| Friday, 14th November 2025, 11:46 am

പട്ടികയില്‍ 7.42 കോടി, വോട്ട് ചെയ്തത് 7.45 കോടി, ആ മൂന്ന് ലക്ഷം പേര്‍ എവിടെ നിന്ന് വന്നു: ദീപാങ്കര്‍ ഭട്ടാചാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഭട്ടാചാര്യ പറയുന്നത്.

വോട്ടര്‍ പട്ടികയില്‍ ആകെ 7.42 കോടി ആളുകളാണ് ഉള്ളതെന്നും എന്നാല്‍ 7.45 കോടി ആളുകള്‍ വോട്ട് രേഖപ്പെടുത്തിയെന്നുമാണ് ഭട്ടാചാര്യ പറഞ്ഞത്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ് ഭട്ടാചാര്യ പുറത്തുവിട്ട കണക്കുകള്‍.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഭട്ടാചാര്യ ഇക്കാര്യം പറയുന്നത്.

‘എസ്.ഐ.ആറിന് ശേഷം ബീഹാറില്‍ 7.42 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ 7,45,26,858 വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നത്. എങ്ങനെയാണ് പരിഷ്‌കരണത്തിന് ശേഷവും ഇത്തരമൊരു വര്‍ധനവ് ഉണ്ടായത്,’ തേജസ്വി യാദവിനെയും രാഹുല്‍ ഗാന്ധിയെയും അടക്കം ടാഗ് ചെയ്തുകൊണ്ട് ഭട്ടാചാര്യ കുറിച്ചു.

അതേസയം, ബീഹാറില്‍ എന്‍.ഡി.എ സഖ്യം അധികാര കസേരയില്‍ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. 2020ന് അപേക്ഷിച്ച് എന്‍.ഡി.എയിലെ എല്ലാ പാര്‍ട്ടികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആകെയുള്ള 243 സീറ്റുകളില്‍ 190+ലും എന്‍.ഡി.എ സഖ്യം ലീഡ് ചെയ്യുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍.ജെ.ഡി ഇത്തവണ ഏറെ പിന്നില്‍ പോയി. കോണ്‍ഗ്രസിന്റെ പതനവും ബിഹാര്‍ തെരഞ്ഞെടുപ്പിലെ കാഴ്ചയായി.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ക്കുതന്നെ എന്‍.ഡി.എ സഖ്യമാണ് ലീഡ് ചെയതിരുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മഹാഗഡ്ബന്ധനിന് മുന്നേറാന്‍ സാധിച്ചില്ല.

ആര്‍.ജെ.ഡിയുടെ പരമ്പരാഗത മണ്ഡലങ്ങളിലും യാദവ വോട്ടുബാങ്കുകളിലും ജെ.ഡി.യു – ബി.ജെ.പി സഖ്യം കടന്നുകയറി. നിലവില്‍ ആര്‍.ജെ.ഡിയുടെ കുത്തക മണ്ഡലമായ രാഘോപൂരിലടക്കം മഹാഗഡ്ബന്ധന്‍ പിന്നിലാണ്. രാഘോപൂരില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ തേജസ്വി യാദവാണ് മത്സരിച്ചത്.

Content Highlight: CPI(ML) General Secretary Dipankar Bhattacharya alleged irregularities in the voter list in the Bihar elections.

We use cookies to give you the best possible experience. Learn more