തൃശൂര്‍: നാട്ടിക എം.എല്‍.എ സി.സി. മുകുന്ദനെ പുറത്താക്കി സി.പി.ഐ. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.
തൃശൂര്‍ ജില്ലാ കൗണ്‍സിലാണ് സി.സി. മുകുന്ദനെതിരെ നടപടിയെടുത്തത്. ഇന്നലെ (തിങ്കള്‍) നാട്ടിക മണ്ഡലം കമ്മിറ്റിയില്‍ നിന്നും സി.സി. മുകുന്ദന്‍ രാജിവെച്ചിരുന്നു.
നേരത്തെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും സി.സി. മുകുന്ദനെ പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
‘അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാര്‍ട്ടി നടപടി സ്വീകരിച്ചു. തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി തന്നെ ശ്രമിച്ചതാണ്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യുട്ടീവില്‍ നിന്ന് മാറ്റി. നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുകുന്ദന്‍,’ നാട്ടിക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നടപടിയില്‍ മാനസികമായ ഒരു വേദനയുമില്ലെന്ന് സി.സി. മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭയപ്പെടില്ലെന്നും ഇങ്ങനെയൊരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സി.സി. മുകുന്ദന്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദന്‍ ആവര്‍ത്തിച്ചു.
നാട്ടിക മണ്ഡലത്തില്‍ മുന്‍ എം.എല്‍.എയായിരുന്ന ഗീത ഗോപിയെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സി.സി. മുകുന്ദന്‍ ‘പേയ്‌മെന്റ് സീറ്റ്’ ആരോപണം ഉയര്‍ത്തിയിരുന്നു.
പണം പിരിക്കാന്‍ കഴിവുണ്ടെന്നതാണ് ഗീത ഗോപിയുടെ മാനദണ്ഡമെന്നാണ് സി.സി. മുകുന്ദന്റെ ആരോപണം. മകളുടെ വിവാഹത്തിന് 225 പവന്‍ സ്വര്‍ണമാണ് ഗീത ഗോപി നല്‍കിയതെന്നും അതിനായി നാട്ടികയില്‍ പണപ്പിരിവ് നടത്തിയെന്നും മുകുന്ദന്‍ ആരോപിച്ചു.
പിരിച്ച പണം പലര്‍ക്കും തിരികെ നല്‍കിയിട്ടില്ലെന്നും നിരവധി പേരാണ് പരാതിയുമായി എം.എൽ.എയെ സമീപിച്ചതെന്നും ആരോപണമുണ്ട്. എന്നാല്‍ സി.സി. മുകുന്ദന്റെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഗീത ഗോപി ഇതുവരെ തയ്യാറായിട്ടില്ല.