തിരുവനന്തപുരം: ദല്‍ഹിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ദല്‍ഹിയിലെ തെരുവുകളില്‍ ജനാധിപത്യം ചവിട്ടിമെതിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളുന്നയിക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനോ ജനാധിപത്യപരമായ കൂടിയാലോചനകള്‍ നടത്താനോ തയ്യാറാകാതെ സമരങ്ങളെ നിഷ്ഠൂരമായി അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.
ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അസഹിഷ്ണുതയാണ് ശത്രു സൈന്യത്തെ എന്നവണ്ണം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നേരിടുന്നതിലൂടെ പ്രകടമാവുന്നത്. ഈ അനീതിക്കെതിരെ അതിശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയരണമെന്നും പിണറായി അഭിപ്രായപ്പെട്ടു.
‘ദേശീയ പ്രവേശന പരീക്ഷകളില്‍ തുടര്‍ച്ചയായി ഉണ്ടായ ക്രമക്കേടുകള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും കുടുംബങ്ങളുടെയും പ്രതീക്ഷകളെയാണ് തകര്‍ത്തത്. ഇതിനെതിരെ നടന്നുവരുന്ന സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെ ബാരിക്കേഡുകള്‍ തീര്‍ത്ത് ബലപ്രയോഗത്തിലൂടെ മൃഗീയമായി അടിച്ചമര്‍ത്തുകയാണ്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി കുറിച്ചു.
പരീക്ഷാ ക്രമക്കേടുകളുടെ പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ‘കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുകയും രാജ്യത്തെ പരീക്ഷാ സംവിധാനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിശ്വാസം പുനസ്ഥാപിക്കുന്ന സമഗ്രമായ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കുകയും വേണം. നീതിക്കും സുതാര്യതയ്ക്കും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍,’ പിണറായി കുറിച്ചു.
സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് നടന്ന പൊലീസ് അതിക്രമത്തെ അപലപിച്ചിരുന്നു. ഔദ്യോഗിക പ്രസ്താവനയിലായിരുന്നു അതിക്രമത്തെ പൊളിറ്റ് ബ്യൂറോ അപലപിച്ചത്.
‘കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയോടെ ദല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍. ജന്തര്‍ മന്ദറില്‍ സമാധാനപൂര്‍വം ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെയും കണ്ണീര്‍ വാതക പ്രയോഗത്തെയും സി.പി.എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു,’ പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍തക്ക് വഴങ്ങാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി തയ്യാറാവണം. ധര്‍മേന്ദ്ര പ്രധാന്‍ പുറത്ത് പോകണം. നാഷനല്‍ ടെസ്റ്റിങ് അതോറിറ്റി പിരിച്ച് വിടണം. അറസ്റ്റ് ചെയ്തവരെയെല്ലാം ഉടന്‍ വിട്ടയക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ കൊണ്ടൊന്നും രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രോഷത്തെ ഇല്ലാതാക്കാന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കാന്‍ സി.പി.ഐ.എം താത്പര്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
Content Highlight: CPIM Leader Pinarayi Vijayan on Police Crackdown on Youth Protesters Demanding Resignation of Dharmendra Pradhan
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.