| Friday, 23rd January 2026, 4:12 pm

35ാം വയസില്‍ 760 ഗോള്‍... പിന്നീടുള്ള അഞ്ച് വര്‍ഷത്തില്‍ പിറന്നത് ചരിത്രം; റോണോ യൂ ബ്യൂട്ടി...

ശ്രീരാഗ് പാറക്കല്‍

ഫുട്‌ബോളില്‍ വമ്പന്‍ പ്രകടനവുമായി മുന്നേറുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ജനുവരി 21ന് ദാമക്കിനെതിരെ നടന്ന മത്സരത്തിലും റോണോ ഗോള്‍ സ്വന്തമാക്കിയിരുന്നു.

50ാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത് ഇതോടെ ഫുട്‌ബോള്‍ കരിയറില്‍ 960 ഗോളുകള്‍ നേടാനാണ് താരത്തിന് സാധിച്ചത്. ഇനി വെറും 40 ഗോളുകള്‍ മാത്രം നേടിയാല്‍ ചരിത്രത്തില്‍ 1000 ഗോളുകള്‍ സ്വന്തമാക്കുന്ന ആദ്യ താരമാകാന്‍ 40കാരനായ റൊണാള്‍ഡോയ്ക്ക് സാധിക്കും.

പ്രായത്തെ പോലും വെല്ലുന്ന പോരാട്ട വീര്യംകൊണ്ട് കളിക്കളം നിറഞ്ഞാടുന്ന പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോ 35 വയസ് വരെ (ജനുവരി 20- 2021) 760 ഗോളുകളാണ് നേടിയത്. എന്നാല്‍ 40ാം വയസില്‍ (ജനുവരി 21 – 2026) 200 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചെടുത്തത്.

അതായത് വെറും അഞ്ച് കൊല്ലം കൊണ്ട് 200 ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു എന്ന് ചുരുക്കി പറയാം. മറ്റുതാരങ്ങള്‍ 40 വയസിനുള്ളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ റൊണാള്‍ഡോ കുതിപ്പ് തുടരുകയാണ്.

മാത്രമല്ല 497 ഗോളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ 30 വയസിന് ശേഷം 500 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമാകാനുള്ള അവസരവും റോണോയെ കാത്തിരിക്കുന്നുണ്ട്.

മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 16 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരിക്കുകയാണ്.

അതേസമയം സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം ജനുവരി 26നാണ്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ താവൂണാണ് എതിരാളികള്‍. നിലവില്‍ ലീഗിലെ അഞ്ചാം സ്ഥാനക്കാരാണ് അല്‍ താവൂണ്‍.

അല്‍നസര്‍ 16 മത്സരത്തില്‍ നിന്ന് 12 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ രണ്ടാം സ്ഥാനത്താണ്. 37 പോയിന്റാണ് ടീമിനുള്ളത്. അതേസമയം ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ 16 മത്സരങ്ങളില്‍ നിന്ന് 14 വിജയവും രണ്ട് സമനിലയുമായി 44 പോയിന്റ് നേടിയിട്ടുണ്ട്.

Content Highlight: Cristiano Ronaldo is still performing brilliantly in football at the age of 40th

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more