രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; പരാതി ഗുരുതരമെന്ന് വിധിപകര്‍പ്പില്‍
Kerala
രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി; പരാതി ഗുരുതരമെന്ന് വിധിപകര്‍പ്പില്‍
രാഗേന്ദു. പി.ആര്‍
Saturday, 17th January 2026, 3:33 pm

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി. രാഹുലിനെതിരായ പരാതി ഗുരുതരമാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധിപ്പകര്‍പ്പില്‍ കോടതി പറയുന്നു.

പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചതെന്നും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അതിജീവിതയാണെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.

എന്നാല്‍ ഒരു റെസ്റ്റോറന്റില്‍ വെച്ച് കാണണമെന്ന് പറഞ്ഞ യുവതിയെ, മുറിയെടുക്കണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചതിന്റെ തെളിവുകളാണ് എസ്.ഐ.ടിയുടെ കൈവശമുള്ളത്. ഈ തെളിവുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി പറയുന്നു.

ജാമ്യം ലഭിച്ചാല്‍ രാഹുല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ അടക്കം സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി പരിഗണിച്ചിട്ടുണ്ട്.

യുവതിയും രാഹുലും തമ്മിലുണ്ടായ ബന്ധം ഉഭയസമ്മതത്തോട് കൂടിയായിരുന്നുവെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉഭയസമ്മതത്തോട് കൂടിയുള്ള ബന്ധമായതിനാല്‍ തനിക്കെതിരായ ബലാത്സംഗക്കേസ് നിലനില്‍ക്കില്ലെന്നാണ് രാഹുലിന്റെ വാദം.

പരാതിയില്‍ കാലതാമസമുണ്ടായെന്ന രാഹുലിന്റെ വാദവും കോടതി പരിഗണിച്ചിട്ടില്ല. ഭയവും മാനസിക സമ്മര്‍ദവും മൂലമാണ് യുവതി പരാതി നല്‍കാന്‍ വൈകിയതെന്ന പ്രോസിക്യൂഷന്‍ വാദമാണ് കോടതി പരിഗണിച്ചിരിക്കുന്നത്.

പത്തനംതിട്ട തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന്റെ ജാമ്യഹരജി തള്ളിയത്. ജഡ്ജി അരുന്ധതി ദിലീപാണ് ജാമ്യം നിഷേധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര ജയിലിലാണ്. വിധി പ്രതികൂലമായതോടെ രാഹുല്‍ റിമാന്‍ഡില്‍ തുടരും. ജാമ്യത്തിനായി ഇന്നുതന്നെ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

വിദേശത്ത് ജോലി ചെയ്യുന്ന യുവതിയാണ് രാഹുലിനെതിരെ മൂന്നാമത് ബലാത്സംഗ പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

Content Highlight: Court says there is prima facie evidence against Rahul Mamkootathil; verdict says complaint is serious

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.