മാധ്യമ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം അങ്ങേയറ്റം ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ട്. ഇന്നും മാധ്യമ സ്ഥാപനങ്ങളിലെ തീരുമാനമെടുക്കുന്ന സ്ഥാനങ്ങളില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യമുള്ളത്. അവര്‍ക്കെതിരെ ഓണ്‍ലൈന്‍ ട്രോളിംഗ്, സ്ത്രീ-പുരുഷ വേതന വ്യത്യാസം (gender pay gap) തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നുണ്ട്. യൂണിയന്‍ നേതൃത്വ സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതും ഈ കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ്.
ജനാധിപത്യത്തിന്റ നിലനില്പിന് ആധാരമായ മാധ്യമങ്ങള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വമായ അട്ടിമറിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. ജനാധിപത്യത്തിന്റെ നിലനില്പിനാധാരവും നാലാം തൂണായി കണക്കാക്കപ്പെടുന്നതുമായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് അതിരിടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കി പകരം വ്യവസ്ഥാപിതമായ താല്പര്യങ്ങള്‍ക്ക് വിധേയപ്പെടാന്‍ സമ്മര്‍ദ്ദം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സര്‍ക്കാരിന്റെയും കുത്തക-ചങ്ങാത്ത മുതലാളിമാരുടെയും ഇടപെടലുകള്‍ക്ക് വിധേയമാണ്. നവമാധ്യമമായ ഡിജിറ്റല്‍ മീഡിയയെ തങ്ങളുടെ അധീനതയില്‍ വരുത്തുന്നതിനുള്ള കുതന്ത്രങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും സ്ട്രീമിങ് കണ്ടന്റ് നല്‍കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ- വെബ്സൈറ്റുകള്‍, ഓവര്‍-ദി-ടോപ്പ് (OTT) സേവനങ്ങള്‍ അല്ലെങ്കില്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടയില്‍ സ്‌പൈവെയര്‍ അടക്കം ഉപയോഗിച്ച് പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നത് തുടരുകയും ചെയ്യുന്നു. 2024 ജൂണിലാണ് തുടര്‍ച്ചയായ മൂന്നാം തവണയും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലേക്കെത്തിയത്.
വിജയിച്ചെത്തിയ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ മാധ്യമങ്ങളെ കൂടുതലായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല സംസ്ഥാനങ്ങളിലുള്ള ഭരണസംവിധാനങ്ങളും ഇതേ പാത പിന്തുടരുകയാണ്.
എല്ലാ അധികാരകേന്ദ്രങ്ങളും ജനങ്ങളോടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ മറന്ന് അധികാരം നിലനിര്‍ത്താനും കേന്ദ്രീകരിക്കാനും സ്വേച്ഛാധിപത്യപരമായ നയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരായ നടപടികള്‍, നിരീക്ഷണം, ഭീഷണിപ്പെടുത്തല്‍ കൂടാതെ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കല്‍, പോലീസ് കേസുകള്‍, ഏകപക്ഷീയമായ തടങ്കലുകള്‍ എന്നിവ ഒരു ഭാഗത്ത് നടത്തുന്നുണ്ട്.
മറ്റൊരു വശത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകള്‍ തുടങ്ങിയവയെല്ലാം ചെയ്തുവരുന്നുണ്ട്.
സര്‍ക്കാര്‍ പരസ്യങ്ങള്‍ തടഞ്ഞുവെച്ചുകൊണ്ട് മാധ്യമ സ്ഥാപനങ്ങളെ ഞെരിക്കുന്ന പതിവ് മാര്‍ഗങ്ങള്‍ ഇതിനെല്ലാം പുറമെ തുടരുന്നുണ്ട്. ദേശീയ സുരക്ഷ, ക്രമസമാധാന പരിപാലനം, തെറ്റായ വിവരങ്ങള്‍ തടയല്‍- തുടങ്ങിയവയുടെ പേരില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരെ തുടര്‍ച്ചയായ കടന്നുകയറ്റം നടക്കുന്നുണ്ട്.
2024-ലെ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് അനുസരിച്ച് കൃത്രിമമായി നിര്‍മ്മിച്ചതും വ്യാജവിവരങ്ങള്‍ ഉപയോഗിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിന്റെ ഭവിഷ്യത്തുകള്‍ വരും ദിനങ്ങളില്‍ തന്നെയുണ്ടാകും. ലോകം നേരിടാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ അപകടം കൂടിയാണിത്.
വിഷയങ്ങള്‍ അറിയാതെയും തെറ്റിദ്ധാരണ കൊണ്ടും ആഗോളതലത്തില്‍ തന്നെ ആളുകള്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ ഉദ്ദേശത്തോടെ (propaganda) തന്നെ തെറ്റായ വിവരങ്ങള്‍ ആളുകള്‍ പങ്കുവെക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിന്റെ അപകടസാധ്യത ഏറ്റവും ഉയര്‍ന്ന തോതില്‍ ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക പുരോഗതിയുടെ ഭാഗമായി ഉള്ളടക്കങ്ങളും വാര്‍ത്തകളും നിര്‍മ്മിക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ഉപയോഗം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. അതേസമയം തന്നെ കോവിഡ് മഹാമാരിയുടെ സമയത്തും അതിനുശേഷവും പ്രാദേശിക ചെറുകിട മാധ്യമ സ്ഥാപനങ്ങളും വലിയ മാധ്യമ സ്ഥാപനങ്ങളും പലതരം കാരണങ്ങളാല്‍ ഇപ്പോഴും അടച്ചുപൂട്ടല്‍ തുടരുകയും ചെയ്യുന്നു. അതിനിടയില്‍ മാധ്യമങ്ങളുടെ ലയനങ്ങളും ഏറ്റെടുക്കലുകളും കാരണം കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങളുടെ പുനഃസംഘടനയും നടക്കുന്നുണ്ട്. ഇതെല്ലാം കൊണ്ട് പരസ്യ വരുമാനത്തില്‍ കാര്യമായ ഇടിവ് സംഭവിക്കുകയും ചെയ്തു.
അതിനൊപ്പം താല്ക്കാലിക നിയമനം പ്രോത്സാഹിപ്പിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളുമാണ് ഇന്നിവിടെയുള്ളത്. തത്ഫലമായി ശുഷ്‌കിച്ചുപോയ തൊഴില്‍ വിപണിയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപ്പോഴും വട്ടം കറങ്ങുന്നത്. ഇതിന്റെയൊക്കെ കൂടെ ഫ്രീലാന്‍സ് ജേണലിസം ആണിന്ന് ഏറ്റവും കൂടുതല്‍ അനിശ്ചിതത്വവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ ഒന്ന്.
മാധ്യമങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം വളര്‍ച്ച മുരടിച്ച പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പകരമായി വളര്‍ന്നുവരുന്ന ബദല്‍ മാധ്യമങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിച്ചു. സ്വതന്ത്ര ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും, കമ്മ്യൂണിറ്റി റേഡിയോയ്ക്കും, പോഡ്കാസ്റ്റുകള്‍ക്കും, സിറ്റിസണ്‍ ജേണലിസത്തിനും, സോഷ്യല്‍ മീഡിയക്കും അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
മുഖ്യധാരാ വിവരണങ്ങളെ ചോദ്യം ചെയ്യുകയും ബദല്‍ വീക്ഷണങ്ങളും റിപ്പോര്‍ട്ടുകളും മുന്നോട്ടുവെക്കുന്ന ബ്ലോഗുകളും ഇതോടൊപ്പം സജീവമായിട്ടുണ്ട്. ഈ പറഞ്ഞ വിഭാഗങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ നടപടികളെയും നയങ്ങളെയും കുറിച്ചുള്ള വിരുദ്ധാഭിപ്രായങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും പൊതുജനശ്രദ്ധ കൊണ്ടുവരുന്നതിനുള്ള അവശ്യം ആവശ്യമായ ശബ്ദമായി മാറാന്‍ കഴിയുന്നുമുണ്ട്.
ഡിജിറ്റല്‍ മീഡിയയുടെ കുതിച്ചുചാട്ടം
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അടുത്തിടെയുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ 806 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. 2025 ജനുവരിയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വ്യാപനം 33.7 ശതമാനമായിരുന്നു. മെറ്റാ, എക്സ് (മുമ്പ് ട്വിറ്റര്‍), ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍.
2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഘട്ടം ഘട്ടമായിട്ടാണ് ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. 2025-ല്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം പരമ്പരാഗത മാധ്യമങ്ങളുടെ സ്വാധീനങ്ങള്‍ക്ക് ബദലായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. അത് രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പുതിയ ഇടങ്ങള്‍ ലഭിക്കാന്‍ കാരണമായിട്ടുണ്ട്. അതുവഴിയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ശബ്ദങ്ങള്‍ പലപ്പോഴായി കേള്‍ക്കാന്‍ സാധിക്കുന്നത്.
അതേസമയം ഡിജിറ്റല്‍ പ്ലാറ്റുഫോമുകളിലെ പ്രചാരണങ്ങള്‍ക്കുള്ള ചെലവില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ പ്രാധാന്യത്തെ അധികരിച്ച് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവിധ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. അതിനെല്ലാം കൂടി തെരഞ്ഞെടുപ്പ് ബജറ്റില്‍ ചെലവായത് 13,000 കോടി രൂപയാണ്. ഏകദേശം 1,510 ദശലക്ഷം യു.എസ് ഡോളര്‍. ഇതില്‍ ഡിജിറ്റല്‍ പരസ്യങ്ങള്‍ക്കുള്ള ചെലവ് മാത്രം ഗണ്യമായി വര്‍ദ്ധിച്ചു.
ഇന്റര്‍നെറ്റ് വ്യാപനം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയില്‍ ഡാറ്റയും സ്മാര്‍ട്ട്ഫോണുകളും ലഭ്യമായതു കൊണ്ടാണ് ഇതു സംഭവിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ അതിപ്രാദേശികമായ ഉള്ളടക്കം വരെ പോസ്റ്റ് ചെയ്യുന്നതിന് യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാരെ കൂടുതലായി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരുമായി ഇടപഴകുന്ന രീതിയെ സോഷ്യല്‍ മീഡിയ വളരെ ആഴത്തില്‍ പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരിലേക്ക് എത്തിച്ചേരാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, AI- അടിസ്ഥാനമാക്കിയ തന്ത്രങ്ങള്‍, ‘സ്വാധീനകര്‍’ (ഇന്‍ഫ്‌ലുവന്‍സേര്‍സ്) എന്നിവയെ സജീവമായി ഉപയോഗിക്കുന്നുണ്ട്.
ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ആണ് ഓണ്‍ലൈന്‍ മേഖലയില്‍ സ്വാധീനം ചെലുത്തുന്ന കാര്യത്തില്‍ വളരെ മുന്നിലുള്ളത്. എന്നാല്‍ മറ്റ് പാര്‍ട്ടികളും ഐ.ടി, സോഷ്യല്‍ മീഡിയ യൂണിറ്റുകളില്‍ നിക്ഷേപം നടത്തുകയും അവരുടെ ഡിജിറ്റല്‍ സാന്നിധ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നുണ്ട്.
2024 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ AI കണ്ടന്റ് ഏജന്‍സികളുടെ ഡിമാന്‍ഡില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുന്റെ ഭാഗമായി 2024-ല്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ 50 മില്യണ്‍ യു.എസ് ഡോളറിലധികം തുക AI പ്രചാരണ മെറ്റീരിയലുകള്‍ക്കായി ചെലവഴിക്കുമെന്ന് കണക്കാക്കിയിരുന്നു.
തെറ്റായ വിവരങ്ങളുടെ പ്രധാന ഉറവിടം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളാണ്. ഏതാണ്ട് 77.4 ശതമാനം വ്യാജപ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. ബാക്കി വരുന്ന 23 ശതമാനം തെറ്റായ വാര്‍ത്തകള്‍/വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍നിര പ്ലാറ്റ്ഫോമുകളിലൊന്ന് എക്സ് ആണ്. 61 ശതമാനം വ്യാജവിവരങ്ങളാണ് x-ലൂടെ പ്രചരിക്കുന്നത്. അടുത്ത സ്ഥാനത്തുള്ളത് ഫെയ്സ്ബുക്ക് ആണ്. 34 ശതമാനമാണ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നത്.
ഇന്ത്യയില്‍ 2024-ല്‍ നടന്ന പല ഒത്തുചേരലുകളും/സമ്മേളനങ്ങളും നേരിട്ടുള്ള വ്യക്തിഗത വിദ്വേഷ പ്രസംഗത്തിന്റെ പ്രചാരണ വേദിയായി മാറിയിരുന്നു. അത്തരം പ്രസംഗങ്ങള്‍ വളരെ വലിയ രീതിയില്‍ വ്യാപിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായിരുന്നു. ഈ സ്ഥിരീകരണം അങ്ങേയറ്റം ആശങ്കാജനകമാണ്.
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് സ്പീച്ച്- ‘സോഷ്യല്‍ മീഡിയ ആന്‍ഡ് ഹേറ്റ് സ്പീച്ച് ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ആഗോളതലത്തില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ്, ടെലിഗ്രാം, എക്സ് എന്നിവയിലൂടെയാണ് പ്രധാനമായും വിദ്വേഷപ്രസംഗങ്ങളും/സ്ഥാപിത താല്പര്യങ്ങളും പ്രചരിപ്പിക്കുന്നത്.
അവിടങ്ങളില്‍ സംഭവിച്ചതുപോലെ ഇന്ത്യയിലും വിദ്വേഷ പ്രസംഗങ്ങളും അതിതീവ്ര നിലപാടുള്ള പ്രത്യയശാസ്ത്രങ്ങളും ലഭ്യമാക്കുന്നതിനും അതിന്റെയെല്ലാം വ്യാപ്തി വര്‍ദ്ധിപ്പിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും പ്രധാന ഉപകരണങ്ങളായി മാറിയത് സാമൂഹിക മാധ്യമങ്ങളാണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍, ഹിന്ദുത്വ ദേശീയവാദ പ്രത്യയശാസ്ത്രവും ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും മുതിര്‍ന്ന നേതാക്കള്‍ വരെ സോഷ്യല് മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.
അക്രമത്തിനായുള്ള വ്യക്തമായ ആഹ്വാനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകോപനപരമായ വിദ്വേഷപ്രസംഗങ്ങളായിരുന്നു അത്. ഇത് ആദ്യം ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍- പ്രധാനമായും ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ആഖ്യാനത്തിലെ നിയന്ത്രണം
2024 മെയ് 1-ന് പ്രസിദ്ധീകരിച്ച ബി.ബി.സി മോണിറ്ററിംഗ് എക്‌സ്പ്ലയിനര്‍ പറയുന്നത്: പാരമ്പര്യമുള്ള മാധ്യമങ്ങള്‍ വരെ ധ്രുവീകൃതമായ പക്ഷപാതിത്വം പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ രാജ്യത്തെ പ്രധാന വാര്‍ത്താ വെബ്സൈറ്റുകളില്‍ നിലവിലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും കുറിച്ച് പരാമര്‍ശിക്കുന്ന ഉള്ളടക്കത്തിന്റെ അളവ് കൂടുതലുമായിരുന്നു.
ഇതേ കാലയളവില്‍ തന്നെ മുന്‍നിര ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്ന എഡിറ്റോറിയലുകളില്‍ പ്രതിപക്ഷത്തേക്കാള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ വ്യക്തമായ വിജയസാധ്യത ഉണ്ടെന്ന് ഊന്നിപ്പറഞ്ഞു. ആ പ്രവചനം അവസാനം സത്യമായി മാറുകയും ചെയ്തു.
2024 മാര്‍ച്ച് 29-ന് അക്കാദമിക് വിദഗ്ധരായ കിരണ്‍ ഗരിമെല്ലയും അഭിലാഷ് ദത്തയും ചേര്‍ന്നൊരു ഗവേഷണ പ്രബന്ധം പുറത്തിറക്കിയിരുന്നു. ഈ ഗവേഷണത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും ആളുകള്‍ വ്യാപകമായി കാണുന്നതുമായ ടി.വി വാര്‍ത്താ സംവാദ പരിപാടികളില്‍ ഒന്നായ ‘അര്‍ണബ് ഗോസ്വാമി – ദി ഡിബേറ്റ്’ എന്ന പരിപാടിയില്‍ അറുപത് ശതമാനത്തിലധികവും ഭരണകക്ഷിയെ അനുകൂലിക്കുന്ന ഉള്ളടക്കം അവതരിപ്പിച്ചെന്നാണ് കണ്ടെത്തിയത്.
അര്‍ണബ് ഗോസ്വാമി
കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഈ പരിപാടിയെ പിന്തുണയ്ക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും പ്രധാനമായും ബി.ജെ.പി അനുഭാവികളുമാണ്. പാരമ്പര്യ മാധ്യമങ്ങള്‍ വലിയതോതില്‍ സര്‍ക്കാരുമായി സഹകരിക്കാനും അല്ലെങ്കില്‍ ഭയപ്പെട്ടു മുന്നോട്ടു പോകാനും തുടങ്ങി. ഇതിനകം സോഷ്യല്‍ മീഡിയ ആഖ്യാനങ്ങളെ നിയന്ത്രിക്കാനും രൂപപ്പെടുത്താനും കഴിഞ്ഞു. പ്രതിഫലവും ശിക്ഷയുമെന്ന നയതന്ത്രത്തിലൂടെയാണ് സര്‍ക്കാരിതെല്ലാം വരുതിയിലാക്കിയത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. അവിടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, എക്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ മീഡിയ നയം 2024-ല്‍ രൂപീകരിച്ചിരുന്നു.
ഒന്നാമതായി, അതില്‍ ‘ദേശവിരുദ്ധ’ ഉള്ളടക്കം പോസ്റ്റ് ചെയ്താല്‍ മൂന്ന് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കിയിരിക്കുകയാണ്. കൂടാതെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന സഭ്യമല്ലാത്തതും അപകീര്‍ത്തികരവുമായ ഉള്ളടക്കം ക്രിമിനല്‍ മാനനഷ്ട കുറ്റങ്ങള്‍ക്ക് കാരണമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാമതായി, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമമുണ്ട്. അതോടൊപ്പം തന്നെ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍, ട്വീറ്റുകള്‍, പോസ്റ്റുകള്‍, റീലുകള്‍ എന്നിവയെ ഔദ്യോഗികമായി നിരീക്ഷിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു.
ഏറ്റവും രസകരമായ കാര്യം സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെയും ഭരണനേട്ടങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍, വീഡിയോകള്‍, ട്വീറ്റുകള്‍, പോസ്റ്റുകള്‍, റീലുകള്‍ എന്നിവ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള പ്രതിഫലമാണ്. വലിയ തുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് പ്രതിഫലമായി നല്‍കുന്നത്.
X, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മേഖലകളിലെ ഇന്‍ഫ്‌ലുവന്‍സര്‍ ആണെങ്കില്‍ പ്രതിമാസം 3 മുതല്‍ 5 ലക്ഷം രൂപ വരെയാണ് അവര്‍ക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. യൂട്യൂബില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കത്തിന്റെ വൈവിധ്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക.
ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്‌സ്, പ്രസ് അസോസിയേഷന്‍, ഡിജിപബ്, ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തക സംഘടനകള്‍ ഡിജിറ്റല്‍ മീഡിയ പോളിസി-2024 ലെ വകുപ്പ് 7(2) ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന നിയമാനുസൃത പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഏതൊരു ഉള്ളടക്കവും ‘സാമൂഹിക വിരുദ്ധം’ അല്ലെങ്കില്‍ ‘ദേശവിരുദ്ധം’ ആയി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണമായ അധികാരം നല്‍കുന്നതാണ് ഈ വ്യവസ്ഥ. അതുകൊണ്ടാണ് ഈ വ്യവസ്ഥ പിന്‍വലിക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍നിര പ്ലാറ്റ്ഫോമുകളിലൊന്ന് എക്സ് ആണ്.
മഹാരാഷ്ട്ര സര്‍ക്കാരും ഇതേ വഴിയിലാണ്. 2025 മാര്‍ച്ചില്‍ നിയമസഭയില്‍ പുറപ്പെടുവിച്ച ഒരു സര്‍ക്കാര്‍ പ്രമേയം അച്ചടി, ഇലക്ട്രോണിക്, സോഷ്യല്‍-ഡിജിറ്റല്‍ മാധ്യമങ്ങളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.
മാധ്യമങ്ങളില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവരുന്ന പോസിറ്റീവും നെഗറ്റീവുമായ വാര്‍ത്തകള്‍ നിരീക്ഷിക്കുന്നതിനും നെഗറ്റീവ് അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു വേണ്ടി ഒരു മീഡിയ മോണിറ്ററിംഗ് സെന്റര്‍ സ്ഥാപിക്കുമെന്നാണ് പ്രമേയത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും
മാധ്യമങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും മരവിപ്പിക്കാനുള്ള മറ്റൊരു തരത്തിലുള്ള നീക്കമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ വിലയിരുത്തിയിരിക്കുന്നത്. സ്വതന്ത്രരും പ്രശസ്തരുമായ മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമായി YouTube ചാനലുകള്‍ ആരംഭിക്കുന്നതിലേക്കാണ് ഈ നിയന്ത്രണങ്ങള്‍ എല്ലാം നയിച്ചത്. അങ്ങനെ തുടങ്ങിയ ചില ചാനലുകള്‍ക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ഉണ്ടായി. എന്തൊക്കെയായാലും മാധ്യമപ്രവര്‍ത്തകരുടെ ഈ നീക്കത്തിന് കടുത്ത സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ കഴിയുമോ എന്ന കാര്യം വ്യക്തവുമല്ല.
2024-ലെ അവസാന മൂന്നു മാസങ്ങളില്‍ ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്തത് ഇന്ത്യയിലാണ്. കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് വീഡിയോകള്‍ നീക്കുന്നത്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ആഗോളതലത്തില്‍ ആകെയുള്ള 9.4 ദശലക്ഷം വീഡിയോകളില്‍ 2.9 ദശലക്ഷത്തിലധികം പരിപാടികള്‍ നീക്കം ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളിലുള്ള അമിത നിയന്ത്രണങ്ങളെച്ചൊല്ലി എലോണ്‍ മസ്‌ക് സര്‍ക്കാരുമായി തുടര്‍ച്ചയായ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ മസ്‌ക് ഫയല്‍ ചെയ്ത കേസില്‍ ഇതെല്ലാം സ്പഷ്ടമാണ്.
2025 മാര്‍ച്ച് 29-ന് കര്‍ണാടക ഹൈക്കോടതിയില്‍ നടന്ന ഒരു ഹിയറിംഗില്‍ ‘സഹയോഗ് പോര്‍ട്ടല്‍’ സെന്‍സര്‍ഷിപ്പിനുള്ള ഒരു ഉപകരണമാണെന്നായിരുന്നു എക്സിന്റെ വാദം. എന്നാല്‍ ഈ അവകാശവാദം സര്‍ക്കാര്‍ കോടതിയില്‍ നിഷേധിച്ചു.
എന്നിരുന്നാലും, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, ടെലികോം സേവന ദാതാക്കള്‍ എന്നിവയ്ക്കിടയില്‍ ഏകോപനം സാധ്യമാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കേന്ദ്രീകൃത പോര്‍ട്ടലില്‍ ചേരാന്‍ എക്സ് വിസമ്മതിച്ചിട്ടുണ്ട്.
എലോണ്‍ മസ്‌ക്
സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വിവരാവകാശ നിയമത്തില്‍ ഒരു ഭേദഗതി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഭേദഗതി, 2023 ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (DPDP) നിയമം വിവരങ്ങള്‍ ലഭ്യക്കുന്നതിന് പ്രധാന ഭീഷണിയായി നിലകൊള്ളും. അധികാരനിയുക്തമായ ചുമതലകള്‍ വര്‍ദ്ധിപ്പിച്ച് പൊതുതാല്പര്യമാണെങ്കില്‍ പോലും ‘വ്യക്തിഗത വിവരങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ഒന്നിലേക്കും കടക്കാനുള്ള നേരിയ സാധ്യതയെ പോലും തടയുന്നതിന് സാധ്യതയുണ്ട്.
കോടതി ഇടവേള
വിശ്വാസ്യത തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജുഡീഷ്യറിക്ക് വളരെയധികം പ്രധാന്യമുണ്ട്. പ്രതീക്ഷയുടെ ഒരു നേര്‍ത്ത കിരണം പ്രദാനം ചെയ്യുന്നതിനു അതിന്റെ പങ്ക് നിര്‍ണായകമാണ്.
ഇമ്രാന്‍ പ്രതാപ്ഗരി
പാര്‍ലമെന്റ് അംഗമായ ഇമ്രാന്‍ പ്രതാപ്ഗരിക്കെതിരെ ‘പ്രകോപനപരമായ കവിത’ ഓണ്‍ലൈനില്‍ പങ്കിട്ടുവെന്നു പറഞ്ഞ് FIR ഇട്ടത് 2025 മാര്‍ച്ച് 28-നായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായി പ്രസ്താവിച്ചു കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചാണ് ഇന്ത്യന്‍ സുപ്രീം കോടതി പ്രസ്തുത കേസ് റദ്ദാക്കിയത്.
അതിങ്ങനെയാണ്: അഭിപ്രായ സ്വാതന്ത്ര്യം പ്രാഥമികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള പൗരന്റെ അവകാശത്തിന്മേലുള്ള ‘ന്യായമായ നിയന്ത്രണങ്ങള്‍’ ഒരിക്കലും യുക്തിരഹിതവും പൗരന്മാരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നതുമാകരുത്. ‘വാക്കുകളുണ്ടാക്കുന്ന സ്വാധീനത്തെ എപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുടെയോ അല്ലെങ്കില്‍ വിമര്‍ശനങ്ങളെ തങ്ങളുടെ അധികാരത്തിനോ സ്ഥാനത്തിനോ നേരെയുള്ള ഭീഷണിയായി കാണുന്നവരുടെയോ നിലവാരത്തില്‍ അളക്കരുതെന്നും’ പരമോന്നത കോടതി വ്യക്തമാക്കി.
അതുപോലെ 2024 ഒക്ടോബര്‍ 4-ന് സംസ്ഥാന ഭരണത്തിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതില്‍ ജാതീയമായ ചായ്‌വ് പ്രകടമാണെന്നു പറഞ്ഞ് X-ല്‍ ഒരു പത്രപ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്തതിരുന്നു. അതിനെതിരായി നടപടിയെടുക്കാന്‍ തുനിഞ്ഞ ഉത്തര്‍പ്രദേശ് പോലീസിനെ വിലക്കിക്കൊണ്ട് സുപ്രീം കോടതി വിധി പ്രസ്താവിച്ചു.
വിധിയില്‍ ഇങ്ങനെ പറയുന്നു: ”ജനാധിപത്യ രാജ്യങ്ങളില്‍, ഒരാളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഒരു പത്രപ്രവര്‍ത്തകന്റെ രചനകള്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമായി കണക്കാക്കപ്പെടുന്നു എന്നതുകൊണ്ട് മാത്രം എഴുത്തുകാരനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തരുത്.”
മറ്റൊരു കേസ് തമിഴ് മാധ്യമഗ്രൂപ്പായ വികടന്‍ യു.എസില്‍ നിന്നും ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഒരു ആക്ഷേപഹാസ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടതാണ്.
രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ വിവിധതരം അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായി കൊണ്ടിരിക്കുകയാണ്.
കാര്‍ട്ടൂണിന്റെ പേരില്‍ ഫെബ്രുവരി 15-ന് മുന്‍കൂര്‍ അറിയിപ്പോ ഔദ്യോഗിക ഉത്തരവോ ഇല്ലാതെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2025 മാര്‍ച്ച് 6-ന് മദ്രാസ് ഹൈക്കോടതി വെബ്സൈറ്റിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേസില്‍ പരാമര്‍ശിച്ച കാര്‍ട്ടൂണ്‍ ഒഴികെയുള്ള മറ്റു വാര്‍ത്തകളിലേക്ക് ആക്‌സസ് പുനസ്ഥാപിക്കാനാണ് കോടതി ഉത്തരവിട്ടത്. കാര്‍ട്ടൂണ്‍ ഇന്ത്യയുടെ പരമാധികാരത്തിനും വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങള്‍ക്കും ഭീഷണിയാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍
കര്‍ണ്ണാടകത്തില്‍ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് CNN ന്യൂസ്18 കണ്‍സള്‍ട്ടിംഗ് എഡിറ്ററായ രാഹുല്‍ ശിവശങ്കര്‍ X-ല്‍ ഒരു പോസ്റ്റിട്ടിരുന്നു. പോസ്റ്റിനെ തുടര്‍ന്ന് രാഹുല്‍ ശിവശങ്കറിനെതിരായി എടുത്ത വിദ്വേഷ പ്രസംഗ കേസ് 2025 മാര്‍ച്ച് 17-ന് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി.
കൂടാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുര്‍കായസ്തയെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ 2024 മെയ് 15-ന് സുപ്രീം കോടതി ഉത്തരവിട്ടു.
പ്രബീര്‍ പുര്‍കായസ്ത
അദ്ദേഹത്തിനെതിരെ ചുമത്തിയ വകുപ്പുകള്‍ ‘സാധുവല്ല’ എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. അറസ്റ്റിനുള്ള കാരണങ്ങള്‍ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ രേഖാമൂലം നല്‍കിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 നവംബര്‍ മുതല്‍ ആറ് മാസത്തോളം പുര്‍കായസ്ത ജയിലിലായിരുന്നു.
സ്വതന്ത്ര വെബ്സൈറ്റുകളെ ശ്വാസംമുട്ടിക്കുന്നു
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി, ഏകപക്ഷീയമായ ഉത്തരവുകള്‍ കോടതികള്‍ റദ്ദാക്കിയിട്ടു പോലും ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയില്ലായിരുന്നു.
സ്വതന്ത്ര വാര്‍ത്തകള്‍ പതിവായി സെന്‍സര്‍ ചെയ്യുന്ന, ഒട്ടും ശുഭകരമല്ലാത്ത സൂചനകള്‍ അവലോകന കാലയളവില്‍ പോലും കാണാമായിരുന്നു. അതുപോലെ നിര്‍ദ്ദിഷ്ട ഏജന്‍സികളെ ഉപയോഗിച്ച് മാധ്യമങ്ങളെ ശ്വാസം മുട്ടിക്കുന്ന രീതി കേന്ദ്രം തുടരുകയും ചെയ്യുന്നുണ്ട്.
ഒന്നിലധികം ഫോര്‍മാറ്റുകളിലും ഭാഷകളിലും അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ ചില റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവയായിരുന്നു. ഇതിനെ തുടര്‍ന്ന് 2025 ജനുവരിയില്‍ ആദായനികുതി വകുപ്പിനെ ഉപയോഗിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന് തിരിച്ചടി കൊടുത്തത്.
”…പത്രപ്രവര്‍ത്തനം പൊതു താല്പര്യാര്‍ത്ഥത്തിന് വേണ്ടിയല്ല. അതിനാല്‍ ഇന്ത്യയില്‍ ലാഭേച്ഛയില്ലാത്ത ഒന്നായി മാധ്യമപ്രവര്‍ത്തനങ്ങളെ കണക്കാക്കാന്‍ കഴിയില്ല. എന്നു പറഞ്ഞ് ആദായനികുതി വകുപ്പ് അധികാരികള്‍ ഞങ്ങളുടെ ലാഭേച്ഛയില്ലാത്ത (Non-Profit) പദവി റദ്ദാക്കി… ഈ ഉത്തരവ് രാജ്യത്ത് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിനുള്ള സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. പൊതു-താല്പര്യം ഉയര്‍ത്തിപ്പിടിച്ച് പത്രപ്രവര്‍ത്തനം നടത്താനുള്ള ഞങ്ങളുടെ ശേഷിയെ തന്നെ ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു…’- ഒരു പ്രസ്താവനയിലൂടെ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് വ്യക്തമാക്കി.
ഒരു വിനോദ വെബ്സൈറ്റാണെന്ന തെറ്റായ വാദം ഉന്നയിച്ചുകൊണ്ട് 2024 ഡിസംബറില്‍ കന്നഡയിലുള്ള വാര്‍ത്താ വെബ്സൈറ്റായ ദി ഫയലിന്റെയും നികുതി ഇളവുകള്‍ക്കുള്ള അംഗീകാരങ്ങളും ആദായനികുതി വകുപ്പ് റദ്ദാക്കിയിരുന്നു.
”പത്രപ്രവര്‍ത്തനം പൊതുലക്ഷ്യം നിറവേറ്റുന്നില്ല എന്ന സര്‍ക്കാരിന്റെ വാദം അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതും ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് വിരുദ്ധവുമാണെന്ന്” 2025 മാര്‍ച്ച് 3-ന് ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലുകളുടെ ഒരു കൂട്ടായ്മയായ ഡിജിപബ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
പാരമ്പര്യ മാധ്യമങ്ങള്‍ വലിയതോതില്‍ സര്‍ക്കാരുമായി സഹകരിക്കാനും അല്ലെങ്കില്‍ ഭയപ്പെട്ടു മുന്നോട്ടു പോകാനും തുടങ്ങി.
സ്വകാര്യതയ്ക്കുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് വിവരാവകാശ നിയമത്തില്‍ ഒരു ഭേദഗതി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഭേദഗതി, 2023 ലെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ (DPDP) നിയമം വിവരങ്ങള്‍ ലഭ്യക്കുന്നതിന് പ്രധാന ഭീഷണിയായി നിലകൊള്ളും.
അധികാരനിയുക്തമായ ചുമതലകള്‍ വര്‍ദ്ധിപ്പിച്ച് പൊതുതാല്പര്യമാണെങ്കില്‍ പോലും ‘വ്യക്തിഗത വിവരങ്ങള്‍’ എന്ന് വിളിക്കപ്പെടുന്ന ഒന്നിലേക്കും കടക്കാനുള്ള നേരിയ സാധ്യതയെ പോലും തടയുന്നതിന് സാധ്യതയുണ്ട്.
സംഘര്‍ഷ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും; അഴിമതിയും രാഷ്ട്രീയ-മാഫിയ ബാന്ധവം തുറന്നുകാട്ടുന്നവര്‍ക്കും കനത്ത വിലയായി അവരുടെ ജീവന്‍ തന്നെ നല്‍കേണ്ടി വന്നിട്ടുണ്ട്.
2024 മെയ് 13-ന് ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ പത്രപ്രവര്‍ത്തകനായ അശുതോഷ് ശ്രീവാസ്തവ ഒരു അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 2024 സെപ്തംബര്‍-17 ന് മധ്യപ്രദേശിലെ പടിഞ്ഞാറന്‍ രാജ്ഗഡ് ജില്ലയിലെ ടി.വി ചാനല്‍ പ്രവര്‍ത്തനം നടത്തിയിരുന്ന സല്‍മാന്‍ അലി ഖാനും സമാനമായ രീതിയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
2025 ജനുവരി 3-ന് ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനും എന്‍.ഡി.ടി.വിയിലെ കറസ്‌പോണ്ഡന്റുമായ മുകേഷ് ചന്ദ്രകറിന്റെ മൃതദേഹം ഒരു സ്വകാര്യ കരാറുകാരന്റെ സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സെപ്റ്റിക് ടാങ്കില്‍ നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ കൊന്ന് സെപ്റ്റിക് ടാങ്കിലെട്ടതെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.
മുകേഷ് ചന്ദ്രകര്‍
2025 മാര്‍ച്ച് 8-ന് ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ രാഘവേന്ദ്ര ബാജ്പേയിയെ പട്ടാപ്പകലാണ് വെടിവച്ചു കൊന്നത്. ഈ കൊലപാതകത്തെക്കുറിച്ച് ഇന്ത്യന്‍ പ്രസ് കൗണ്‍സില്‍ സ്വമേധയാ നടപടിയെടുത്തിരുന്നു.
2024 ജൂണ്‍ 25-ന് ബീഹാറിലെ മുസാഫര്‍പൂരിനടുത്തുള്ള മാരിപൂര്‍ ഗ്രാമത്തില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ അജ്ഞാതരുടെ കുത്തേറ്റാണ് 48 കാരനായ ശിവശങ്കര്‍ ഝാ കൊല്ലപ്പെട്ടത്. ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ തൊണ്ടയില്‍ കൊലപാതകികള്‍ പലതവണ കുത്തിയിട്ടാണ് കൊന്നത്. ഈ കൊലപാതകത്തിന് പിന്നില്‍ സംസ്ഥാനത്തെ അനധികൃത മദ്യമാഫിയയുടെ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്.
രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ വിവിധതരം അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായി കൊണ്ടിരിക്കുകയാണ്. 2024 മെയ് 13-ന് ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ പ്രകടനത്തിനിടെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പരിക്കുകളോടെ രാഘവ് ത്രിവേദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി ബന്ധം ആരോപിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്നു പറയുന്നുണ്ട്.
2024 മെയ് 31-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ വിനയ് പാണ്ഡെയുടെ തലയറുക്കുമെന്ന് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമിലൂടെ വധഭീഷണി വന്നിരുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
2024 ജൂണ്‍ 1-ന് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയ്ക്ക് കിഴക്കുള്ള ഒരു പട്ടണത്തില്‍ വോട്ടെടുപ്പിന്റെ അവസാന ദിവസം രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന അക്രമാസക്തമായ ഏറ്റുമുട്ടലിനിടെ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ ബണ്ടി മുഖര്‍ജിക്ക് ഗുരുതരമായി പരിക്കേറ്റു.
2024 മെയ് 23-ന് മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബന്‍ഗംഗ പ്രദേശത്ത് ഒരു സ്വകാര്യ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകനായ അങ്കുര്‍ ജയ്സ്വാളിനെ ആക്രമിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയക്കാരനായ സതീഷ് ഭാവുവും സംഘവുമാണെന്ന് ആരോപിക്കപ്പെടുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ 2024 സെപ്തംബര്‍ 8-ന് അര്‍ദ്ധരാത്രിയില്‍ ചന്ദ്രപൂര്‍ ഇന്റര്‍-സ്റ്റേറ്റ് ബസ് ടെര്‍മിനലിന് സമീപം നാല് മാധ്യമ പ്രവര്‍ത്തകരെയും ആയുധധാരികള്‍ ആക്രമിച്ചിരുന്നു.
2024 ഡിസംബര്‍ 18-ന് ഗുവാഹത്തിയില്‍ ഒരു പ്രതിഷേധ റാലി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 2025 ജനുവരി 21 ന്, ആസാമിലെ സ്വാധീനമുള്ള ഒരു രാഷ്ട്രീയക്കാരന്റെ മകന്‍ ഉള്‍പ്പെട്ട വാഹനാപകട കേസിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് ‘തെറ്റായി’ റിപ്പോര്‍ട്ട് ചെയ്തതെന്നു പറഞ്ഞാണ് ഒരു ന്യൂസ് പോര്‍ട്ടലില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ മജന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
2024 ഓഗസ്റ്റ് 1-ന് മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ നടന്ന ഒരു റാലി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ടി.വി മാധ്യമപ്രവര്‍ത്തകനായ എം രമേശ് ചന്ദ്രയെ ഒരു പോലീസുകാരനാണ് ക്രൂരമായി അക്രമിച്ചത്. 2024 സെപ്തംബര്‍ 28-ന് ഒരു സ്വകാര്യ കോളേജില്‍ രണ്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉത്തരാഖണ്ഡ് പത്രപ്രവര്‍ത്തകന്‍ പ്രമോദ് ദലകോട്ടിയെ ആ സംഘം ആക്രമിച്ച് കൊള്ളയടിക്കുകയായിരുന്നു.
2024 ജൂലൈ 16-ന് നഹരോള്‍ഗി തൗഡാങ്ങിന്റെ എഡിറ്ററായ ഖോയിറോം ലോയലക്പയെ മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കയറിയിട്ടാണ് അജ്ഞാതരായ അക്രമികള്‍ ആക്രമിച്ചത്. മിക്ക കേസുകളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുകയാണ്. ഇത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രോത്സാഹനമാവുകയാണ്!
2024 ഓഗസ്റ്റ് 2-ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയോഗിച്ച ഗുര്‍ബീര്‍ സിംഗ് ‘മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയിരുന്നു.
റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ”മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനവും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള അടിച്ചമര്‍ത്തലും സംബന്ധിച്ച് പ്രസ് കൗണ്‍സിലിന് നൂറുകണക്കിന് പരാതികളാണ് എല്ലാ വര്‍ഷവും ലഭിക്കുന്നത്. ഭീഷണികള്‍, അറസ്റ്റ്, ശാരീരികമായുള്ള അക്രമം, ചില സന്ദര്‍ഭങ്ങളില്‍ മരണമോ കാണാതാകലോ ഉണ്ടാകുന്നുണ്ട്.
ഈ വഴികളൊക്കെ ഉപയോഗപ്പെടുത്തി മാധ്യമപ്രവര്‍ത്തകരുടെ ജോലി സ്വാതന്ത്ര്യം തടയുന്നതിനായി ഇടയ്‌ക്കൊക്കെ ഉദ്യോഗസ്ഥവൃന്ദം അധികാരങ്ങള്‍ ദുരുപയോഗം ചെയ്യാറുണ്ട്. അതിനെതിരായും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായും, പ്രത്യേക മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് മാധ്യമ പ്രവര്‍ത്തകരും സംഘടനകളും പരാതികള്‍ നല്‍കുന്നത്…’
ഇതിനുപുറമെ, ”മേധാവികളുടെ ആജ്ഞപ്രകാരം പ്രവര്‍ത്തിക്കുന്ന നിയമപാലകര്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുപകരം, നിക്ഷിപ്ത താല്പര്യങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈയാളുകളായി മാറുന്നുന്നുണ്ട്. കൂടാതെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അവരുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സജീവ പങ്കുവഹിക്കുന്നു” എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പി.സി.ഐ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
പി.സി.ഐ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി ഇതിനെ ഏകപക്ഷീയമായ റിപ്പോര്‍ട്ട് എന്നു വിമര്‍ശിച്ചതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് തുടര്‍ന്നു: പ്രതികൂലമായ റിപ്പോര്‍ട്ടിംഗുകളോട് സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത കൂടിവരികയാണ്. കൂടാതെ നിരവധി വിദേശ ലേഖകര്‍ക്ക് വിസ നേടുന്നതിനോ, വര്‍ക്ക് വിസ പുതുക്കി നല്‍കാന്‍ കാലതാമസം ഉണ്ടാക്കിയോ അല്ലെങ്കില്‍ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനു ബുദ്ധിമുട്ടു ഉണ്ടാക്കുകയും ചെയ്യുകയാണ്.
മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും നേരെയുള്ള ഭീഷണികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ‘ജേര്‍ണലിസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്’ (Journalist Protection Act) കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിന്റെ ലക്ഷ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ്.
2024 മെയ് മാസത്തില്‍ മീഡിയ ട്രാന്‍സ്പരന്‍സി (ആന്‍ഡ് അക്കൗണ്ടബിലിറ്റി) ബില്ലിന്റെ കരട് അഭിഭാഷകരുടെ ഒരു സംഘം തയ്യാറാക്കിയിരുന്നു. ഡല്‍ഹിയിലെ മാധ്യമ സംഘടനകള്‍ക്കും മാധ്യമപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയനുകള്‍ക്കും കരട് നിയമം പങ്കു വെച്ചിരുന്നു. ഈ കരട് പാര്‍ലമെന്റില്‍ ഒരു സ്വകാര്യ അംഗ (Private) ബില്ലായി അവതരിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്. പ്രധാനമായും മൂന്ന് വെല്ലുവിളികള്‍ തടയുന്നതിനാണ് കരട് ബില്‍.
1. മാധ്യമ കുത്തകകളുടെ ആവിര്‍ഭാവത്തോടെ ഉടമസ്ഥാവകാശത്തിന്റെ സുതാര്യതയില്ലായ്മ. 2. സര്‍ക്കാര്‍ പരസ്യങ്ങള്‍ അനുവദിക്കാനുള്ള അധികാരം ദുരുപയോഗം ചെയ്തുകൊണ്ടുള്ള സാമ്പത്തിക സമ്മര്‍ദ്ദം. 3. സംസ്ഥാന, സംസ്ഥാനേതര സംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൈക്കൊള്ളുന്ന നിര്‍ബന്ധിത നടപടികള്‍.
അന്താരാഷ്ട്ര മാധ്യമങ്ങളെ നിയന്ത്രിക്കല്‍
തങ്ങള്‍ക്ക് അനുകൂലമല്ലാത്ത റിപ്പോര്‍ട്ടിങ്ങുകളോട് സര്‍ക്കാര്‍ കൂടുതല്‍ അസഹിഷ്ണുത കാണിക്കുകയാണ് ഇപ്പോള്‍. നിരവധി വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ ലഭിക്കുന്നതിനും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന വര്‍ക്ക് വിസകള്‍ പുതുക്കുന്നതിനും അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനും ഇപ്പോള്‍ നല്ല ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.
റോയിട്ടേഴ്സിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതോടൊപ്പം വാഷിംഗ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ പത്രപ്രവര്‍ത്തകനാണ് റാഫേല്‍ സാറ്ററി. 2025 മാര്‍ച്ചില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പ്രശസ്തിയെ ദുരുദ്ദേശത്തോടെ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) പദവി റദ്ദാക്കി.
റാഫേല്‍ സാറ്റര്‍
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കെതിരെ ദുരുദ്ദേശ്യപരമായി പ്രതികൂലവും പക്ഷപാതപരവുമായ അഭിപ്രായം സൃഷ്ടിച്ചുവെന്നാണ് സാറ്ററിനെതിരെയുള്ള ആരോപണം. ഇന്ത്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ആപ്പിനെ കുറിച്ചും അതിന്റെ സഹസ്ഥാപകനായ രജത് ഖരെയെ കുറിച്ചുമുള്ള റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് സാറ്ററിന്റെ OCI റദ്ദാക്കിയത്.
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്കും ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച വിദേശപൗരന്മാര്‍ക്കും രാജ്യത്തിനകത്ത് വിസരഹിത യാത്ര, താമസം, തൊഴില്‍ എന്നിവ അനുവദിച്ചു കൊണ്ടാണ് OCI പദവി നല്‍കുന്നത്. വിവാഹത്തിലൂടെയാണ് സാറ്ററിന് OCI ലഭിച്ചത്. സമീപ വര്‍ഷങ്ങളില്‍ ഭരണകക്ഷിക്ക് എതിരായി നിരന്തരം വിമര്‍ശനാത്മകമായി നില്‍ക്കുന്നുവെന്ന് കരുതുന്നവരുടെ OCI ആനുകൂല്യങ്ങള്‍ റദ്ദാക്കിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഇതിനെ ‘രാഷ്ട്രീയ പ്രേരിതമായ അടിച്ചമര്‍ത്തല്‍’ എന്നാണ് വിശേഷിപ്പിച്ചത്. പത്രപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെയാണ് ഇത് പ്രത്യേകം ലക്ഷ്യം വച്ചിരിക്കുന്നത്. OCI കാര്‍ഡുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കം രാജ്യം വിടാന്‍ വേണ്ടി നിര്‍ബന്ധിതരാവുകയായിരുന്നു.
റേഡിയോ ഫ്രാന്‍സ് ഇന്റര്‍നാഷണല്‍, ലിബറേഷന്‍, സ്വിസ്, ബെല്‍ജിയന്‍ പബ്ലിക് റേഡിയോകള്‍ എന്നിവയ്‌ക്കെല്ലാം വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തകയാണ് സെബാസ്റ്റ്യന്‍ ഫാര്‍സിസ്. 2024 ജൂണ്‍ 20-ന് തന്റെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷ യാതൊരു വിശദീകരണവും കൂടതെ സര്‍ക്കാര്‍ നിരസിച്ചതായി അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പത്രപ്രവര്‍ത്തകരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാത്തതിനാല്‍ 2024-ല്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായ രണ്ട് വിദേശ മാധ്യമപ്രവര്‍ത്തകരില്‍ അദ്ദേഹവും ഉണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ എ.ബി.സി ന്യൂസ് സൗത്ത് ഏഷ്യ ബ്യൂറോ മേധാവിയായി ജോലി ചെയ്തിരുന്ന അവാനി ഡയസ് ഒരു സിഖ് വിഘടനവാദിയുടെ കൊലപാതകത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തനിക്ക് വിസ നീട്ടിനല്‍കാന്‍ വിസമ്മതിച്ചുവെന്ന് അവര്‍ പറഞ്ഞു.
അവരുടെ ആ പരിപാടി ഇപ്പോഴും ഇന്ത്യയിലെ യൂട്യൂബില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. രാജ്യം വിടാനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയാക്കിയ അവര്‍ക്ക് പോകുന്നതിന് ഒരു ദിവസം മുമ്പാണ് 2024-ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിസ നീട്ടിനല്‍കിയത്. അപ്പോഴേക്കും വളരെ വൈകിപ്പോയെന്ന് അവര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം സാങ്കേതിക പരോഗതി കൊണ്ടുമാത്രം അല്ലെങ്കില്‍ സഹായത്തോടെ പരിഹരിക്കാന്‍ കഴിയില്ല
ഫിനാന്‍ഷ്യല്‍ ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ഫ്രാന്‍സ് 24, ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ എന്നിവയെ കൂടാതെ മറ്റ് പത്രങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നവരുള്‍പ്പെടെ ഇന്ത്യയിലുള്ള 30 വിദേശ ലേഖകര്‍ ഒരു തുറന്ന കത്തില്‍ ഒപ്പിട്ടു കൊണ്ട് ഡയസിനോട് കാണിച്ച ഹീനമായ നടപടിയില്‍ പ്രതിഷേധിച്ചു.
ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയായ വനേസ ഡഗ്‌നാകിനും ഇന്ത്യന്‍ സര്‍ക്കാര്‍ പത്രപ്രവര്‍ത്തനത്തിനുള്ള അനുമതി നിഷേധിച്ചു. അവര്‍ ഒരു ഇന്ത്യന്‍ പൗരനെയാണ് വിവാഹം കഴിച്ചതു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം ഫ്രഞ്ച്, സ്വിസ്, ബെല്‍ജിയന്‍ പത്രങ്ങളുടെ പ്രാദേശിക ലേഖിക ആയി അവര്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അവര്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2024 ഫെബ്രുവരിയില്‍ അവര്‍ക്കും നിര്‍ബന്ധിതമായ ഒരു സാഹചര്യത്തില്‍ ഇന്ത്യ വിടേണ്ടി വന്നു. ഒരു വര്‍ഷത്തിലേറെ കാലം കഴിഞ്ഞ് 2025 മാര്‍ച്ച് 27-ന് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ ലേഖികയായി ജോലി പുനരാരംഭിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് അവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ താല്‍ക്കലികമായ ഒരു നിര്‍ത്തിവെക്കലിനപ്പുറം ഒരു നിയമമായിരിക്കുന്നു. 2018-ന് ശേഷം 2024-ല്‍ ആദ്യമായാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച രാജ്യം ഇന്ത്യയല്ലാതായി മാറിയത്.
ലാഭേച്ഛയില്ലാതെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയായ ആക്‌സസ് നൗ (Access Now) റിപ്പോര്‍ട്ട് അനുസരിച്ച് മ്യാന്‍മറാണ് ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. മ്യാന്മാര്‍ 85 ഉത്തരവുകള്‍ നടപ്പാക്കിയാണ് കഴിഞ്ഞ വര്‍ഷം സമാനമായ 84 ഉത്തരവുകള്‍ നടപ്പിലാക്കിയ ഇന്ത്യയെ മറികടന്നു മുന്നിലെത്തിയത്!
കുറഞ്ഞത് 41 ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായത് പ്രതിഷേധങ്ങളെ തുടര്‍ന്നും 23 എണ്ണം വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്നുമായിരുന്നു. 2024-ല്‍ മാത്രം പതിനാറ് സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായിരുന്നു. പട്ടികയില്‍ മുന്നിലുള്ളത് ഈ സംസ്ഥാനങ്ങളാണ്- മണിപ്പൂരില്‍ 21 തവണയും, ജമ്മു കാശ്മീരില്‍ 12 തവണയും, ഹരിയാനയില്‍ 12 തവണയുമാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ സേവനം നിര്‍ത്തിവെച്ചത്.
2023 മെയ് മുതലാണ് വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ സായുധ വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഴത്തില്‍ ധ്രുവീകരിക്കപ്പെട്ട സമൂഹങ്ങള്‍ക്കിടയില്‍ സ്ഥിതിഗതികള്‍ വഷളായി തുടരുന്നത്. ഓണ്‍ലൈന്‍ വഴി തെറ്റായ വിവരങ്ങള്‍ക്ക് എളുപ്പത്തില്‍ വശംവദരാകുന്നത് തടയാനാണെന്ന് പറഞ്ഞാണ് അവിടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്.
എന്നിരുന്നാലും, ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകള്‍ പലതരം കിംവദന്തികള്‍ തുറന്നുകാട്ടി വിശ്വസനീയമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനുമുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചു
വാര്‍ത്താ മുറികളിലെ ‘ബോട്ടുകള്‍’ (Bots in the newsroom)
ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) ആവിര്‍ഭാവം ഇന്ത്യയിലും ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. AI-യുടെ സാധ്യതകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള പത്രപ്രവര്‍ത്തനത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
AI നിരവധി അവസരങ്ങളാണ് തുറന്നുവെക്കുന്നത്. അതേസമയം വിവിധതരം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. എഡിറ്റോറിയല്‍ ഉള്ളടക്കത്തിന്റെ സമഗ്രത, സ്ഥാപനങ്ങള്‍ക്കുള്ളിലെ തൊഴില്‍ സുരക്ഷ, പകര്‍പ്പവകാശ ലംഘനം, പൊതുജനങ്ങളിലേക്ക് കൊടുക്കുന്ന വിവരങ്ങളുടെ ആധികാരികത തുടങ്ങിയവയാണ് പ്രധാനപ്പെട്ട വെല്ലുവിളികള്‍.
മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനമേഖലകളെ കൂടുതല്‍ കാര്യക്ഷമമാക്കാനും ഉല്‍പ്പാദനക്ഷമമാക്കാനും AI-യുടെ ഉപയോഗം സഹായകരമാണ്. എങ്കിലും പത്രപ്രവര്‍ത്തകരുടെ പൊതുവായ ക്ഷേമത്തിനോ സുരക്ഷയ്‌ക്കോ സുതാര്യതയ്‌ക്കോ അതുപോലെ പ്രേക്ഷകരുടെ ആവശ്യങ്ങള്‍ക്കോ മുന്‍ഗണന നല്‍കുന്ന സമീപനമാകണമെന്നില്ല AI-യുടെത്.
മാധ്യമങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം സാങ്കേതിക പരോഗതി കൊണ്ടുമാത്രം അല്ലെങ്കില്‍ സഹായത്തോടെ പരിഹരിക്കാന്‍ കഴിയില്ല. കാരണം അത് മനുഷ്യന്റെ നിര്‍ണ്ണയങ്ങള്‍ക്കെല്ലാം അപ്പുറമാണ്.
AI-യുടെ ഉപയോഗം പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനത്തിനോടൊപ്പം പറ്റിപ്പിടിച്ചിരിക്കുന്ന അതിന്റെ പരുഷതയെ ലഘൂകരിക്കുന്നുമില്ല. AI അല്‍ഗോരിതങ്ങള്‍ക്കും നിലവിലുള്ള പക്ഷപാതങ്ങളെ അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ അതിനെ കൂടുതല്‍ വളച്ചൊടിച്ചതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളിലേക്ക് നയിക്കാനും കഴിയും.
AI-സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ അമിതമായി ആശ്രയിച്ചു തുടങ്ങിയാല്‍ വൈവിധ്യപൂര്‍ണ്ണവും സമാനതകളില്ലാത്തതുമായ വ്യക്തിഗത കാഴ്ചപ്പാടുകളും കഴിവുകളും നഷ്ടപ്പെടാന്‍ ഇടയാക്കും.
പരസ്യക്ഷാമം
സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടുവരുന്ന മാധ്യമ സ്ഥാപനങ്ങളുടെ വായ മൂടിക്കെട്ടാന്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ പരസ്യ ബജറ്റ് വിനിയോഗിക്കുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. സര്‍ക്കാര്‍ സൗഹൃദ മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ തിരഞ്ഞുപിടിച്ചാണ് അനുവദിക്കുന്നത്! അതേസമയം സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഒന്നും നല്‍കാതെ മാറ്റിനിര്‍ത്തുന്ന പ്രവണത കൂടിവരികയുമാണ്.
ഇത് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളുടെ ആധികാരികത/വിശ്വാസതയെയും അവയുടെ സ്വാധീനതയെയും (സര്‍ക്കുലേഷന്‍/വ്യാപ്തി) ചോദ്യം ചെയ്യുന്നതാണ്. സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന പക്ഷപാതപരമായ സമീപനത്തിന്റെ ലക്ഷണങ്ങളാണ് ഇവയെല്ലാം.
ഈ പ്രതിഭാസം കേന്ദ്രത്തില്‍ മാത്രമല്ല. അസം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കാണാം. അവിടെയും സര്‍ക്കാര്‍, സൗഹൃദ മാധ്യമ സ്ഥാപനങ്ങള്‍ക്ക് പരസ്യങ്ങള്‍ വിവേചനപരമായി വിതരണം ചെയ്യുന്നുണ്ട്.
എന്നാല്‍ നിര്‍ണായക സ്വാധീനമുള്ള സ്വതന്ത്ര മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ തടഞ്ഞുവെക്കുന്ന പ്രവണത അതീവ ഗുരുതരമായ ഉത്ക്കണ്ഠയുണ്ടാക്കുന്നുണ്ട്. വിവേചനപരമായി പരസ്യ വരുമാനം അനുവദിക്കുന്നതു ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു ഹര്‍ജിയിന്മേല്‍ അസമിലെ ഗുവാഹത്തി ഹൈക്കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
അതുപോലെ, 2024 ഒക്ടോബര്‍ 28-ന് ബോംബെ ഹൈക്കോടതിയില്‍ നടന്ന കോമണ്‍ കോസ് കേസ് പ്രധാനമായും നിരീക്ഷിച്ചത് പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ പരസ്യപ്രചാരണവും അതിലെ ആശങ്കയുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒരു ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
2024 സെപ്തംബര്‍ മാസത്തില്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഒരു സബ്-കമ്മിറ്റി ‘അച്ചടി മാധ്യമങ്ങളില്‍ പരസ്യങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ‘അവസാന കുറേ വര്‍ഷങ്ങളായി അച്ചടി മാധ്യമങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍, പരസ്യ വരുമാനത്തിലെ ഇടിവ്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നുള്ള മത്സരം തുടങ്ങി കാര്യമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്… അതുകൊണ്ട് പരസ്യങ്ങള്‍ നീതിപൂര്‍വ്വകമായി വിതരണം ചെയ്യേണ്ടതിന്റെ അടിയന്തര ആവശ്യകതയുണ്ട്.
പ്രിന്റ് മീഡിയയ്ക്കായി നിഷ്‌കര്‍ഷിതമായി വിനിയോഗം വര്‍ദ്ധിപ്പിക്കുകയും വേണം. അച്ചടി മാധ്യമങ്ങളെ മറ്റ് മാധ്യമരൂപങ്ങളില്‍ നിന്ന് വേറിട്ടൊരു ഘടകമായി പരിഗണിക്കുകയും ചെയ്യുന്നതിലൂടെ ഈ വെല്ലുവിളികള്‍ നേരിടാനാകും.’ സര്‍ക്കുലേഷന്‍ അടക്കം ഗുണമേന്മയുള്ള മറ്റ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരസ്യ വിതരണത്തിന്റെ അളവ് ആനുപാതികമായി നിശ്ചയിക്കണമെന്നും സബ്-കമ്മിറ്റി ശുപാര്‍ശ ചെയ്തു.
സന്തുലിതമല്ലത്താതും ഉള്‍ക്കൊള്ളാത്തതും
ലോക സാമ്പത്തിക ഫോറം പ്രസിദ്ധീകരിച്ച 2024-ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം ആശങ്കയുയര്‍ത്തുന്നതാണ്. 146 രാജ്യങ്ങളുള്ള റിപ്പോര്‍ട്ടില്‍ രണ്ട് സ്ഥാനം പിന്തള്ളപ്പെട്ട് 129-ാം സ്ഥാനത്താണ് ഇപ്പോള്‍ രാജ്യം. ഇന്ത്യയ്ക്ക് വെറും 64.1 ശതമാനം ജെന്‍ഡര്‍ ഗ്യാപ് നികത്താന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ ദക്ഷിണേഷ്യയിലെ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം പിന്നിലായി അഞ്ചാമത്തെ സ്ഥാനത്തേക്ക് ഇന്ത്യ തള്ളപ്പെട്ടിരിക്കുകയാണ്.
ഈ റാങ്കിംഗ് ഇന്ത്യയില്‍ തുടരുന്ന ലൈംഗിക അസമത്വ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ്. മാധ്യമ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം അങ്ങേയറ്റം ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ട്. ഇന്നും മാധ്യമ സ്ഥാപനങ്ങളിലെ തീരുമാനമെടുക്കുന്ന സ്ഥാനങ്ങളില്‍ നാലിലൊന്നില്‍ താഴെ മാത്രമാണ് സ്ത്രീകളുടെ പ്രാതിനിധ്യമുള്ളത്.
അവര്‍ക്കെതിരെ ഓണ്‍ലൈന്‍ ട്രോളിംഗ്, സ്ത്രീ-പുരുഷ വേതന വ്യത്യാസം (gender pay gap) തുടങ്ങിയ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നുണ്ട്. യൂണിയന്‍ നേതൃത്വ സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്നതും ഈ കാലത്തെ പ്രധാന ആശങ്കകളിലൊന്നാണ്.
2024 ആഗസ്റ്റില്‍ പുറത്തിറങ്ങിയ ഒരു സ്റ്റാറ്റിസ്റ്റിക്കോ സര്‍വേ റിപ്പോര്‍ട്ടില്‍, 60 ശതമാനത്തിലധികം വനിതാ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ലിംഗ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ ജോലിസ്ഥലത്ത് വിവേചനം അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തുന്നത്. അതേസമയം, പുരുഷ മാധ്യമപ്രവര്‍ത്തകരില്‍ 80 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ ലിംഗപരമായ വിവേചനം നേരിട്ടിട്ടേയില്ലെന്നും പറയുന്നു.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും വംശപരവും ഭാഷാപരവുമായ ഭൂപ്രകൃതി ഇപ്പോഴും മാധ്യമങ്ങളില്‍ വേണ്ടത്ര പ്രതിഫലിക്കപ്പെട്ടിട്ടില്ല. ഹിന്ദിക്കും ഇംഗ്ലീഷിനും കൂടുതല്‍ പ്രാധാന്യം കൊടുക്കന്നതു മൂലം പ്രാദേശിക ഭാഷകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട് എന്നത് ഒരു തര്‍ക്കവിഷയമായി നില്‍ക്കുന്നുണ്ട്.
മേല്‍പ്പറഞ്ഞ ഭാഷകളിലൂടെയുള്ള വിവരപ്രവാഹത്തില്‍ നിന്നും; ആനുപാതികമല്ലാത്തവിധം പ്രാതിനിധ്യത്തില്‍ നിന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തുകയോ അകറ്റപ്പെടുകയോ ചെയ്യുന്നു. മാധ്യമങ്ങളില്‍ ദലിതരുടെ പ്രാതിനിധ്യം കുറവായതിനാല്‍ മൂക്‌നായക്, ദലിത് വോയ്സ് പോലുള്ള ചില ദലിത് നേതൃത്വത്തിലുള്ള വാര്‍ത്താ പോര്‍ട്ടലുകള്‍ ഈ ശൂന്യത നികത്താന്‍ ശ്രമിക്കുന്നുണ്ട്.
വിശ്വാസരാഹിത്യം
മാധ്യമ സ്ഥാപനങ്ങളില്‍ വിശ്വാസക്കുറവ് വര്‍ദ്ധിച്ചുവരുന്നത് അസ്വസ്ഥതയുളവാക്കുന്നതാണ്. 2024-ല്‍ ഇന്ത്യയില്‍ സ്റ്റാറ്റിസ്റ്റ നടത്തിയ മറ്റൊരു സര്‍വേയോട് പ്രതികരിച്ചവരില്‍ 67 ശതമാനം പേരും മാധ്യമങ്ങളെ വിശ്വസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാജ വാര്‍ത്തകള്‍, തെറ്റായ വിവരങ്ങള്‍, പ്രത്യേക ഉദ്ദേശ്യത്തോടു കൂടിയുള്ള പ്രചാരണം (Propaganda) എന്നിവയുടെ വ്യാപനത്തെക്കുറിച്ചെല്ലാം അവര്‍ക്ക് ഉത്കണ്ഠയുണ്ടായിരുന്നു.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ ചില മാധ്യമങ്ങളെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഈ കുറ്റപ്പെടുത്തല്‍ പോലും പിന്നീട് ഇതിനു മുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ആഖ്യാനങ്ങള്‍ ചമക്കാനുള്ള ഒരു ഉപാധിയാക്കും. അതിനു മാത്രമായിട്ടാണ് ഇങ്ങനെ വിമര്‍ശനമുന്നയിക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
മാധ്യമ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം അങ്ങേയറ്റം ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ട്.
2024 സെപ്തംബര്‍ 20-ന് ബോംബെ ഹൈക്കോടതി 2023-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ഭേദഗതി നിയമങ്ങള്‍ റദ്ദാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ പരുഷത നിറഞ്ഞ മനോഭാവത്തിന് ഈ വിധി ഒരു ചെറിയ തിരിച്ചടിയായി.
ഈ നിയമം സര്‍ക്കാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഉള്ളടക്കം- തെറ്റായതാണോ, വ്യാജമാണോ, തെറ്റിദ്ധരിപ്പിക്കുന്നതാണോ- എന്നു പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഫാക്ട്-ചെക്ക് യൂണിറ്റ് രൂപീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു.
ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ആനുപാതികതയുടെ മാദണ്ഡം (test of proportionality) തൃപ്തികരമല്ലെന്നും വ്യക്തമാക്കി. (test of proportionality- ഭരണഘടനാപരമായതോ അടിസ്ഥാനാവകാശങ്ങളോട് അനുബന്ധമായതോ ആയ നിയമങ്ങള്‍ നിലനില്‍ക്കാന്‍, അതിന്റെ ലക്ഷ്യവും ഉപാധികളും തമ്മില്‍ ആനുപാതികത ഉണ്ടായിരിക്കേണ്ടതാണ്.)
താഴ്വരയിലെ വെല്ലുവിളികള്‍
ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി നിറഞ്ഞതായി തുടരുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തുകയും ചെയ്തിരുന്നു.
അതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 2024 ഒക്ടോബറിലായിരുന്നു നടന്നത്. തെരഞ്ഞെടുപ്പില്‍ ഒരു പ്രാദേശിക പാര്‍ട്ടി അധികാരത്തില്‍ വന്നെങ്കിലും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഒരു പ്രദേശമാണ്. ചിറകുകളെല്ലാം വെട്ടിയൊതുക്കിയ നിലയിലുള്ള അവരുടെ അധികാരങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു.
ഒമര്‍ അബ്ദുള്ള
തെരഞ്ഞെടുപ്പിന് തലേന്നാള്‍ ‘ജമ്മു കാശ്മീരിനെക്കുറിച്ച് പരാമര്‍ശിക്കുന്ന- വിമര്‍ശനാത്മകവും വിയോജിപ്പുള്ളതുമായ ശബ്ദങ്ങളെ ഭയപ്പെടുത്തുന്നതിനായി രാജ്യത്തെ കര്‍ശനമായ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരമുള്ള യാത്രാ നിരോധനങ്ങളും ഏകപക്ഷീയമായ തടങ്കലുകളും പ്രയോഗിക്കുന്നത് നിര്‍ത്താന്‍’ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ന്യൂസ്‌ലോണ്‍ഡ്രി- 2024 സെപ്തംബറില്‍ ചെയ്ത ഒരു റിപ്പോര്‍ട്ട് മാധ്യമപ്രവര്‍ത്തകരുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. സംസ്ഥാനത്ത് സജീവമായ നിരവധി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുണ്ട്. അതിലൊരു ഏജന്‍സി മാധ്യമ പ്രവര്‍ത്തകരെ ഇപ്പോഴും സ്ഥിരമായി ചോദ്യം ചെയ്യലിന് വിധേയരാക്കുന്നുണ്ടെന്നു കണ്ടെത്തി.
ചില മാധ്യമപ്രവര്‍ത്തകര്‍ പൊതുസുരക്ഷാ നിയമം (PSA) അല്ലെങ്കില്‍ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ പ്രകാരം ജയിലുകളില്‍ കഴിയുകയാണെന്നും കണ്ടെത്തി. ഈ കേസുകള്‍ ഐ.എഫ്.ജെയും (IFJ) മാധ്യമസ്വാതന്ത്ര്യ സമൂഹത്തിലെ മറ്റുള്ളവരും സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.
മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്ത 2020-ലെ മീഡിയ പോളിസിയുടെ കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അതുകൊണ്ട് പുതിയൊരു മാധ്യമനയം തയ്യാറായി കൊണ്ടിരിക്കുകയാണ്.
‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പുതിയ വെബ് പോര്‍ട്ടലുകള്‍, വെബ്സൈറ്റുകള്‍ എന്നിവയുള്‍പ്പടെ പുതുതായി രംഗത്തുവരുന്ന പ്ലാറ്റ്‌ഫോമുകളെല്ലാം ഈ നയത്തിനകത്ത് പെടുമെന്ന്’ 2024 മാര്‍ച്ചില്‍ ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നിരുന്നാലും അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഒന്നും പറയാതെ ഒഴിഞ്ഞുമാറി. സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ജമ്മുകാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ വ്യാപകമായ ഭയത്തിന്റെ അന്തരീക്ഷം മാറുമോ? എന്ന കാര്യത്തില്‍ ഒരു വലിയ ചോദ്യചിഹ്നം അവിടെത്തന്നെ നില്‍ക്കുകയാണ്. ഒരു തരത്തില്‍ വലിയൊരു ‘ഇല്ല’ എന്നായിരിക്കാം ഉത്തരം.
ദോഡ ജില്ല ആസ്ഥാനമായുള്ള ഡിജിറ്റല്‍ വാര്‍ത്താ സ്ഥാപനമായ ‘ദി ചെനാബ് ടൈംസി’നെതിരെ ഭരണകൂടം അടുത്തിടെ നിയമനടപടി എടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഈ സര്‍ക്കാര്‍ നടപടിയില്‍ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ ആഴത്തില്‍ സന്ദേഹം രേഖപ്പെടുത്തി.
ദോഡയില്‍ നിന്നുള്ള ഒരു പ്രാദേശിക ആക്ടിവിസ്റ്റിനെ പൊതുസുരക്ഷാ നിയമപ്രകാരം (PSA) തടങ്കലില്‍ വെച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ദി ചെനാബ് ടൈംസ് പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്തതിനാണ് ഈ ഭീഷണി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് (I&PRD) 2024 നവംബര്‍ 12 ലെ ഒരു കത്തില്‍ ഇതിനെ ‘അപ്രസക്തമായ പോസ്റ്റ്’ എന്നണ് വിശേഷിപ്പിച്ചത്. വീഡിയോയിലെ ഉള്ളടക്കം ‘നിയമനടപടി ക്രമങ്ങളെ മുന്‍വിധിയോടെ കാണുന്നു’ എന്നു കുറ്റപ്പെടുത്തി.
‘കിംവദന്തികള്‍ പറഞ്ഞുപരത്തി’ ജില്ലയുടെ ഭരണപരമായ നടപടിക്രമങ്ങളെ ‘മോശമായി ചിത്രീകരിച്ചത്’ പൊതുസമാധാനത്തിന് ഭീഷണിയാണെന്നും കത്തില്‍ ആരോപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് മാധ്യമ സ്വാതന്ത്ര്യം തടയാനുള്ള ശ്രമമാണെന്ന് വിശേഷിപ്പിച്ച ഫൗണ്ടേഷന്‍, ഈ നീക്കത്തെ അപലപിച്ചു.
മറുവശത്ത് കോടതികള്‍ പ്രതീക്ഷയേകുന്നുമുണ്ട്. 2025 ജനുവരി 2-ന് ജമ്മുവില്‍ രണ്ട് പത്രങ്ങളുടെ ഉടമയായ തരുണ്‍ ബെഹ്ലിനെതിരെ പാസാക്കിയ കരുതല്‍ തടങ്കല്‍ ഉത്തരവ് ജമ്മു കാശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. ആ ഉത്തരവ് ‘ദുഷ്ടലാക്കോടെയുള്ളതും നിയമവിരുദ്ധവും’ എന്നാണ് കോടതി വിശേഷിപ്പിച്ചത്.
കൂടാതെ രണ്ട് മാസത്തിനിടെ മൂന്ന് ക്രിമിനല്‍ കേസുകളെടുത്ത് ബെഹ്ലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ സമയത്ത് തന്നെയാണ് ഒരുതവണ കരുതല്‍ തടങ്കല്‍ ഉത്തരവ് നല്‍കിയതും.
2024 സെപ്തംബറില്‍ മൂന്നാമത്തെ കേസില്‍ ജാമ്യം ലഭിച്ച അതേ ദിവസം തന്നെയാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതും.
സെപ്തംബറിലെ അറസ്റ്റും തടങ്കലും ‘ഹരജിക്കാരനെ പൈശാചികമായ രീതിയില്‍ വേട്ടയാടലിന് വിധേയമാക്കാന്‍ അധികാരികള്‍ ഉന്നം വെച്ചിരുന്നതിന്റെ സൂചനയായിരുന്നു. മേല്‍പ്പറഞ്ഞ സംഭവങ്ങളുടെ ക്രമത്തില്‍നിന്ന് അത് വ്യക്തമാണെന്നും’ ജസ്റ്റിസ് രാഹുല്‍ ഭാരതി പറഞ്ഞു.
2025 ഫെബ്രുവരി 19-ന് മാധ്യമ പ്രവര്‍ത്തകനായ മജീദ് ഹൈദരിക്കെതിരായ കരുതല്‍ തടങ്കല്‍ ഉത്തരവ് ജമ്മു കാശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. ഒരു പ്രാദേശിക ഡിജിറ്റല്‍ വാര്‍ത്താ പ്ലാറ്റ്ഫോമിലാണ് ഹൈദരി ജോലി ചെയ്യുന്നത്. ക്രമസമാധാന പ്രശ്നവുമായി നേരത്തെയുള്ളതും നിലവില്‍ ‘സജീവവും നേരിട്ട് ബന്ധം’ ഇല്ലാത്തതുമായ സാഹചര്യത്തില്‍ ഏതൊരു സര്‍ക്കാര്‍ വിമര്‍ശകനെയും കരുതല്‍ തടങ്കലില്‍ വെക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചു.
ഹൈദരിയുടെ പി.എസ്.എ ഡോസിയറില്‍ ഉദ്ധരിച്ച ‘അവ്യക്തവും അര്‍ത്ഥരഹിതമായ വാചാടോപത്തിന്റെ’ പേരില്‍ തടവില്‍ വെക്കാനാവില്ല. അത് ‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഒരാളുടെ ജീവിക്കാനുള്ളതും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ളതുമായ മൗലികാവകാശത്തിന്റെ ലംഘനമാണ്’. ഇത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് മുകളിലുള്ള ആക്രമണമാണെന്നും’ 23 പേജുള്ള വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
അതുപോലെ, തുടര്‍ച്ചയായ അറസ്റ്റിന്റെ ഇരയായിരുന്നു മാധ്യമപ്രവര്‍ത്തകനായ ആസിഫ് സുല്‍ത്താന്‍. അദ്ദേഹത്തിന് 2024 മെയ് 10-ന് ശ്രീനഗറിലെ ഒരു കോടതി ഒടുവില്‍ ജാമ്യം അനുവദിച്ചു. ഏകദേശം ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2024 ഫെബ്രുവരി 27-നാണ് മോചിതനായത്.
വെറും രണ്ട് ദിവസത്തിന് ശേഷം ആസിഫ് സുല്‍ത്താന്‍ വീണ്ടും അറസ്റ്റിലായി. യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. യു.എ.പി.എ ചുമത്തുന്നത് കൊണ്ടുമാത്രം ജാമ്യാപേക്ഷകള്‍ നിരസിക്കാന്‍ പര്യാപ്തമല്ലെന്നും ജാമ്യം അനുവദിക്കുമ്പോള്‍ കോടതി വ്യക്തമാക്കി.
ആസിഫ് സുല്‍ത്താന്‍
സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, നക്‌സല്‍ ബാധിത പ്രദേശങ്ങള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍, പോലീസ്, സുരക്ഷാ സേനകള്‍ എന്നിവര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉപസമിതിയുടെ 2024 സെപ്തംബര്‍ 27-ലെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു:
‘2019-ലായിരുന്നു ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തനത്തിനും മുകളില്‍ വിഘടനവാദി-തീവ്രവാദി ഗ്രൂപ്പുകളുടെയും സംഘടനകളുടെയും സമ്മര്‍ദ്ദം കുറഞ്ഞിരുന്നു. എന്നാലിപ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരികയാണ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
മിക്ക കേസുകളിലും സര്‍ക്കാര്‍ വിവരങ്ങളുടെയും പത്രക്കുറിപ്പുകളുടെയും സഹായത്തോടെയാണ് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ടി വരുന്നത്. ഇതിനുപകരം ഒരു മാധ്യമപ്രവര്‍ത്തകന്‍ സര്‍ക്കാരുമായി വിയോജിക്കുകയും വസ്തുതാധിഷ്ഠിത മാധ്യമപ്രവര്‍ത്തനം നടത്താന്‍ തീരുമാനിക്കുകയും ചെയ്താല്‍ ആദ്യം അയാളുടെ പത്രത്തിനുള്ള പരസ്യങ്ങള്‍ നിര്‍ത്തലാക്കും. തുടര്‍ന്ന് അത്തരം മാധ്യമപ്രവര്‍ത്തകരെയും എഡിറ്റര്‍മാരെയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കും. അവരെ പഴയ കേസുകളില്‍ പെടുത്തി ഗുരുതരമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്യും.
തീവ്രവാദ ഫണ്ടിംഗ് ആരോപിച്ചും നിരവധി മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെതിരായ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്ക് ഒരു വേദി നല്‍കിയിരുന്ന കാശ്മീര്‍ പ്രസ് ക്ലബ് വിഭാഗീയതയുടെ പേരില്‍ അടച്ചുപൂട്ടുകയായിരുന്നു.
പ്രാദേശിക മാധ്യമപ്രവര്‍ത്തകരും ദേശീയ മാധ്യമങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നവരും തമ്മില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം മാധ്യമസ്വാതന്ത്ര്യമുണ്ടെന്ന് ആദ്യവിഭാഗം അവകാശപ്പെട്ടപ്പോള്‍, മാധ്യമ പ്രവര്‍ത്തകരെ പഴയ കേസുകളില്‍ പ്രതികളാക്കി ഗുരുതരമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയാണെന്ന് രണ്ടാമത്തെ വിഭാഗം പറഞ്ഞു.
മേഖലയില്‍ നിരവധിയായ വിമര്‍ശനാത്മക പത്രപ്രവര്‍ത്തനം ഗൗരവമായി നിശബ്ദമാക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയിലെയും ആഗോളതലത്തിലെയും സ്വതന്ത്ര മാധ്യമങ്ങള്‍ വെളിച്ചം വീശുന്നത് തുടരുകയാണെന്ന് വ്യക്തമാണ്.
തൊഴില്‍ അവകാശങ്ങളുടെ ശോഷണം
മൂന്നാം ഊഴത്തിലേക്ക് കടന്ന കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷം മുമ്പ് പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിനുള്ള കളമൊരുക്കുകയാണ്. മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കരട് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം ഇതുവരെ ഇതിന്മേല്‍ വിജ്ഞാപനം ഇറക്കിയിട്ടില്ല. ഇത് നിയമമായാല്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങളെയും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും വെട്ടിച്ചുരുക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ (സി.ടി.യു) ഈ നിയമങ്ങള്‍ നടപ്പാക്കുന്നതിനെ എതിര്‍ത്തിരുന്നു.
നരേന്ദ്ര മോദി
പുതിയ തൊഴില്‍ നിയമങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളെയും അവരുടെ സാമൂഹിക സുരക്ഷയെയും കൂടുതല്‍ വഷളാക്കുമെന്ന് പറഞ്ഞുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ പുതിയ തൊഴില്‍ നിയമങ്ങളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
വര്‍ക്കിംഗ് ജേണലിസ്റ്റുകളിലും മറ്റ് പത്ര ജീവനക്കാരിലും (സേവന വ്യവസ്ഥകള്‍) പലവകകളിലും ഉള്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കിംഗ് ജേണലിസ്റ്റുകളുടെ അവകാശങ്ങള്‍, 1955-ലെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആന്‍ഡ് ന്യൂസ്പേപ്പര്‍ എംപ്ലോയീസ് (സേവന വ്യവസ്ഥകള്‍) ആന്‍ഡ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്ടില്‍ (WJA ആക്ട്) ഉള്‍ക്കൊള്ളിച്ചിരുന്ന തൊഴില്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍, 2020-ലെ തൊഴില്‍പരമായ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ കോഡ് (‘ഒ.എസ്.എച്ച് കോഡ്’) തുടങ്ങിയവ റദ്ദാക്കുന്നു.
കാര്യങ്ങളെല്ലാം മാനേജ്‌മെന്റുകള്‍ക്ക് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നാല് തൊഴില്‍ കോഡുകളില്‍ ഒന്നാണ് ഒ.എസ്.എച്ച് കോഡ്. ഇവയെല്ലാം ചേര്‍ന്ന് നിലവിലുള്ള 44 നിയമങ്ങളാണ് റദ്ദാക്കുന്നത്. ഈ കോഡുകള്‍ ഒട്ടും ദോഷകരമല്ലാത്തവയല്ല. കാര്യക്ഷമമാക്കല്‍ എന്ന പേരില്‍ തൊഴിലാളികളുടെ സുപ്രധാനമായ പല സംരക്ഷണങ്ങളും ഇവ ഇല്ലാതാക്കും.
സര്‍ക്കാരിനെതിരായ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്ക് ഒരു വേദി നല്‍കിയിരുന്ന കാശ്മീര്‍ പ്രസ് ക്ലബ് വിഭാഗീയതയുടെ പേരില്‍ അടച്ചുപൂട്ടുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ലേബര്‍ കോഡുകളെ അപലപിക്കുകയും വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് (WJA) പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഡിജിറ്റല്‍ മീഡിയയെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും പീഡനങ്ങള്‍ പരിഹരിക്കുന്നതിനും ഒരു സ്വതന്ത്ര മീഡിയ കമ്മീഷന്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു.
അടിമുടി മാറ്റം
ഇന്ത്യന്‍ മാധ്യമ വ്യവസായം ഒരു അടിമുടി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മുന്നോട്ടുള്ള പാത വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളുടെ തകര്‍ച്ചയും ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയും തൊഴില്‍ വിപണിയില്‍ സമൂലമായ ഒരു മാറ്റത്തിന് അടയാളം കുറിക്കുന്നു. 2024-2025 കാലയളവില്‍ ഇന്ത്യന്‍ മാധ്യമരംഗത്ത് കാര്യമായ രീതിയില്‍ തന്നെ തൊഴില്‍ നഷ്ടങ്ങളും പല കാരണങ്ങളാലുള്ള പിരിച്ചുവിടലുകളും കൂടിവരികയാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പിരിച്ചുവിടലുകളില്‍ 15 ശതമാനമാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. വെറും ആറ് മാസത്തിനുള്ളില്‍ അച്ചടി, ടിവി, ഡിജിറ്റല്‍ ന്യൂസ് റൂമുകളിലായി ഏകദേശം 200 മുതല്‍ 400 വരെ പ്രൊഫഷണലുകളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി മാധ്യമവൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
ഇന്ത്യന്‍ മാധ്യമ വ്യവസായത്തില്‍ പുനക്രമീകരണങ്ങളും ചെലവ് ചുരുക്കലും തുടരുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നതിനാല്‍ ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 2024-നെ അപേക്ഷിച്ച് വേഗത കുറവാണെങ്കിലും 2025-ലും ഇന്ത്യയില്‍ പിരിച്ചുവിടലുകള്‍ തുടര്‍ന്നേക്കുമെന്ന ആശങ്കകളുണ്ട്.
നിരവധി പരമ്പരാഗത മാധ്യമങ്ങള്‍, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം അച്ചടി സ്ഥാപനങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്താന്‍ നിര്‍ബന്ധിതരായി. ഉയര്‍ന്ന അച്ചടിച്ചെലവ്, സര്‍ക്കുലേഷന്‍ കുറയുന്നത്, പരസ്യവരുമാനത്തിലെ ഇടിവ് എന്നിവയാണ് ഇത്തരം അടച്ചുപൂട്ടലുകള്‍ക്ക് പ്രധാന കാരണങ്ങള്‍.
വര്‍ഷങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ആളുകള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള ചില പ്രാദേശിക പത്രങ്ങള്‍ക്ക് വരെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു. ഉദാഹരണത്തിന്, 1999-ല്‍ സ്ഥാപിതമായ നാഗാലാന്‍ഡ് സംസ്ഥാനത്തിലെ ദിമാപൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘നാഗാലാന്‍ഡ് പേജ്’ എന്ന ഇംഗ്ലീഷ് ദിനപത്രം 2024-ല്‍ പ്രസിദ്ധീകരണം നിര്‍ത്തി.
പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതായി കാണിച്ച് നാഗാലാന്റ് പേജ് 2025 ജനുവരി 7ന് പുറത്തിറക്കിയ കുറിപ്പ്
അസമിലെ ഏറ്റവും വലിയ രണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സാദിന്‍’, ‘അസം ബാണി’ എന്നീ രണ്ട് ജനസ്വാധീനമുള്ള വാരികകള്‍ അവരുടെ പ്രധാന ദിനപത്രങ്ങളുടെ സപ്ലിമെന്റുകളാക്കി മാറ്റി. ഒരു പത്രം അടച്ചുപൂട്ടലും തൊഴില്‍ അവസരങ്ങള്‍ നിര്‍ബന്ധിതമായി വെട്ടിച്ചുരുക്കുകയും ചെയ്യുമ്പോള്‍ അതേ പ്രാദേശിക മാധ്യമ വിപണിയില്‍ ഒരു ജോലി കണ്ടെത്താനുള്ള പ്രയാസം ഏറിവരുന്നതിനും ഇത് കാരണമായി.
മുന്നോട്ടുള്ള വഴി
വാര്‍ത്തകള്‍ വായിക്കുന്നതും കാണുന്നതും കേള്‍ക്കുന്നതും ഓണ്‍ലൈനിലേക്ക് മാറുകയും ഓട്ടോമേഷന്‍ വര്‍ദ്ധിക്കുകയും ചെയ്തു. അതിനനുസരിച്ച് മാധ്യമരംഗവും അതിന്റെ പരിസരങ്ങളും കാര്യമായ പരിവര്‍ത്തനത്തിന് തന്നെ വിധേയമായി കൊണ്ടിരിക്കുകയാണ്.
മനുഷ്യനിര്‍മ്മിത വാര്‍ത്തകളുടെ മാറിക്കൊണ്ടിരിക്കുന്ന രൂപരേഖകള്‍, തൊഴില്‍ സാഹചര്യങ്ങള്‍, പൊതുജീവിതത്തിലും ജനാധിപത്യ ധാര്‍മ്മികതയിലും ഉണ്ടാകുന്ന അസ്ഥിരമായ സ്വാധീനം എന്നിവ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ഒരുപോലെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്.
മാധ്യമങ്ങള്‍ സദാ നിരീക്ഷകരായി നിന്നുകൊണ്ട് മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് നീതിന്യായ വ്യവസ്ഥയെ(കോടതിയെ) സമീപിക്കാനുള്ള ശേഷി ശക്തിപ്പെടുത്തണം. ഈ നിര്‍ണായക ഘട്ടത്തില്‍ മാധ്യമസമൂഹം ഒറ്റക്കെട്ടായി മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കണം.