ന്യൂദൽഹി: വെനസ്വേലയ്‌ക്കെതിരായ യു.എസ് ആക്രമണത്തെ അപലപിച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയത് നഗ്നമായ ആക്രമണമാണെന്നും ഇതവസാനിപ്പിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പറഞ്ഞു.
ഭരണമാറ്റം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി യു.എസ് വെനസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ വിന്യസിച്ചിട്ടുണ്ടെന്നും 2025 ഡിസംബർ ആദ്യ വാരത്തിൽ പ്രഖ്യാപിച്ച യു.എസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ യഥാർത്ഥ മുഖമാണിതെന്നും സി.പി.ഐ.എം വിമർശിച്ചു.
പടിഞ്ഞാറൻ അർദ്ധഗോളത്തിലെ യു.എസ് സേനകളുടെ കേന്ദ്രീകരണവും മുഴുവൻ മേഖലയെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള പരസ്യ പ്രഖ്യാപനവും മൺറോ സിദ്ധാന്തത്തിന്റെ പ്രതിഫലനമാണ്.
അമേരിക്കയുടെ ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈന്യങ്ങളെയും പിൻവലിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെടുന്നു.
ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണമെന്നും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയെ അനുവദിക്കാതിരിക്കണമെന്നും സി.പി.ഐ.എം നിർദേശിച്ചു.
യു.എസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യു.എൻ സുരക്ഷാ കൗൺസിൽ ഒരു പ്രമേയം പാസാക്കണം. വെനസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയിൽ അന്താരാഷ്ട്ര സമ്മർദം ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
വെനസ്വേലയിൽ നടന്ന സ്ഫോടനങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കുകയും ഇവരെ രാജ്യത്ത് നിന്നും പുറത്തേക്ക് കൊണ്ടുപോയതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്തുടനീളം ഏഴ് സ്ഫോടനങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിനുപിന്നാലെ മഡുറോ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശനി പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്.
Content Highlight: CPIM Politburo condemns US attack on Venezuela