കൊവിഡ് ഭീതിയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉത്സവങ്ങളും ചടങ്ങുകളും; തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര  അധികൃതര്‍ക്കെതിരെ കേസ്; നടക്കുന്നത് ഗുരുതരമായ സുരക്ഷാ ലംഘനങ്ങള്‍
COVID-19
കൊവിഡ് ഭീതിയിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഉത്സവങ്ങളും ചടങ്ങുകളും; തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതര്‍ക്കെതിരെ കേസ്; നടക്കുന്നത് ഗുരുതരമായ സുരക്ഷാ ലംഘനങ്ങള്‍
അളക എസ്. യമുന
Saturday, 21st March 2020, 3:40 pm

തളിപ്പറമ്പ്: കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കുന്ന കൊവിഡ് നിയന്ത്രണങ്ങളില്‍ കടുത്ത ലംഘനം.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഉത്സവുമായി ബന്ധപ്പെട്ട ചടങ്ങ് നടത്തിയ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപനമായ കൂടിപ്പിരിയല്‍ ചടങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പക്ഷേ ഇത് ലംഘിച്ച് ചടങ്ങ് നടത്തുകയായിരുന്നു. ഇരുന്നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ ചടങ്ങില്‍ പങ്കെടുത്തതിനാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി വ്യക്തമാക്കി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ടി.ടി.കെ ദേവസ്വത്തിന്റെ നിയന്ത്രണത്തിലാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം.

കൂടിപ്പിരിയല്‍ ചടങ്ങ് 2മണിയോടെ ആരംഭിച്ച് 4 മണിക്കിടയില്‍ അവസാനിപ്പിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഫോട്ടോ കടപ്പാട്: എസ് .കെ മോഹന്‍

ചടങ്ങിന് തടിച്ച് കൂടിയ ആളുകളുടെ ചിത്രം ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൂടാതെ തൃച്ചംബരം ഉത്സവം എന്ന പേജില്‍ തൃച്ചംബരം ക്ഷേത്രത്തെ ടാഗ് ചെയ്തുകൊണ്ട് കൂടിപ്പിരിയല്‍ ചടങ്ങിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 14 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവച്ചടങ്ങിന്റെ സമാപനം കുറിക്കുന്ന ചടങ്ങാണ് കൂടിപ്പിരിയല്‍.

കൊവിഡ് വ്യാപന ഭീഷണിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് കൂടിപ്പിരിയല്‍ ചടങ്ങില്‍ ഒതുക്കുകയായിരുന്നെന്നും കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും വീഡിയോയുടെ കൂടെ ഉള്ള കുറിപ്പില്‍ പറയുന്നുമുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ച് കൂടിപ്പിരിയല്‍ ചടങ്ങില്‍ ഒതുക്കുകയായിരുന്നു. കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഉത്സവങ്ങള്‍ ചടങ്ങ് എന്ന നിലയില്‍ മാത്രം ചുരുക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശം നില്‍ക്കെയാണ് ഒരു സുരക്ഷാ കരുതലുമില്ലാതെ ഇരുന്നൂറിലേറെ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്.

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ വന്‍ വീഴ്ചയാണ് തളിപ്പറമ്പ് നടന്നിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കേവലം റോഡ് മാര്‍ഗം 78 കിലോമീറ്റര്‍ ദൂരംമാത്രമേ തളിപ്പറമ്പിലേക്കുള്ളൂ.
കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ആറ് പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് ദുബായിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമാണ് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. നിയന്ത്രണം ലംഘിച്ച് തുറന്ന കടകള്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചിരുന്നു. 11 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

കളക്ടര്‍ നേരിട്ടെത്തിയാണ് ഇന്ന് രാവിലെ പരിശോധനകള്‍ നടത്തിയത്. ഇനി നിര്‍ദ്ദേശമുണ്ടാവില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ ഒരാഴ്ച എല്ലാ ഓഫീസുകളും അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പതിനാല് ദിവസത്തേക്ക് എല്ലാ ആരാധനാലയങ്ങളും ക്ലബ്ബുകളും അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് കൊവിഡ് പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയമാണ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഏറെ ദൂരമില്ലാത്ത തളിപ്പറമ്പ് ഇത്തരത്തിലുള്ള വന്‍ വീഴ്ച സംഭവച്ചിരിക്കുന്നത്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഒത്തു ചേരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെ നിരവധി സ്ഥലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട്.

കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിന്റെ ഇടയിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.

വിലക്കുകള്‍ ലംഘിച്ച് ഇടുക്കി പെരുവന്താനം വള്ളിങ്കാവ് ക്ഷേത്രത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വയനാട് വൈത്തിരിയില്‍ കളക്ടറുടെ നിര്‍ദ്ദേശം ലംഘിച്ച് 200ല്‍ അധികം പേരെ പങ്കെടുപ്പിച്ച് ജുമുഅ നമസ്‌ക്കാരം നടത്തിയ വൈത്തിരി ടൗണ്‍ ജുമുഅത്ത് പള്ളി. ചൂണ്ടേല്‍ ജുമുഅത്ത് പള്ളി എന്നിവയുടെ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തിരുന്നു.

കാസര്‍ഗോഡ് നീലേശ്വരത്ത് പൊലീസിന്റെ നിര്‍ദ്ദേശം ലംഘിച്ച് ജുമുഅ നിസ്‌ക്കാരം നടത്തിയ നീലേശ്വരം ടൗണ്‍ ജുമുഅ മസ്ജിദ് ഇമാമിനും പള്ളിക്കമ്മിറ്റി ഭാരവാഹികളുമടക്കം 200 പേര്‍ക്കെതിരെ കേസെടുകത്തിരുന്നു. ജില്ലാകളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളികളില്‍ ജുമുഅ നടത്തരുതെന്ന് പൊലീസ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും പള്ളിക്കമ്മറ്റി ഭാരവാഹികള്‍ക്കും ഇമാമിനും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇവര്‍ ഇത് ലംഘിക്കുകയായിരുന്നു.

കാസര്‍ഗോഡ് തന്നെ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് പനത്തടി സെയ്ന്റ് ജോസഫ്സ് ഫൊറോനാ ദേവാലയത്തില്‍ വ്യാഴാഴ്ച വൈകിട്ട് കുര്‍ബാന നടത്തിയതിന്റെ പേരില്‍ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ക്ഷേത്രോത്സവങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. ഉത്സവങ്ങള്‍ ചടങ്ങ് മാത്രമായി ചുരുക്കണമെന്നും ആനകളെ എഴുന്നള്ളിക്കരുതെന്നും ദേവസ്വംബോര്‍ഡ് മിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ കയ്യുറയും മാസ്‌കും ധരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 21 മുതലാണ് പ്രവേശന വിലക്ക്.