത്തിഹാദിനോടും തോറ്റു!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 3:31 pm

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെതിരെ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരാജയപ്പെട്ടത്.

മത്സരത്തില്‍ മൂന്നാം മിനിട്ടില്‍ സാദിയോ മാനെ അല്‍നസറിനായി ആദ്യ ഗോള്‍ നേടിക്കൊടുത്തപ്പോള്‍ ഐമാന്‍ യഹ്യ 37ാം മിനിട്ടിലും ഇത്തിഹാദിന്റെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ 49ാം മിനിട്ടില്‍ കരിം ബെന്‍സെമ അല്‍ നസറിന്റെ പോസ്റ്റില്‍ നിറയൊഴിച്ച് തുടക്കമിട്ടു. അധികം വൈകാതെ ഇത്തിഹാദിന്റെ എന്‍ഗോളോ കാന്റെ 52ാം മിനിട്ടില്‍ സമനില ഗോള്‍ നേടി.

ശേഷം മത്സരത്തിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ലെ എക്‌സ്ട്രാ ടൈമില്‍ ഹൊസൈന്‍ അഓറയും മൗസാ ദൈബിയും ഗോള്‍ നേടി ഇത്തിഹാദിന് ലീഡ് നല്‍കുകയും വിജയത്തിലെത്തിക്കുകയും ചെയ്തു.

മത്സരത്തില്‍ അല്‍ നസറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല. ഒരു ഗോള്‍ പോലും താരത്തിന് നേടാനായില്ല എന്നത് ടീമിന് വലിയ തിരിച്ചടിയായി. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള താരത്തിന്റെ കാത്തിരിപ്പും നീളുകയാണ്. ഇനി വെറും മൂന്ന് ഗോള്‍ കൂടെ സ്വന്തമാക്കിയാല്‍ റോണോയ്ക്ക് അല്‍ നസറിന് വേണ്ടി 100 ഗോള്‍ നേടാനുള്ള അവസരമാണ് മുന്നിലുള്ളത്.

മാത്രമല്ല കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് താരം കുതിക്കുന്നത്. നിലവില്‍ 934 ഗോളുകളാണ് റോണോ നേടിയത്. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റൊണാള്‍ഡോ 2026 ഫിഫ ലോകകപ്പിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ സൗദി പ്രൊലീഗില്‍ നാലാം സ്ഥാനത്താണ് അല്‍ നസര്‍. 30 മത്സരങ്ങളില്‍ നിന്ന് 18 വിജയവും ആറ് സമനിലയും ആറ് തോല്‍വിയും ഉള്‍പ്പെടെ 60 പോയിന്റ് ആണ് അല്‍ നസറിനുള്ളത്. ഒന്നാം സ്ഥാനത്ത് അല്‍ ഇത്തിഹാദ് ആണ്. 30 മത്സരങ്ങളില്‍ നിന്നും 22 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 71 പോയിന്റ് ആണ് ടീമിന്.

 

Content Highlight: Cristiano Ronaldo Need Three Goals To Achieve Great Record In Al Nasser