ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി റൊണാള്‍ഡോ; അല്‍ നസറുമായി കരാര്‍ നീട്ടി!
Sports News
ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി റൊണാള്‍ഡോ; അല്‍ നസറുമായി കരാര്‍ നീട്ടി!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th June 2025, 8:02 pm

ഫുട്‌ബോള്‍ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവിലെ ക്ലബ്ബായ അല്‍ നസറുമായി രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടി. 2022ല്‍ ക്ലബ്ബില്‍ എത്തിയ 40കാരന്‍ ഇതോടെ 2027 വരെ ക്ലബ്ബിനൊപ്പമുണ്ടാകും.

‘കഥ തുടരും’ എന്ന അടിക്കുറിപ്പോടെ അല്‍ നസര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2027 എന്ന് എഴുതിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജേഴ്‌സി പങ്കുവെച്ചുള്ള ചിത്രവും ക്ലബ് പുറത്തുവിട്ടിട്ടുണ്ട്. റൊണാള്‍ഡോയും തന്റെ എക്‌സില്‍ നാസറുമായിട്ടുള്ള പുതിയ കരാറിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. ഒരേ അഭിനിവേശത്തോടെ, ഒരേ സ്വപ്നത്തോടെ, ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,’ റൊണാള്‍ഡോ പോസ്റ്റില്‍ പറഞ്ഞു.

ജൂണ്‍ 30ന് ക്ലബ്ബുമായുള്ള കരാര്‍ കഴിയുന്നതോടെ പോര്‍ച്ചുഗീസ് വമ്പന്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലായിരുന്നു ഫുട്‌ബോള്‍ ലോകം. ഇപ്പോള്‍ താരവും ക്ലബ്ബുമായിട്ടുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം ഇട്ടിരിക്കുകയാണ് അല്‍ നസര്‍. കഴിഞ്ഞ മാസം ‘ഈ അധ്യായം അവസാനിച്ചു’ എന്ന അടിക്കുറിപ്പോടെ റൊണാള്‍ഡോ ഒരു പോസ്റ്റ് പങ്കുവെച്ചതിനെത്തുടര്‍ന്ന് പലരും താരം ക്ലബ്ബ് മാറുമെന്ന് അവകാശപ്പെട്ടിരുന്നു.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ താരത്തെ പങ്കെടുപ്പിക്കാന്‍ പല ക്ലബ്ബുകളും മുന്നോട്ടുവന്നെങ്കിലും റൊണാള്‍ഡോ ക്ലബ് ലോകകപ്പ് കളിക്കുന്നില്ല എന്നായിരുന്നു പറഞ്ഞത്. ഇതുവരെ അല്‍ നസറിന് വേണ്ടി ഒരു ട്രോഫി പോലും നേടാന്‍ സാധിക്കാത്ത റൊണാള്‍ഡോ വരും സീസണില്‍ മികവ് പുലര്‍ത്തും എന്നാണ് ഏവരും വിശ്വസിക്കുന്നത്. 2024-25 സീസണില്‍ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ നിന്ന് മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത് അല്‍നസര്‍ പുറത്തായിരുന്നു.

സൗദി ക്ലബ്ബിനായി നിലവില്‍ 111 മത്സരങ്ങളില്‍ നിന്ന് 99 ഗോളുകള്‍ റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റൊണാള്‍ഡോയുടെ കുതിപ്പ്. നിലവില്‍ 938 ഗോളുകളാണ് താരം സ്വന്തമാക്കിയത്. ആയിരം ഗോള്‍ നേടുക എന്നതാണ് റൊണാള്‍ഡോയുടെ ലക്ഷ്യം.

Content Highlight: Cristiano Ronaldo extends his contract with Al Nassr for two years