1,000 പ്രൊഫഷണല്‍ ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരടി കൂടി അടുത്ത് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഖോലൂദിനെതിരായ ഗോളിന് പിന്നാലെ കരിയറില്‍ 961 ഗോള്‍ പൂര്‍ത്തിയാക്കിയാണ് എല്‍ ബിച്ചോ കുതിക്കുന്നത്. മത്സരത്തില്‍ ഒരു ഗോളാണ് താരം സ്വന്തമാക്കിയത്.
കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം. റോണോയ്ക്ക് പുറമെ മുഹമ്മദ് സിമാകന്‍, കിങ്‌സ്‌ലി കോമന്‍ എന്നിവരാണ് അല്‍ നസറിനായി ഗോള്‍ കണ്ടെത്തിയത്.
മത്സരത്തിന്റെ 47ാം മിനിട്ടില്‍ ജാവോ ഫെലിക്‌സിന്റെ അസിസ്റ്റിലാണ് താരം എതിരാളികളുടെ വലകുലുക്കിയത്. അല്‍ നസറിനായി താരത്തിന്റെ 117ാം ഗോളാണിത്.
കൗമാര താരമായിരിക്കെ പോര്‍ച്ചുഗലിന്റെ ഹൃദയത്തില്‍ പന്ത് തട്ടി തുടങ്ങിയ റോണോ ഇന്ന് ഫുട്‌ബോളിന്റെ ചരിത്രം തന്നെ തിരുത്തിയെഴുതാന്‍ ഒരുങ്ങുകയാണ്. കാല്‍പ്പന്തില്‍ അസാധ്യമെന്ന് വിലയിരുത്തിയ ആയിരം ഗോളെന്ന നേട്ടത്തിലേക്കാണ് താരം ഓടിയടുക്കുന്നത്.
തന്റെ ബോയ്ഹുഡ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് ഗോള്‍ നേടിയ താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുള്ള രണ്ട് റണ്ണില്‍ നിന്നുമായി 145 ഗോളുകളും വലയിലെത്തിച്ചു.
യുണെെറ്റഡിനൊപ്പം യു.സി.എല്‍ കിരീടവുമായി
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായിട്ടായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട റോണോ ലോസ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും പടിയിറങ്ങിയത്. നാല് യു.സി.എല്ലിനും രണ്ട് ലീഗ് കിരീടത്തിനും മൂന്ന് വീതം യുവേഫ സൂപ്പര്‍ കപ്പിനും ക്ലബ്ബ് ലോകകപ്പിനുമൊപ്പം 450 ഗോളുകളും റയല്‍ ജേഴ്‌സിയില്‍ താരം അടിച്ചുകൂട്ടി.
ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പുമായി
സീരി എ-യില്‍ യുവന്റസിനൊപ്പം 101 ഗോള്‍ പൂര്‍ത്തിയാക്കിയ താരം പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം 143 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഈ വിജയത്തോടെ സൗദി പ്രോ ലീഗില്‍ ചിര വൈരികളായ അല്‍ ഹിലാലുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാനും അല്‍ അലാമിക്ക് സാധിച്ചു.
18 മത്സരത്തില്‍ നിന്നും 14 ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 43 പോയിന്റാണ് ടീമിനുള്ളത്. 18 മത്സരത്തില്‍ നിന്നും 14 ജയവും നാല് സമനിലയുമായി 46 പോയിന്റോടെ അപരാജിതരായാണ് അല്‍ ഹിലാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സൗദി പ്രോ ലീഗില്‍ അല്‍ റിയാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഫെബ്രുവരി രണ്ടിന് നടക്കുന്ന മത്സരത്തിന് റിയാദാണ് വേദി.
Content Highlight: Cristiano Ronaldo completes 961 goals