2025 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലം.
തമിഴ്‌നാട് ദിണ്ടിഗല്‍ മണ്ഡലത്തിലെ പഴനിക്ക് സമീപമുള്ള കീഴാനൂര്‍ പെരിയ പള്ളിവാസലില്‍ ജുമാ നമസ്‌കാരം കഴിഞ്ഞ ഉടനെ വലിയ ആള്‍കൂട്ടം.
ദിണ്ടിഗല്‍ ലോക്‌സഭ മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി ആര്‍. സച്ചിദാനന്ദം വോട്ട് ചോദിക്കാനെത്തിയതാണ്. വലിയ സ്വീകാര്യതതാണ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നത്.
ഡി.എം.കെ മുന്നണിയില്‍ മത്സരിക്കുന്ന സച്ചിദാനന്ദനെ നേരിടുന്നത് എ.ഐ.ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നല്ലൈ മുബാറക്കാണ്.

ആര്‍. സച്ചിദാനന്ദം
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി ആര്‍. സച്ചിദാനന്ദം നാലര ലക്ഷം വോട്ടുകള്‍ക്കാണ് ദിണ്ടിഗല്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒരു വര്‍ഷം പോലും വേണ്ടി വന്നില്ല രണ്ടു മുന്നണികളിലായി മത്സരിച്ച സി പി.ഐ.എമ്മും, എസ.്ഡി.പി.ഐയും ഒരേ മുന്നണിയുടെ ഭാഗമായിരിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് സി.പി.ഐ.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പിഐ, എസ്.ഡി.പി.ഐ എന്നീ പാര്‍ട്ടികളുടെ കൊടി ഒരുമിച്ച് കെട്ടിയ ഒരു പ്രചാരണ വാഹനം നമ്മുടെ നാട്ടിലൂടെ കടന്നു പോകുന്നത് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ..?
ഒരേ മുന്നണിയില്‍ ഈ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കുന്നതും ഇതുപോലൊരു പ്രചാരണ വാഹനം കടന്നു പോകുന്നതും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നമ്മുടെ സ്വപ്നങ്ങളില്‍ പോലുമുണ്ടാകില്ല. എന്നാല്‍ ഇത് സ്വപ്നമല്ല, യാഥാര്‍ഥ്യമാണ്.
വാളയാര്‍ ചെക്ക്‌പോസ്റ്റും നാടുകാണി ചുരവും കടന്നാല്‍ കേരളത്തിന് പരിചയമില്ലാത്ത സഖ്യം കാണാം, പിന്നെ ഇതു പോലുള്ള വിചിത്രമായ ഒട്ടേറെ കാഴ്ച്ചകളും കാണാം.
നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യചിത്രം തെളിഞ്ഞതോടെ രാജ്യത്ത് മറ്റൊരിടത്തും കാണാത്ത മുന്നണിയുടെ നിറഭേദങ്ങളാണ് തമിഴ്രാഷ്ട്രീയത്തിന്റെ ഹൈലൈറ്റ്.
ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സി.പി.ഐ.എം, കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ്, എസ്.ഡി.പി.ഐ, കമലഹാസന്റെ മക്കള്‍ നീതി മയ്യം എന്നീ പാര്‍ട്ടികളെല്ലാം ഒറ്റകെട്ടാണ്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട നാലു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടികളെയും സ്വന്തം മുന്നണിയിലെത്തിക്കാന്‍ സ്റ്റാലിന് കഴിഞ്ഞു.

2024ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ ജയിച്ചപ്പോഴുളള വിജയാഘോഷം
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷത്തുണ്ടായിരുന്നവരെയും സ്വന്തം പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി സ്റ്റാലിന്റെ നയതന്ത്ര മികവാണ്.
മുസ്‌ലിം ലീഗിനും എസ്.ഡി.പി.ഐക്കും പുറമെ മനിതനേയ മക്കള്‍ കക്ഷി, മനിതനേയ ജനനായക കക്ഷി എന്നവയാണ് ഡി.എം.കെ മുന്നണിയിലുള്ള മറ്റു മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍.
എം.എച്ച് ജവാഹിറുള്ള നേതൃത്വം നല്‍കുന്ന മനിതനേയ മക്കള്‍ കക്ഷിക്ക് ജവാഹിറുള്ള ഉള്‍പ്പെടെ രണ്ടു എം.എല്‍.എമാര്‍ നിലവിലുണ്ട്. കമലഹാസന്റെ മക്കള്‍ നീതി മയ്യത്തെയും സ്റ്റാലിന് കൂടെ നിര്‍ത്താനായി.
എ.ഐ.ഡി.എം.കെ, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതോടെയാണ് എസ്.ഡി.പി.ഐ മറുകണ്ടം ചാടിയത്.
എ.ഐ.ഡി.എം.കെ മുന്നണിയില്‍ ബി.ജെ.പി, ഫോര്‍വേഡ് ബ്ലോക്ക്, അമ്മ മക്കള്‍ മുന്നേറ്റ കഴകം, തമിഴ് മാനില കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുണ്ട്.
ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പവും കേരളത്തില്‍ യു.ഡി.എഫിനൊപ്പവുമുള്ള ഫോര്‍വേഡ് ബ്ലോക്ക് തമിഴ്‌നാട്ടില്‍ ബി.ജെ.പി മുന്നണിയുടെ ഭാഗമാണ് എന്നതാണ് മറ്റൊരു വിസ്മയം.
നടന്‍ വിജയ് തമിഴ് വെട്രി കഴകവുമായി തനിച്ച് തമിഴ് രാഷ്ട്രീയത്തില്‍ പരീക്ഷണത്തിനിറങ്ങുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.

ടി.വി.കെ മേധാവി വിജയ്
വിജയിയുടെ തെരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടം താരപരിവേഷത്തിന് പിന്നിലെ ആരാധകരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. താരാരാധന വോട്ടായി മാറുമോ എന്ന് കണ്ടറിയണം.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ കരുത്തില്‍ വിജയിന്റെ പാര്‍ട്ടിയെ തടയാനാകുമെന്നാണ് സ്റ്റാലിന്‍ ഉറച്ചു വിശ്വസിക്കുന്നത്. തമിഴ് മണ്ണില്‍ കണ്ണു വെക്കുന്ന ബി.ജെ.പി, എ.ഐ.ഡി.എം.കെ വഴി അടവുകള്‍ പയറ്റുമെങ്കിലും വിജയിക്കാനിടയില്ല.
സീമാന്റെ പാര്‍ട്ടിയായ നാം തമിളര്‍ കക്ഷി, ബി.എസ്.പി എന്നീ ചെറുപാര്‍ട്ടികള്‍ തനിച്ചു മത്സരിക്കുന്നുണ്ട്.

സീമാന്‍
ദ്രാവിഡ സ്വഭാവമാണ് തമിഴ് രാഷ്ട്രീയത്തിന്റെ പ്രത്യേകത. ദ്രാവിഡ പ്രസ്ഥാനത്തിന്റെ വേരുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ ആഴത്തിലുണ്ട്. ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളാണ് ഈ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചക്കാര്‍.
തമിഴ് ദേശീയത, ഭാഷ, സംസ്‌കാരം എന്നിവയിലാണ് ഈ പാര്‍ട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിന്റെ മറ്റൊരു പ്രത്യേകത അതിന്റെ സിനിമാ ബന്ധമാണ്.
തമിഴ് സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തില്‍ എല്ലാ കാലത്തും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് അസാധാരണമായ സഖ്യങ്ങളും അപ്രതീക്ഷിതമായ മുന്നണി സമവാക്യങ്ങളും എന്നും തമിഴ് രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്.
തമിഴ്‌നാട്ടിലെ സ്വാധീനമുള്ള 21 പാര്‍ട്ടികളെയും സാമുദായിക സംഘടനകളെയും ചേര്‍ത്ത് തമിഴ് ചരിത്രത്തിലെ പെരിയ സഖ്യവുമായാണ് സ്റ്റാലിന്‍ ഭരണം നിലനിര്‍ത്താന്‍ മത്സരത്തിനിറങ്ങുന്നത്. ആരെയും കൂടെ കൂട്ടും പക്ഷെ ഭരണ പങ്കാളിത്തം സ്റ്റാലിന്‍ വീതം വെക്കില്ല. കേരളത്തില്‍ ഒരു എം. എല്‍.എയുള്ള കക്ഷിക്കും മന്ത്രിസ്ഥാനം ഉറപ്പാണ്.
തമിഴ്‌നാട്ടില്‍ അത് നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 133 സീറ്റാണ് ഡി.എം.കെ നേടിയത്. കോണ്‍ഗ്രസ് 18 സീറ്റും സി.പി.ഐ.എം, സി.പി.ഐ പാര്‍ട്ടികള്‍ 2 വീതം സീറ്റുകളും നേടിയിരുന്നു. മുസ്ലിം ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനായില്ല.
പ്രതിപക്ഷത്തുള്ള എ.ഐ.ഡി.എം.കെ 66 സീറ്റും പി.എം.കെ 5 സീറ്റുമാണ് നേടിയത്. ബി.ജെ.പി 4 സീറ്റി ലൊതുങ്ങിയിരുന്നു. മുന്നണികളുടെ സീറ്റുവിഭജന ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ പുരോഗമിക്കുകയാണ്.
ഡി.എം.കെ മുന്നണിയില്‍ കോണ്‍ഗ്രസ് ഇത്തവണ 28 സീറ്റില്‍ മത്സരിക്കും. മുസ്‌ലിം ലീഗിന് 2 സീറ്റാണു നല്‍കിയത്. മനിതനേയ മക്കള്‍ കക്ഷിയും രണ്ടിടത്ത് മത്സരിക്കും. മക്കള്‍ നീതി മയ്യം, സി പി.ഐ.എം, സി.പി.ഐ പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ച നടന്നു വരികയാണ്.

എം.കെ സ്റ്റാലിന്‍
എസ്.ഡി.പി.ഐക്ക് സീറ്റ് നല്‍കുമെങ്കിലും ഡി.എം.കെയുടെ ഉദയസൂര്യന്‍ അടയാളത്തില്‍ മത്സരിക്കേണ്ടി വരും. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെ മുന്നണിയില്‍ മത്സരിച്ച എസ് ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് എ.ഐ.ഡി.എം.കെ അടയാളമായ രണ്ടിലയിലാണ് മത്സരിച്ചത്.
കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച ബി.ജെ.പി ഇത്തവണ അന്‍പതിലധികം സീറ്റുകള്‍ ആവശ്യപ്പെടുന്നതിനാല്‍ എ.ഐ.ഡി.എം.കെ മുന്നണിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്.
തമിഴ് രാഷ്ട്രീയത്തില്‍ പാരമ്പര്യമുള്ള ഡോ. രാമദാസ് നേതൃത്വം നല്‍കുന്ന പട്ടാളി മക്കള്‍ കക്ഷി മകന്‍ അന്‍പുമണി രാമദാസിന്റെ നേതൃത്വത്തില്‍ പിളര്‍ന്നതോടെ ഇരുവിഭാഗവും ഇരു മുന്നണികളുടേയും ഭാഗമാവും. അന്‍പുമണി രാമദാസ് എ.ഐ.ഡി.എം.കെ മുന്നണിയുടെ ഭാഗമായി കഴിഞ്ഞു.ഡോ രാമദാസ് ഡി.എം.കെയുമായി ചര്‍ച്ചയിലാണ്.
എ.ഐ.ഡി.എം.കെ നേതാവും മുന്‍മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്ഥനുമായിരുന്ന ഒ. പനീര്‍ശെല്‍വം എന്ന ഒ.പി.എസ് പാര്‍ട്ടി വിട്ട് ഡി.എം കെയില്‍ ചേര്‍ന്നതാണ് തമിഴ്‌നാട് സമീപകാലത്ത് കണ്ട ഏറ്റവും വലിയ കാലുമാറ്റം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തേനിയിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് പനീര്‍ശെല്‍വം ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം.
ഒ.പി.എസ് പാര്‍ട്ടിയുടെ ഭാഗമായതോടെ തമിഴ്നാടിന്റെ തെക്കന്‍മേഖലയില്‍ തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാനാകുമെന്നാണ് ഡി.എം.കെയുടെ കണക്കുക്കൂട്ടല്‍. തമിഴ്‌നാട്ടിലെ
വിചിത്ര സഖ്യങ്ങളും ധാരണകളും എന്നും മലയാളിക്ക് കൗതുകമാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്നവര്‍ സ്റ്റാലിനൊപ്പം ചേര്‍ന്നാല്‍ നണ്‍പര്‍കളാണ്.

പനീര്‍ ശെല്‍വം
അവിടെ സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും ചേര്‍ത്ത് പിടിക്കുന്ന ഡി.എം.കെ കേരളത്തില്‍ ഇടുക്കി ഉള്‍പ്പെടെ പലയിടത്തും പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആര്‍ക്കും എപ്പോഴും ഏതു മുന്നണിയിലും ചേരാമെന്നതാണ് തമിഴ് സ്‌റ്റൈല്‍.
Content Highlight: CPI(M), Congress, League and SDPI come together Stalin style in Tamil politics
