ഇത് 23ാം ഐ.സി.സി കിരീടം; ക്രിക്കറ്റ് ഓസ്‌ട്രേലിയ അഥവാ ലോക ക്രിക്കറ്റിന്റെ പര്യായം
icc world cup
ഇത് 23ാം ഐ.സി.സി കിരീടം; ക്രിക്കറ്റ് ഓസ്‌ട്രേലിയ അഥവാ ലോക ക്രിക്കറ്റിന്റെ പര്യായം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th November 2023, 10:17 pm

ലോക ക്രിക്കറ്റിലെ അതികായര്‍ തങ്ങള്‍ തന്നെയാണെന്ന് ഓസ്‌ട്രേലിയ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ചാമ്പ്യന്‍മാരാകുന്നതും ചാമ്പ്യന്‍ ടീമുകളെ തകര്‍ത്ത് ചാമ്പ്യന്‍മാരാകുന്നതും ശീലമാക്കിയാണ് ഓസ്‌ട്രേലിയ ക്രിക്കറ്റ് ലോകത്ത് പുതിയ കിരീടം കൂടി ശിരസ്സിലണിഞ്ഞത്.

2023 ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ആറാമത് ഐ.സി.സി മെന്‍സ് ഏകദിന കിരീടമാണ് കങ്കാരുക്കള്‍ സ്വന്തം മണ്ണിലെത്തിച്ചത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ 23ാമത് അന്താരാഷ്ട്ര കിരീടനേട്ടം കൂടിയായിരുന്നു ഓസ്‌ട്രേലിയക്കിത്.

 

വനിതാ ടീമുകളും പരുഷ ടീമുകളും പല തവണ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ വിജയത്തിന്റെ കൊടുമുടി കയറ്റി. 13 തവണ ഓസീസ് വനിതാ ടീം മഞ്ഞപ്പടയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ചപ്പോള്‍ 10 തവണയാണ് പുരുഷ ടീമിന്റെ നേട്ടം.

1978ല്‍ വനിതാ ടീമിലൂടെയാണ് ഓസീസ് ആദ്യമായി ലോകകിരീടത്തില്‍ മുത്തമിടുന്നത്. ഇന്ത്യ ആതിഥേയരായ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഓസീസ് കിരീടമണിഞ്ഞത്. ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ പെണ്‍പുലികളുടെ വിജയം.

1982ല്‍ നടന്ന രണ്ടാം ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ഓസീസ് വനിതകള്‍ കിരീടം നിലനിര്‍ത്തി. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം.

1987ല്‍ പുരുഷ ടീം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് അലന്‍ ബോര്‍ഡറും സംഘവും വിജയം സ്വന്തമാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

 

ശേഷം അഞ്ച് തവണ കൂടി പുരുഷ ടീം ഏകദിന കിരീടം സ്വന്തമാക്കിയപ്പോള്‍ നാല് തവണ കൂടി വനിതാ ടീമും ആ നേട്ടം ആവര്‍ത്തിച്ചു.

വനിതാ ടീം ഏഴ് തവണ ടി-20 ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഒരു തവണ മാത്രമാണ് ഓസീസ് പുരുഷ ടീമിന് കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരാകാന്‍ സാധിച്ചത്.

2006ലും 2009ലും ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട ഓസീസ് പുരുഷ ടീം 2021ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.

 

 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഐ.സി.സി കിരീടങ്ങള്‍

1978 – വനിതാ എകദിന ലോകകപ്പ് കിരീടം

1982 – വനിതാ എകദിന ലോകകപ്പ് കിരീടം

1987 – പുരുഷ എകദിന ലോകകപ്പ് കിരീടം

1988 – വനിതാ എകദിന ലോകകപ്പ് കിരീടം

1997 – വനിതാ എകദിന ലോകകപ്പ് കിരീടം

1999 – പുരുഷ എകദിന ലോകകപ്പ് കിരീടം

2003 – പുരുഷ എകദിന ലോകകപ്പ് കിരീടം

2005 – വനിതാ എകദിന ലോകകപ്പ് കിരീടം

2006 – ചാമ്പ്യന്‍സ് ട്രോഫി

2007 – പുരുഷ എകദിന ലോകകപ്പ് കിരീടം

2009 – ചാമ്പ്യന്‍സ് ട്രോഫി

2010 – വനിതാ ടി-20 ലോകകപ്പ് കിരീടം

2012 – വനിതാ ടി-20 ലോകകപ്പ് കിരീടം

2013 – വനിതാ ടി-20 ലോകകപ്പ് കിരീടം

2014 – വനിതാ ടി-20 ലോകകപ്പ് കിരീടം

2015 – പുരുഷ എകദിന ലോകകപ്പ് കിരീടം

2018 – വനിതാ ടി-20 ലോകകപ്പ് കിരീടം

2020 – വനിതാ ടി-20 ലോകകപ്പ് കിരീടം

2021 – പുരുഷ ടി-20 ലോകകപ്പ് കിരീടം

2022 – വനിതാ എകദിന ലോകകപ്പ് കിരീടം

2023 – വനിതാ ടി-20 ലോകകപ്പ് കിരീടം

2023 – വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്

2023 – പുരുഷ എകദിന ലോകകപ്പ് കിരീടം

 

Content highlight: Cricket Australia’s all ICC trophies