കോഴിക്കോട്: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകള്‍ വരേണ്ടതില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് തള്ളി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രന്‍പിള്ള. ശബരിമലയിലേക്ക് സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ സുപ്രീം കോടതി വിധിക്കെതിരാണ്. അങ്ങനെ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസിന്റെ ചര്‍ച്ചക്കിടെയായിരുന്നു ചന്ദ്രന്‍പിള്ളയുടെ പ്രതികരണം.
“ആക്ടിവിസ്റ്റുകള്‍ക്കും നിരീശ്വരവാദികള്‍ക്കും ശബരിമലയില്‍ പോകാന്‍ പാടില്ലെന്ന് പറയേണ്ട ആവശ്യമില്ല. മന്ത്രി സമ്മര്‍ദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയില്‍ നിന്നുകൊണ്ടാകണമെന്നില്ല. ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ല. അത് ചിലപ്പോള്‍ തിരുത്തേണ്ടി വരും. ശബരിമലയിലേക്ക് വരേണ്ടെന്ന് പറയാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല”.
സ്ത്രീപുരുഷ തുല്യത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അബദ്ധമാണ്. അത് മനുസ്മൃതി അവര്‍ത്തിക്കണമെന്ന് പറയുന്നതിന് തുല്യമാണ്. ഒരു കാലത്ത് അങ്ങനെയൊക്കെ നടന്നിരുന്നു. നമ്മള്‍ അതില്‍ നിന്ന് പുറത്തേക്ക് വരികയാണ്. ഒരുപാട് മാറ്റങ്ങള്‍ സ്ത്രീകളുടെ പദവികളുടെ കാര്യത്തില്‍ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ-പുരുഷ സമത്വത്തെ ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ തെറ്റായ നിലപാട് സ്വീകരിക്കുകയാണെന്ന് മാത്രമേ അതിന് അര്‍ത്ഥമുള്ളൂവെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.
നേരത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയപ്പോള്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്നായിരുന്നു മന്ത്രി കടകംപള്ളി പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
WATCH THIS VIDEO: