കൊവിഡ് 19 : വൈറസിനോളം പ്രധാനമായ അതിന്റെ സാമൂഹ്യ ഉറവിടങ്ങള്‍
COVID-19
കൊവിഡ് 19 : വൈറസിനോളം പ്രധാനമായ അതിന്റെ സാമൂഹ്യ ഉറവിടങ്ങള്‍
മുരളി (അജിത് )
Thursday, 16th April 2020, 7:48 pm

മെച്ചപ്പെട്ട ചികത്സാ സൗകര്യങ്ങള്‍ ഉണ്ടാകും എന്ന് കരുതിയിരുന്ന വികസിത രാജ്യങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ ഏറ്റവുമധികം സംഭവിക്കുന്നത്. കാരണങ്ങള്‍ പലതുമുണ്ടെങ്കിലും മുഖ്യ പ്രതി പൊതുമേഖലാ ചികത്സാസൗകര്യങ്ങള്‍ വെട്ടിക്കുറച്ച നവ ഉദാരവാദനയങ്ങള്‍ തന്നെ. സമയോചിത ചികത്സ കിട്ടാതിരുന്നതാണ് അമേരിക്കയിലും ഇറ്റലിയിലുമൊക്കെ ഇത്രയധികം മരണങ്ങളുണ്ടാകുന്നതിന് പ്രധാന കാരണം. പലര്‍ക്കും ഒട്ടുംതന്നെ ചികത്സ കിട്ടിയില്ല. അമേരിക്കയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്ത ബഹുഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്ക്,(ആഫ്രിക്കന്‍-അമേരിക്കകാരിലും സ്‌പേണിഷ് ഭാഷക്കാരായ ഹിസ്പാനിക്കുകളിലും ഭൂരിപക്ഷം) പ്രാഥമിക ചികത്സപോലും അപ്രാപ്യമാണ്.

തൊഴില്‍രഹിതരായ ഇടത്തരക്കാരുടെയും അവസ്ഥ ഇതുതന്നെ. അതുകൊണ്ട് പനിയുടെ ലക്ഷണം കാണുമ്പോള്‍തന്നെ ഡോക്ടറെ കാണാന്‍ പോകില്ല. രോഗം മൂത്ത് നിവൃത്തിയില്ലെന്നാകുമ്പോഴേയ്ക്കും അത് പിടിവിട്ടിട്ടുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവരെ പരിചരിക്കാന്‍ വേണ്ടത്ര ഉപകരണങ്ങളോ ജീവനക്കാരോ ഇല്ലാത്തതുമൂലം കാര്യങ്ങള്‍ കൂടുതല്‍ മോശമായി. ആരംഭത്തില്‍ ട്രംപും മറ്റ് സാമ്രാജ്യത്വ രാജ്യ ഭരണാധികാരികളും പ്രദര്‍ശിപ്പിച്ച സ്വാര്‍ത്ഥപൂരിത നിരുത്തരവാദിത്വം, ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ ലാഭംകൊയ്യുന്ന പതിവ് സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്ക് നല്കിയ പ്രാധാന്യം, ഇതൊടൊപ്പം ചേര്‍ന്നതിന്റെ ഫലമാണ് ഇന്ന് അവിടെ കാണുന്ന നിയന്ത്രണാതീത മരണങ്ങള്‍. വെറും രണ്ട് ശതമാനം മാത്രം മരണനിരക്കുള്ള ഒരു രോഗത്തില്‍ നിന്നാണ് ഇത്ര വലിയ ആള്‍നഷ്ടം ഉണ്ടാകുന്നത്. നവ ഉദാരവാദത്തിന്റെ, അതിന്റെ ജനിതാവായ മുതലാളിത്തത്തിന്റെ, കഴിവുകേടും ജനവിരുദ്ധസ്വഭാവവും ഇതെല്ലാം എടുത്തുകാട്ടുന്നു.

ഈ കുറ്റവാളികളുടെ പങ്ക് അതുകൊണ്ട് തീരുന്നില്ല. മനുഷ്യരെ ബാധിക്കുന്ന ഇത്തരം വൈറസുകളുടെ വരവ് യാദൃശ്ചികമാണ്. അതാര്‍ക്കും തടുക്കാനാവില്ല. തുടര്‍ന്ന് അതിനെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികളിലാണ് എന്തെങ്കിലും കുറവും കുറ്റവും കണ്ടെത്താനാവുക എന്ന് കരുതുന്നവരുണ്ട്. ഇതിനെ പ്രകൃതിയുടെ തിരിച്ചടിയായി വിശേഷിപ്പിക്കുന്നവരും അത്തരമൊരു വിശേഷണത്തെ എതിര്‍ക്കുന്നവരുമുണ്ട്. ഏതോ അതീത ശക്തിയായി പ്രകൃതി പകരംവീട്ടാനൊന്നും വന്നിട്ടില്ല. വരുകയുമില്ല. എന്നാല്‍ എംഗല്‍സ് പണ്ട് പറഞ്ഞ അര്‍ത്ഥത്തില്‍ അങ്ങനെ വിശേഷിപ്പിക്കാനാകുന്ന ചിലത് തീര്‍ച്ചയായും നടന്നിട്ടുണ്ട്.

പ്രകൃതിക്കുമേല്‍ വിജയം കൈവരിച്ചൂവെന്ന് മനുഷ്യന്‍ അഹങ്കരിക്കുമെങ്കിലും ഒടുവില്‍ കനത്ത തിരിച്ചടി നല്കി യഥാര്‍ത്ഥ യജമാനനാരാണെന്ന് പ്രകൃതി ഓര്‍മ്മപ്പെടുത്തുമെന്നാണ് എംഗല്‍സ് എഴുതിയത്. മനുഷ്യ പ്രവൃത്തികളുടെ ആഘാത പ്രത്യാഘാതങ്ങളാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. മുതലാളിത്ത അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടിയ ഈ വാക്കുകള്‍ അതിന്റെ വിനാശകരമായ വികസനസമീപനത്തിന്റെ അപകടത്തെകുറിച്ചും സൂചനനല്‍കി.

ഇന്നത്തെ കൊറോണാ മഹാമാരിയുടെ ഉത്ഭവത്തിലും വ്യാപനത്തിലും അത് കാണാം. കൊറോണാ വൈറസിന്റെ വ്യാപനവേഗതയുടെ ജനിതക കാരണങ്ങളിലേക്ക് പ്രശ്‌നം ചുരുക്കുന്നവര്‍ ലോകത്തെ വരിഞ്ഞുനിര്‍ത്തിയിരിക്കുന്ന സാമ്രാജ്യത്വബന്ധങ്ങള്‍ അതില്‍ വഹിക്കുന്ന പങ്ക് മറച്ചുവെക്കുന്നു. ആ പങ്ക് ശാസ്ത്രീയമായി അപഗ്രഥിക്കുകയും യുക്തിയുക്തം സ്ഥാപിക്കുകയും ചെയ്യുന്നുണ്ട് മന്ത്‌ലി റെവ്യൂ മെയ് ലക്കത്തില്‍ വരുന്ന മുഖ്യ ലേഖനം. (റോബ് വാലസ്, അലക്‌സ് ലീബ്മാന്‍, ലൂയീ ഫെര്‍നാന്റോ ഷാവെ, റോഡ്രിക്ക് വാലസ്സ് എന്നിവര്‍ ചേര്‍ന്നാണു് അതെഴുതിയത്.)

വൂഹാനിലെ വന്യജീവി മാംസചന്തയില്‍ നിന്നാണ് അവരും തുടങ്ങുന്നത്. പക്ഷെ, സാമ്രാജ്യത്വലോകത്തിന്റെ പൗരസ്ത്യവാദം വിചിത്രമെന്ന് വിശേഷിപ്പിക്കുന്ന ചൈനക്കാരുടെ ഭക്ഷ്യ രീതികളില്‍ തങ്ങിനില്‍ക്കുന്നില്ല . മറിച്ച് ഈ വിപണിയിലൂടെ ദൃശ്യമാകുന്ന സാമൂഹ്യ, സാമ്പത്തിക ബന്ധങ്ങളിലേക്ക് കടക്കുന്നു. ”മറ്റ് പരമ്പരാഗത ആടുമാടുകളോടൊപ്പം വൂഹാനിലെ എറ്റവും വലിയ വിപണിയില്‍ ചരക്കുകള്‍ വില്ക്കാനാകുന്ന അവസ്ഥയിലേയ്ക്ക് ഈ വിശിഷ്ടഭക്ഷ്യ മേഖല എങ്ങിനെ എത്തിചേര്‍ന്നു?” എന്ന ചോദ്യം ഉന്നയിച്ചാണ് തുടക്കം.

മത്സ്യബന്ധനത്തെപോലും കവച്ചുവെയ്ക്കുന്ന തലത്തില്‍ വന്യജീവി ഭക്ഷ്യമേഖല ലോകവ്യാപകമായി ഇന്ന് ഏറെ ഔപചാരികമായിരിക്കുന്നു, അതായത് വര്‍ദ്ധിച്ചതോതില്‍ മൂലധനത്തിന്റെ സ്വാധീനത്തിന്‍ കീഴില്‍ വന്നിരിക്കുന്നു, എന്നവര്‍ ചൂണ്ടികാട്ടുന്നു. കരാര്‍ അടിസ്ഥാനത്തില്‍ അപൂര്‍വ്വ/പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്ന ഉള്‍പ്രദേശങ്ങള്‍ മുതല്‍ വൂഹാന്‍ പോലുള്ള വിപണീ കേന്ദ്രങ്ങള്‍ വരെ നീളുന്ന ശ്രംഗല. തുടര്‍ന്ന് അത്തരം കേന്ദ്രങ്ങളെ വിവിധ രാജ്യങ്ങളും വന്‍നഗരങ്ങളുമായി കണ്ണിചേര്‍ക്കുന്ന നിരവധി കച്ചവട ശ്രംഖലകള്‍. ഇതിലൂടെയൊക്കെ സഞ്ചരിച്ചാണ് കൊറോണ വൈറസ് എത്തിയത്, ഇതിനു മുമ്പ് വന്ന സാര്‍സിനെ പോലെ.

വരും കാലങ്ങളില്‍ പുതിയ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളെ അടയാളപ്പടുത്തിയാണ്  ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പോലുള്ള ചില ബഹുരാഷ്ട്ര കുത്തകകള്‍ മൂന്നാം ലോക രാജ്യങ്ങളിലേയ്ക്ക് ചൂണ്ടുന്ന സാധ്യതാഭൂപടം തയ്യാറാക്കിയിയത്. ഭൂപ്രദേശങ്ങളെ മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം വിലയിരുത്തലുകളെ മന്ത്‌ലി റെവ്യു ലേഖനം വിമര്‍ശിക്കുന്നു. “ഇങ്ങനെ ഒറ്റപ്പെടുത്തി കാണുമ്പോള്‍ മഹാമാരികള്‍ക്ക് രൂപം പകരുന്ന ആഗോള സാമ്പത്തികനടന്മാര്‍ പങ്കുവെയ്ക്കുന്ന ബന്ധങ്ങള്‍ അവഗണിക്കപ്പെടും”. എന്നവര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം ബന്ധങ്ങള്‍ പരിഗണനയിലെടുത്താല്‍, മൂന്നാം ലോക രാജ്യങ്ങളല്ല, ആഗോള മൂലധനത്തിന്റെ മുഖ്യ സ്രോതസ്സുകളായ ന്യൂ യോര്‍ക്കും, ലണ്ടനും, ഹോം കോങുമാകും എറ്റവും അപകടകരമായ പ്രചരണകേന്ദ്രങ്ങള്‍. മനുഷ്യര്‍ക്ക് ഹാനികരമായ ഇത്തരം പുതിയ രോഗാണുകള്‍ വന്യജീവികളില്‍ നിന്നാണ് പടരുന്നത്. മുതലാളിത്തത്തിന്റെ അതിര്‍ത്തികളിലാണ് ഇന്നത് കൂടുതലും സംഭവിക്കുന്നത്. അതായത് അവശേഷിക്കുന്ന വനമേഖലകളില്‍. കാട് വെട്ടിവെളിപ്പിക്കുന്ന മൂലധനം രോഗവാഹകരായ വന്യജീവികളുടെ ആവാസസ്ഥാനങ്ങള്‍ തകര്‍ക്കുകവഴി അവിടെ ഒതുങ്ങിനിന്നിരുന്ന രോഗങ്ങള്‍ പുറമേയ്ക്ക് പടരാനുള്ള സാധ്യത ഒരുക്കുന്നു. വിജനമായ വനപ്രദേശങ്ങളില്‍നിന്ന് സഞ്ചാരം ആരംഭിക്കുന്ന പുതിയ രോഗാണുക്കള്‍ സ്ഥലകാല സീമകളെ കവച്ചുവെച്ച് വ്യാപിച്ച ആഗോളവല്‍ക്കരണത്തിന്റെ തണലില്‍ ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ലോകത്തെവിടേയും പരക്കും.

“മുമ്പ്, സ്വാഭാവിക വനങ്ങളിലെ പ്രതിപ്രവര്‍ത്തനങ്ങള്‍ വലിയപരിധിവരെ നിയന്ത്രിച്ചുനിര്‍ത്തിയിരുന്ന വന്യവൈറസുകള്‍ മൂലധനത്തിന്റെ വനനശീകരണം വഴിയും, പൊതുജനാരോഗ്യവ്യവസ്ഥയിലെ കുറവുകളും പരിസരമലനീകരണവും മൂലവും മുഖ്യധാരയിലേയ്ക്ക് കടന്നവരുന്നു” ഇത്രയുമാണ് ഈ ലേഖനത്തിന്റെ സാരാംശം.

ചുരുക്കത്തില്‍, ബഹുഭൂരിപക്ഷത്തിന്റെ ജീവിതസാഹചര്യത്തിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും ആഗോളവല്‍ക്കരണവും നവഉദാരവാദ നയങ്ങളും വരുത്തിയ മാറ്റങ്ങള്‍, വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇതാണ് ഇന്നത്തെ ദുരന്തത്തിന്റെ മൂലകാരണം. ഇവയുടെ ഉറവിടമായ സാമ്രാജ്യത്വവ്യവസ്ഥയുടെ നാശം, കമ്മ്യൂണിസ്റ്റ് ഉദ്യമത്തിന്റെ വിജയം ഇതാണ് പ്രാഥമിക പരിഹാരം. മനുഷ്യജിവിതങ്ങളെ വിലമതിക്കുന്ന മാനവികതയുടെ സാക്ഷാത്ക്കാരവും ആ ജീവിതങ്ങള്‍കൂടി ഭാഗമായ പ്രകൃതിയുടെ വീണ്ടെടുപ്പും അതുവഴി മാത്രമെ സാധ്യമാകു.

വാസ്തവത്തില്‍ ആ സാധ്യതയിലേയ്ക്കാണ് ക്യൂബയും, വിയറ്റ്‌നാമും ഒക്കെ ചൂണ്ടിക്കാട്ടുന്നത്. അവയൊന്നും ഇന്ന് സോഷ്യലിസ്റ്റ് രാജ്യങ്ങളല്ല. ഒന്നല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സാമ്രാജ്യത്വബന്ധങ്ങളില്‍ കണ്ണിചേര്‍ക്കപ്പെട്ട, മുതലാളിത്ത പുനര്‍സ്ഥാപനം നടന്നുകഴിഞ്ഞ, രാജ്യങ്ങളാണ്. ചൈനയില്‍ കൂലി വര്‍ദ്ധിച്ചപ്പോള്‍ വിയറ്റ്‌നാമിലേയ്ക്കാണ് ആഗോള കുത്തകകള്‍ ചേക്കേറിയത്. എങ്കിലും സോഷ്യലിസ്റ്റ് കാലത്തെ ചില അവശിഷ്ടങ്ങള്‍ ഇന്നും അവിടെ തുടരുന്നു.

ആരോഗ്യമേഖല ഇപ്പോഴും വലിയൊരളവില്‍ പൊതുമേഖലയിലാണ്. സന്നദ്ധപ്രവര്‍ത്തകരെ വലിയതോതില്‍ അണിനിരത്താന്‍ കഴിയുന്ന സംഘടനാസംവിധാനങ്ങളുണ്ട്. അതിന്റെയൊക്കെ പിന്‍ബലത്തിലാണ് ആ രാജ്യങ്ങള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഈ മഹാമാരിയെ നേരിടാനായത്. ഒരു സാമ്രാജ്യത്വ രാജ്യമായി മാറിയ ചൈനയുടെ കാര്യത്തിലും പഴയ സോഷ്യലിസ്റ്റ് കാലത്തിന്റെ നേട്ടങ്ങള്‍ ഉപകരിക്കുന്നതു കാണാം. ജനകീയ സമരങ്ങളുടെ ചെറുത്തുനില്‍പിലൂടെ പൊതുജനാരോഗ്യ മേഖലയെ കുറെയൊക്കെ സംരക്ഷിക്കാന്‍ കഴിഞ്ഞ കേരളത്തിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മേച്ചപ്പട്ട രീതിയില്‍ കൊറോണയെ നേരിടാന്‍ കഴിയുന്നതും നാം കാണുന്നുണ്ടല്ലോ. ജലദോഷമോ പനിയോ ആയി വരുന്ന രോഗികളെ നിര്‍ദ്ദയം പറഞ്ഞുവിടുന്ന സ്വകാര്യമേഖലയിലെ വമ്പന്മാരെയും കാണാം.

ഇതൊക്കെ ഇനി എത്ര കാലം തുടരുമെന്ന് കണ്ടറിയണം. കൊറോണ സൃഷ്ടിച്ച ആഘാതം പൊതുമേഖലയ്ക്ക് ഒരു പുതുജീവന്‍ നല്കുമെന്ന് ഉറപ്പാണ്. എങ്കിലും മുതലാളിത്തത്തിന്റെ ചലനഗതിയ്ക്ക് കീഴ്‌പ്പെട്ട് നില്ക്കുന്നതുകൊണ്ട് അതിന് പരിമിതികളുണ്ടാകും. മൂലധനത്തിന്റെ ഓര്‍മ്മശക്തി ഏറെ ദുര്‍ബലമാണ്. ലാഭത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കു മുമ്പില്‍ പൊതുമേഖല വീണ്ടും ദുര്‍ബലമായി സ്വകാര്യവല്‍ക്കരണത്തിന് വഴിമാറാന്‍ നല്ല സാധ്യതയുണ്ട്. പൊതുജനാരോഗ്യമേഖല കുറെയൊക്കെ നിലനിര്‍ത്തിയാല്‍തന്നെ മൂലധനത്തെ സേവിക്കുന്ന വിവരശേഖരണത്തിനുള്ള വലിയൊരു സ്രോതസ്സായി അതിനെ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് തരിമ്പും വിലകല്പിക്കാത്തരീതിയില്‍ വിവരശേഖരണം അനുവദിച്ച സ്പ്രിംഗ്ലര്‍ ഇടപാടില്‍ അതാണ് കണ്ടത്.

പൊതുജനങ്ങളുടെ ആരോഗ്യസേവനത്തിനെന്ന പേരില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ അവരരറിയാതെ മരുന്നുല്പാദകര്‍ക്കും, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റും അസംസ്‌കൃത പദാര്‍ത്ഥമാകാം. സ്വകാര്യവല്‍ക്കരണത്തിന്റെ പുതിയതും, കൂടുതല്‍ അപകടകരവുമായ ഒരു തലമാണിത്. പൊതുവുടമസ്ഥതയുടെ പുറംചട്ടക്കുള്ളില്‍ മറഞ്ഞുനിന്ന് ലാഭം കൊയ്യാന്‍ മൂലധനത്തിന് സാധ്യമാകുന്നു. അതും തീര്‍ത്തും പരോക്ഷമായി. മോഡി കൊട്ടിഘോഷിക്കുന്ന ആരോഗ്യ ആപ്പിന്റെ കഥയും ഇതുതന്നെ.

പൊതുമേഖലയുണ്ടായാല്‍പോരാ, അത് യഥാര്‍ത്ഥത്തില്‍ ജനങ്ങളെ സേവിക്കുന്ന ഒന്നാകണം. സമ്പദ്ഘടനയിലും അടിസ്ഥാന സൗകര്യങ്ങളിലും സ്വകാര്യം, പൊതുവായത് എന്ന വിഭജനം ഇല്ലാതാക്കുന്ന ഒരു സമൂഹത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ ഭാഗമാമാകുമ്പോഴാണ് അത് സാധ്യമാവുക. സോഷ്യലിസത്തിന്റെ മങ്ങിയ നിഴലായിട്ടല്ല, കമ്മ്യൂണിസത്തിലേയ്ക്കുള്ള പരിവര്‍ത്തന ഘട്ടമായി, തുടരുന്ന വിപ്ലവമായി, ലോകത്ത് ഏതെങ്കിലും രാജ്യത്ത് അതിന് പുതുജീവന്‍ ഉണ്ടാകണമെങ്കില്‍, കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഇന്നത്തെ ഉന്നതങ്ങളുടെ മാര്‍ഗദര്‍ശനം അതിനുണ്ടാകണം.

 

മുരളി (അജിത് )
മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍, ഗ്രന്ഥകാരന്‍. നീണ്ടകാലം ഒളിവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി.