ഇരട്ട ഗോളില്‍ പിറന്നത് പുതു ചരിത്രം; വമ്പന്‍ നേട്ടത്തില്‍ മെസിയെ പിന്നിലാക്കി റൊണാള്‍ഡോ!
Sports News
ഇരട്ട ഗോളില്‍ പിറന്നത് പുതു ചരിത്രം; വമ്പന്‍ നേട്ടത്തില്‍ മെസിയെ പിന്നിലാക്കി റൊണാള്‍ഡോ!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th October 2025, 11:10 am

ലോകകപ്പ് ക്വാളിയറില്‍ പോര്‍ച്ചുഗലും ഹങ്കറിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ഈസ്റ്റഡിയോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് ഇരു ടീമുകളും നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പറങ്കിപ്പടയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്.

22ാം മിനിട്ടിലും ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമിലുമാണ് റോണോ എതിരാളികളുടെ വല കുലുക്കിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ലോകകപ്പ് ക്വാളിഫയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

41 ഗോളുകളാണ് റോണോ അടിച്ചെടുത്തത്. ഗ്വാട്ടിമാല താരം കാര്‍ലോസ് റൂയിസിനെ മറികടന്നാണ് റൊണാള്‍ഡോ ഈ റെക്കോഡ് നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. മാത്രമല്ല ഈ റെക്കോഡില്‍ 36 ഗോളുകളുമായി മൂന്നാം സ്ഥാനത്താണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി.

ലോകകപ്പ് ക്വാളിഫയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, ഗോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 41 (51 മത്സരങ്ങള്‍)

കാര്‍ലോസ് റൂയിസ് – 39 (47 മത്സരങ്ങള്‍)

ലയണല്‍ മെസി – 36 (72 മത്സരങ്ങള്‍)

ഡെയി – 35 (51 മത്സരങ്ങള്‍)

ലെവന്‍ഡോസ്‌കി – 32 (41 മത്സരങ്ങള്‍)

ഇതിനെല്ലാം പുറമെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 948 ഗോളുകളുമായി വമ്പന്‍ കുതിപ്പാണ് റൊണാള്‍ഡോ നടത്തുന്നത്. മാത്രമല്ല ഏറ്റവും കൂടുതല്‍ ഇന്റര്‍നാഷണല്‍ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റൊണാള്‍ഡോ. 142 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മെസിയാണ്.

അതേസമയം മത്സരത്തില്‍ ഹങ്കറിക്ക് വേണ്ടി അട്ടില സാലയ് എട്ടാം മിനിട്ടില്‍ ഗോള്‍ നേടിയാണ് മത്സരം ചൂട് പിടിപ്പിച്ചത്. അവസാന ഘട്ടത്തില്‍ എക്‌സ്ട്രാ ടൈമില്‍ ഡൊമിനിക് സൊബോസ്ലൈയുടെ ഗോളാണ് ഹങ്കറിയെ സമനിലയിലെത്തിച്ചത്. മത്സരത്തില്‍ ബോള്‍ കൈവശം വെക്കുന്നതിലും ഷൂട്ടിലും പാസിലുമെല്ലാം മുന്നില്‍ നിന്നത് പോര്‍ച്ചഗലായിരുന്നു. മത്സരത്തില്‍ അഞ്ച് കോര്‍ണറുകളാണ് പറങ്കിപ്പടയ്ക്ക് ലഭിച്ചത്.

Content Highlight: Cristiano Ronaldo In Great Record Achievement In World Cup Qualifier