ചരിത്രം കാത്തിരിക്കുന്നത് ഒറ്റ ഗോള്‍; ലോക റെക്കോര്‍ഡിനരികെ റൊണാള്‍ഡോ
Football
ചരിത്രം കാത്തിരിക്കുന്നത് ഒറ്റ ഗോള്‍; ലോക റെക്കോര്‍ഡിനരികെ റൊണാള്‍ഡോ
Sudev A
Saturday, 23rd May 2026, 5:34 pm

2026 ലോക ഫുട്ബോള്‍ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. മെക്സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരുടെ അവസാന ലോകകപ്പെന്ന പ്രത്യേകതയുമുണ്ട്.

ഇതുവരെ തന്റെ കരിയറില്‍ സ്വന്തമാക്കാന്‍ സാധിക്കാത്ത ലോക കിരീടം പോര്‍ച്ചുഗലിനോപ്പം സ്വന്തമാക്കാനായിരിക്കും റൊണാള്‍ഡോ ഇത്തവണ ലക്ഷ്യം വെക്കുക.

ഈ ലോകകപ്പില്‍ റൊണാള്‍ഡോക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 2026 ലോകകപ്പില്‍ ഒരു ഗോള്‍ നേടിയാല്‍ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി റൊണാള്‍ഡോ മാറും.

2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളത്തിലിറങ്ങിയത്. ഈ ടൂര്‍ണമെന്റുകളിലെല്ലാം റൊണാള്‍ഡോ ലക്ഷ്യം കണ്ടിട്ടുണ്ട്. ആറാം ലോകകപ്പില്‍ കൂടി ഗോള്‍വേട്ട തുടര്‍ന്നാല്‍ പുതിയ ചരിത്രവും റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കും. റൊണാള്‍ഡോ ഇതുവരെ അഞ്ച് ലോകകപ്പുകളില്‍ 22 മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്.

റൊണാള്‍ഡൊക്കൊപ്പം മെസിയും അഞ്ച് ലോകകപ്പുകളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ മെസി എല്ലാ ലോകകപ്പുകളിലും ഗോള്‍ നേടിയിട്ടില്ല. 2010 ലോകകപ്പിലാണ് മെസി ഗോള്‍ സ്‌കോര്‍ ചെയ്യാത്തത്. എന്നാല്‍ ഈ ലോകകപ്പില്‍ കളത്തിലിറങ്ങുന്നതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിക്കുന്ന താരങ്ങളെന്ന നേട്ടം റൊണാള്‍ഡോയും മെസിയും കൈപ്പിടിയിലാക്കും.

നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും റൊണാള്‍ഡോയുടെ കാലുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. 2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ മൊറോക്കോയോട് പരാജയപ്പെട്ടതാണ് പോര്‍ച്ചുഗല്‍ പുറത്തായത്.

Content Highlight: Cristiano Ronaldo need one goal to create a new history in world cup

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.