| Tuesday, 26th May 2026, 7:41 pm

മുനമ്പം; മുഖ്യമന്ത്രി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാതെ പറഞ്ഞ വാക്ക് പാലിക്കണം: സി.പി.ഐ.എം

ആദര്‍ശ് എം.കെ.

കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് സി.പി.ഐ.എം. അധികാരത്തില്‍ വന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്ന സതീശന്‍, ഇപ്പോള്‍ യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.

കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ എന്‍ട്രി ചെയ്ത നടപടിയെ കോടതി നടപടികളുമായി ബന്ധിപ്പിച്ച് വി.ഡി. സതീശന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും സി.പി.ഐ.എം ആരോപിച്ചു.

മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി 2019ല്‍ വഖഫ് സ്വത്തായി പ്രഖ്യാപിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച, പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങള്‍ ചെയര്‍മാനായിരുന്ന വഖഫ് ബോര്‍ഡാണ്. നിലവില്‍ ഈ ഭൂമി വഖഫ് സ്വത്താണോ എന്ന നിയമപ്രശ്നം വഖഫ് ട്രിബ്യൂണലിന്റെയും കോടതിയുടെയും പരിഗണനയിലാണ്.

മുനമ്പം നിവാസികളെ സംരക്ഷിക്കുന്നതിനായി എല്‍.ഡി.എഫ് സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡിഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിനെതിരെ വഖഫ് ഭൂസംരക്ഷണ സമിതി കോടതിയെ സമീപിക്കുകയും സിംഗിള്‍ ബെഞ്ച് ഭൂമി വഖഫ് ആണെന്ന് വിധിക്കുകയും ചെയ്തുവെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഇതിനെത്തുടര്‍ന്ന് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാന വിധിയും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അനുമതിയും ലഭിച്ചു. ഈ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് കരം അടയ്ക്കുവാനും പോക്കുവരവ് ചെയ്യുന്നതിനും എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമൊരുക്കിയെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ വഖഫ് ഭൂസംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന്, കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മാത്രമേ ഇപ്പോള്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളൂ. കമ്മീഷന്‍ റിപ്പോര്‍ട്ട് നിലവില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

യഥാര്‍ത്ഥ വസ്തുതകള്‍ ഇതായിരിക്കെ, മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ സതീശന്‍ അവസാനിപ്പിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു

പ്രസ്താവനയുടെ പൂര്‍ണരൂപം

മുനമ്പം ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒഴിഞ്ഞുമാറ്റം അശ്ചര്യപ്പെടുത്തുന്നതാണ്. അധികാരത്തില്‍ വന്നാല്‍ പത്ത് മിനിറ്റിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോഴുള്ള അവകാശവാദം. എന്നാല്‍ കഴിഞ്ഞ ദിവസം ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി രജിസ്റ്റര്‍ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.

നിലവില്‍ മുനമ്പം ഭൂമി കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് പോര്‍ട്ടലില്‍ എന്‍ട്രി ചെയ്യുകയാണ് ചെയ്തത്. സൈറ്റില്‍ എന്‍ട്രി ചെയ്തതും കോടതി നടപടിയും തമ്മില്‍ യാതൊരു ബന്ധവുമില്ലന്നിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രശ്നത്തെ സങ്കീര്‍ണമാക്കുകയാണ് വി.ഡി. സതീശന്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ 2019ല്‍ മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങള്‍ ചെയര്‍മാനായിരുന്ന വഖഫ് ബോര്‍ഡാണ്.

നിലവില്‍ വഖഫ് സ്വത്താണോ എന്നതിന്റെ അടിസ്ഥാനപരമായ നിയമപ്രശ്നം ഉള്‍പ്പെടെ വഖഫ് ട്രിബ്യൂണലിന്റെയും കോടതിയുടെയും പരിഗണനയിലാണ്. യഥാര്‍ഥ്യം ഇതാണെന്നിരിക്കെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ് വി.ഡി. സതീശന്‍ ചെയ്യുന്നത്.

പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാനുള്ള പദ്ധതിയില്ലായെങ്കില്‍ പ്രായോഗികമായി നിയമപരമായ സാധ്യതകളെ പരിശോധിച്ച് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടത്. അല്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തുന്നത് ശരിയായ നിലപാട് അല്ല. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുനമ്പം വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിക്കണം.

മുനമ്പം നിവാസികളെ സംരക്ഷിക്കുന്നതിനായി അവര്‍ക്ക് അനുകൂലമായി നിയമപരമായ സാധ്യതകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ റിട്ട: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. ഇതിനെതിരെ വഖഫ് ഭൂസംരക്ഷണ സമിതി ഹൈക്കോടതിയില്‍ പോവുകയും കമ്മീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദ്യം ചെയ്യുകയും ഭൂമി വഖഫ് ആണെന്ന് വിധിക്കുകയും ചെയ്തു.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാന വിധിയും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുവാനുള്ള അനുവാദവും ലഭിച്ചു. ഈ ഘട്ടത്തില്‍ തന്നെ ജനങ്ങള്‍ക്ക് കരം അടയ്ക്കുവാനും പോക്കുവരവ് ചെയ്യുന്നതിലും എല്‍ ഡിഎഫ് സര്‍ക്കാര്‍ അവസരം ഒരുക്കി.

എന്നാല്‍ പിന്നീട് ഈ വിധിക്കെതിരെ വഖഫ് ഭൂസംരക്ഷണസമിതി സുപ്രിം കോടതിയില്‍ അപ്പീല്‍ പോവുകയും കമ്മിഷന്റെ തുടര്‍ പ്രവര്‍ത്തനം മാത്രം സുപ്രിം കോടതി അനുവദിച്ചു നല്‍കുകയുമാണ് ഉണ്ടായത്.കമ്മീഷന്‍ റിപ്പോര്‍ട്ട് ഗവണ്മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഈ പ്രശ്നത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കി റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ കൂടി പരിഗണിച്ച് നിയമപരമായി പ്രശ്നം പരിഹരിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകണം. അല്ലാതെ മുഖ്യമന്ത്രി തന്നെ തെറ്റ് ധരിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയല്ല വേണ്ടതെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Content Highlight:  CPI(M) says Chief Minister V.D. Satheesan is deceiving the people on the Munambam issue.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more