| Sunday, 22nd February 2026, 8:49 am

500 നോട്ട് ഔട്ട്; ലെജന്റ്‌സ് പോലും കളി നിര്‍ത്തുന്ന പ്രായത്തില്‍ ഗോളടിച്ച് കൂട്ടി റൊണാള്‍ഡോ

ഫസീഹ പി.സി.

സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. അല്‍ ഹസീമിന് എതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തിലാണ് ടീം ജയം നേടിയത്. ഇതോടെ ലീഗില്‍ ഒന്നാമതെത്താന്‍ അല്‍ നസറിന് സാധിച്ചു.

മത്സരത്തില്‍ റൊണാള്‍ഡോ രണ്ട് തവണയാണ് അല്‍ ഹസീമിന്റെ വല കുലുക്കിയത്. 13ാം മിനിട്ടിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. കിങ്‌സിലി കോമാന്റെ പന്ത് സ്വീകരിച്ചായിരുന്നു ഈ ഗോള്‍ നേട്ടം.

സെക്കന്‍ഡ് ഹാഫിലായിരുന്നു റോണോയുടെ രണ്ടാം ഗോള്‍ പിറന്നത്. ഈ ഗോള്‍ എതിരാളികളുടെ നെഞ്ച് തുളച്ച് കയറിയത് 79ാം മിനിട്ടിലായിരുന്നു. ഇതോടെ ഫുട്‌ബോള്‍ കരിയറില്‍ താരം തന്റെ ഗോള്‍ നേട്ടം 964 ആയി ഉയര്‍ത്തി.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Fabrizio Romano/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും റോണോ തന്റെ പേരിനൊപ്പം ചേര്‍ത്തു. 30 വയസിന് ശേഷം 500 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം സ്വന്തമാക്കിയത്. അല്‍ ഹസീമിന് എതിരെ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്നെ താരം ഈ നേട്ടം തന്റെ അക്കൗണ്ടിലെത്തിച്ചിരുന്നു.

നിലവില്‍ റൊണാള്‍ഡോയ്ക്ക് 30 വയസിന് ശേഷം 501 ഗോളുകളുണ്ട്. ഇതില്‍ താരം ഏറ്റവും കൂടുതല്‍ ഗോളടിച്ചത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 162 തവണയാണ് താരം 30 വയസിന് ശേഷം ലോസ് ബ്ലാങ്കോസിനായി അടിച്ചത്. ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത് നിലവിലെ ക്ലബ്ബായ അല്‍ നസറാണ്.

സൗദി ക്ലബ്ബിനായി റൊണാള്‍ഡോ വല കുലുക്കിയത് 116 തവണയാണ്. ഈ ടീമുകള്‍ക്ക് പിന്നില്‍ യുവന്തസും പോര്‍ച്ചുഗലുമുണ്ട്. യുവന്തസിനായി 101 ഗോളുകള്‍ വലയിലെത്തിച്ചത് തന്റെ ദേശീയ കുപ്പായത്തില്‍ 91 തവണയും താരം എതിരാളികളുടെ വല നിറച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: Cristiano Ronaldo/x.com

ഈ ടീമുകള്‍ക്ക് പുറമെ മാഞ്ചെസ്റ്റര്‍ യൂണൈറ്റഡിനായും റോണോ ഈ കാലയളവില്‍ ബൂട്ട് കെട്ടി. റെഡ് ഡെവിള്‍സിനായി 27 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

അതേസമയം, മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് പുറമെ അല്‍ നസറിനായി കിങ്സ്ലി കോമനും ഏയ്ഞ്ചലോ ഗബ്രിയേലും ഗോള്‍ നേടി. 33ാം മിനിട്ടിലായിരുന്നു കോമന്റെ ഗോള്‍. ഗബ്രിയേലാകട്ടെ വല കുലുക്കിയത് 77ാം മിനിട്ടിലായിരുന്നു.

Content Highlight: Cristiano Ronaldo became first player to complete 500 goals after 30 years of age

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more