ഫുട്‌ബോള്‍ ലോകം അടക്കിവാഴാന്‍ റോണോ; ഇരട്ടറെക്കോഡ് തൂക്കാന്‍ വേണ്ടത് വെറും മൂന്ന് ഗോള്‍!
Sports News
ഫുട്‌ബോള്‍ ലോകം അടക്കിവാഴാന്‍ റോണോ; ഇരട്ടറെക്കോഡ് തൂക്കാന്‍ വേണ്ടത് വെറും മൂന്ന് ഗോള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 7th May 2025, 7:07 pm

സൗദി പ്രോ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറും അല്‍ ഇത്തിഹാദുമാണ് ഏറ്റുമുട്ടുന്നത്. അല്‍ അവ്വല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തിന് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

വരാനിരിക്കുന്ന മത്സരത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കും. അല്‍ നസറിന് വേണ്ടി 100 ഗോള്‍ നേടാനുള്ള അവസരമാണ് റോണോയുടെ മുന്നിലുള്ളത്. ഇതിനായി വെറും മൂന്ന് ഗോളിന്റെ ദൂരം മാത്രമാണ് റൊണാള്‍ഡോയ്ക്ക് ഉള്ളത്.

ഈ തകര്‍പ്പന്‍ നേട്ടത്തിനു പുറമേ ഫുട്‌ബോള്‍ ചരിത്രത്തിലെ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും റൊണാള്‍ഡോയ്ക്ക് സാധിക്കും. അഞ്ച് വ്യത്യസ്ത ടിമുകള്‍ക്ക് വേണ്ടി 100 ഗോള്‍ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്.

റൊണാള്‍ഡോ 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയ ക്ലബ്ബുകള്‍. (ടീം, ഗോള്‍ എന്ന ക്രമത്തില്‍)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 145

റയല്‍ മാഡ്രിഡ് – 450

യുവന്റസ് – 101

പോര്‍ച്ചുഗല്‍ – 135

അല്‍ നസര്‍ – 97*

ഇതിനെല്ലാം പുറമേ ഫുട്‌ബോള്‍ ലോകത്ത് ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് റൊണാള്‍ഡോ. കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് താരം കുതിക്കുന്നത്. നിലവില്‍ 934 ഗോളുകളാണ് റോണോ നേടിയത്. തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന റൊണാള്‍ഡോ 2026 ഫിഫ ലോകകപ്പിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നിലവില്‍ സൗദി പ്രൊലീഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. 29 മത്സരങ്ങളില്‍ നിന്ന് 18 വിജയവും ആറ് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 60 പോയിന്റ് ആണ് അല്‍ നസറിനുള്ളത്. ഒന്നാം സ്ഥാനത്ത് അല്‍ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളില്‍ നിന്നും 21 വിജയവും 5 സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 68 പോയിന്റ് ആണ് ടീമിന്.

 

Content Highlight: Cristiano Ronaldo Need Three Goal To Achieve Great Record In Football World