തുണി മുഖമൂടികളും, തൂവാല മുഖമൂടിയായി കെട്ടുന്നതും നിങ്ങളെ കൂടുതല്‍ അപകടത്തിലാക്കിയേക്കും !
COVID-19
തുണി മുഖമൂടികളും, തൂവാല മുഖമൂടിയായി കെട്ടുന്നതും നിങ്ങളെ കൂടുതല്‍ അപകടത്തിലാക്കിയേക്കും !
ആശിഷ് ജോസ് അമ്പാട്ട്
Sunday, 22nd March 2020, 9:39 pm
നിലവിലെ അവസരത്തില്‍ രോഗബാധിതരോ രോഗബാധ സംശയിക്കുന്നവരോ അല്ലാത്തവരുമായി ഇടപെടുമ്പോള്‍ മുഖമൂടികള്‍ വയ്ക്കേണ്ട ആവശ്യമില്ല. കഴിയുന്ന അത്രയും ശാരീരിക അകലം പാലിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, മുഖത്ത് ഇടയ്ക്കു കൈകൊണ്ടു സ്പര്ശിക്കാതെ ഇരിക്കുക, വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, സാധിക്കുന്ന അത്രയും വീട്ടിന്റെ ഉള്ളില്‍ സുരക്ഷിതമായി ഇരിക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ മതി.

തുണി മുഖമൂടികളും, തൂവാല മുഖമൂടിയായി കെട്ടുന്നതും കോവിഡ്-19 വ്യാപനം തടയുക ഇല്ല!

കോവിഡ്-19 രോഗത്തിന്റെ വ്യാപനം പ്രതിരോധിക്കാന്‍ മെഡിക്കല്‍ മുഖമൂടികള്‍ സഹായകരമാണെന്ന സന്ദേശം പ്രചരിക്കുന്നത് അനുസരിച്ച് ആളുകള്‍ അവ അധികമായി വാങ്ങിയതിനാല്‍ അത്തരം മുഖമൂടികളുടെ ലഭ്യത കുറഞ്ഞു വന്നിരുന്നു, ഇതിനൊരു പരിഹാരം എന്നര്‍ത്ഥത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തയ്യല്‍ യൂണിറ്റുകളില്‍ കൂടി തുണി കൊണ്ടുള്ള മുഖമൂടികള്‍ നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറായത് ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. പക്ഷെ ഇത്തരം തുണി മുഖമൂടികള്‍ രോഗപകര്‍ച്ച തടയാന്‍ ഫലപ്രദമല്ല എന്നാണ് ശാസ്ത്രീയ തെളിവുകള്‍ സൂചിപ്പിക്കുന്നത്.

പരുത്തി പോലെയുള്ള തുണിയുടെ ആവരണങ്ങള്‍ ഒരു അവസരത്തിലും മുഖമൂടികളായി ഉപയോഗിക്കാന്‍ പാടില്ലായെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തില്‍ നല്‍കിയിരിക്കുന്നത്; ‘ Cloth (e.g. cotton or gauze) masks are not recommended under any circumstance.’ 60-140 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള കൊറോണ വൈറസുകള്‍ പരുത്തി തുണിയുടെ ഇടയിലുള്ള സുഷിരങ്ങളിലൂടെ കടന്നു പോകണമെന്നതും, ഈര്‍പ്പം കെട്ടി നില്‍ക്കുന്നത് രോഗാണുകളുടെ അതിജീവനത്തിനു സഹായം ആകാമെന്നതുമായിരുന്നു പ്രധാന പ്രശ്‌നങ്ങള്‍, അത് പോലെ തുണികൊണ്ടുള്ള മുഖമൂടികള്‍ വയ്ക്കുന്നവരില്‍ അകാരണമായ സുരക്ഷിതബോധം വരുന്നതും മറ്റ് പ്രതിരോധ നടപടികള്‍, സാമൂഹിക അകലം, തുടങ്ങിയവ പാലിക്കുന്നതില്‍ നിന്നും അവരെ പുറകോട്ടു നയിക്കാം.

ശ്വാസകോശവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളില്‍ (Clinical respiratory illness, influenza-like illness, laboratory-confirmed respiratory virus infection) നിന്നും തുണി മുഖമൂടികള്‍, മൂന്ന് ലെയര്‍ ആവരണങ്ങള്‍ ഉള്ള മെഡിക്കല്‍ മുഖമൂടികള്‍ക്കു സമാനമായ സംരക്ഷണം നല്‍കുമോ, പകര്‍ച്ചവ്യാധികളെ തടയുമോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാന്‍ റാന്‍ഡമൈസ്ഡ് ഗവേഷണം വീറ്റ്നാമില്‍ ഉള്ള പതിനാല് ആശുപത്രികളില്‍ നാലാഴ്ച കൊണ്ട് നടത്തിയതിന്റെ ഫലം ബിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ( MacIntyre et.al 2015) ഈ ഗവേഷണം പ്രകാരം തുണി മുഖമൂടികള്‍ ശ്വാസകോശവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുടെ വ്യാപനത്തില്‍ കാര്യമായ കുറവ് ഒന്നും വരുത്തുന്നില്ല എന്നാണ് കണ്ടെത്തിയത്.

മെഡിക്കല്‍ മുഖമൂടികളില്‍ 66% രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ള അന്തരീക്ഷ പദാര്‍ത്ഥങ്ങളെയും തടഞ്ഞു നിര്‍ത്തുമ്പോള്‍, തുണി മുഖമൂടികളില്‍ അത് 3% മാത്രമാണ്. തുണി മുഖമൂടികളില്‍ ഈര്‍പ്പം കെട്ടി നില്‍ക്കാനുള്ള സാധ്യതയും, സ്രവങ്ങളെ പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഇല്ലായ്മയും പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിന്റെ തോത്ത് കൂടുമെന്ന് ഈ പഠനം മുന്നറിയിപ്പ് നല്‍കുന്നു . തുണി മുഖമൂടികള്‍ ഊരാന്‍ മെഡിക്കല്‍ മുഖമൂടികളില്‍ ഉള്ളതു പോലെയുള്ള സുരക്ഷ സംവിധാനങ്ങള്‍ ഇല്ലായെന്നതും രോഗാണുക്കളായി സ്പര്‍ശനം വരാന്‍ കാരണം ആകാറുണ്ട്, തൂവാല മുഖമൂടി പോലെ കെട്ടുന്നതിലും ഈ പ്രശ്നമുണ്ട്.

N95 മുഖമൂടികളാണ് കോവിഡ്-19 പോലെയുള്ള വൈറസുകളുടെ പ്രതിരോധത്തില്‍ കൂടുതല്‍ ഫലം തരുക, പക്ഷെ അവ കൂടുതല്‍ നേരം അണിയുക ബുദ്ധിമുട്ട് ആണെന്ന പ്രശ്നമുണ്ട്, ചിലവും കൂടുതലാണ് ആയതിനാല്‍ അപകടസാധ്യത കുറഞ്ഞ അവസരത്തില്‍ മെഡിക്കല്‍ മുഖമൂടികള്‍ അണിയാവുന്നതാണ്. പക്ഷെ തുണി കൊണ്ടുള്ള സാധാരണ മുഖമൂടികള്‍ വെറുതെ ധരിക്കാമെന്നത് അല്ലാതെ രോഗപ്രതിരോധം നല്‍കില്ല, ഈര്‍പ്പം കെട്ടി നിന്നു ധരിക്കുന്ന വ്യക്തിയില്‍ രോഗം വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ മുഖമൂടികള്‍ വികസിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഫലപ്രദമായ മെഡിക്കല്‍ മുഖമൂടികള്‍ തന്നെ ചെയ്യാന്‍ ദയവായി ശ്രദ്ധിക്കുക. നമ്മള്‍ക്ക് ലഭ്യമായ സ്രോതസ്സുകള്‍ പരിമിതമാണ്, അവ അനാവശ്യമായി, വിഫലമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ച് കളയാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. നിലവിലെ അവസരത്തില്‍ രോഗബാധിതരോ രോഗബാധ സംശയിക്കുന്നവരോ അല്ലാത്തവരുമായി ഇടപെടുമ്പോള്‍ മുഖമൂടികള്‍ വയ്‌ക്കേണ്ട ആവശ്യമില്ല. കഴിയുന്ന അത്രയും ശാരീരിക അകലം പാലിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, മുഖത്ത് ഇടയ്ക്കു കൈകൊണ്ടു സ്പര്ശിക്കാതെ ഇരിക്കുക, വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, സാധിക്കുന്ന അത്രയും വീട്ടിന്റെ ഉള്ളില്‍ സുരക്ഷിതമായി ഇരിക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ മതി.

Ref: Advice on the use of masks the community, during home care and in health care settings in the context of the novel coronavirus (2019-nCoV) outbreak.

Macintyre, C. R., Seale, H., Dung, T. C., Hien, N. T., Nga, P. T., Chughtai, A. A., … Wang, Q. (2015). A cluster randomised trial of cloth masks compared with medical masks in healthcare workers. BMJ Open, 5(4). doi: 10.1136/bmjopen-2014-006577