ലോക ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രഈലിന് വിലക്ക്‌; അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി
Sports News
ലോക ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രഈലിന് വിലക്ക്‌; അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th October 2025, 9:24 am

2025ല്‍ ഇന്തോനേഷ്യയില്‍ നടക്കാനിരിക്കുന്ന ലോക ജിംനാസ്റ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഇസ്രഈല്‍ നല്‍കിയ അപ്പീല്‍ തള്ളി കായിക തര്‍ക്ക പരിഹാര കോടതി (കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്ട്).

ഒക്ടോബര്‍ 19 മുതല്‍ 25 വരെ ജക്കാര്‍ത്തയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇസ്രഈലി ജിംനാസ്റ്റുകള്‍ക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് ചൊവ്വാഴ്ചയാണ് കോടതി വിധിച്ചത്. സി.എ.എസിന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച അധികൃതര്‍ ഇസ്രഈലിന്റെ ആറ് അത്‌ലറ്റുകള്‍ക്ക് വിസ നിഷേധിച്ചിതിനെ തുടര്‍ന്നാണ് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. എന്നാല്‍ അത്‌ലറ്റുകളുടെ പങ്കാളിത്തം ഉറപ്പാക്കാനോ ഇവന്റ് മാറ്റിവെക്കാനോ റദ്ദാക്കാനോ ഉള്ള അപ്പീലിനെ തള്ളിക്കൊണ്ടാണ് എ.സി.എസ് വിധി പ്രഖ്യാപിച്ചത്.

ഇസ്രഈല്‍ അത്‌ലറ്റുകള്‍ക്ക് ഇമിഗ്രേഷന്‍ അധികൃതര്‍ വിസ നിഷേധിച്ചതായി ഇന്തോനേഷ്യന്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്റെ ചെയര്‍വുമണ്‍ ഇറ്റ യൂലിയാറ്റിയ സ്ഥിരീകരിച്ചിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ പ്രവേശനത്തോടനുബന്ധിച്ച് വിവേചനം ഉണ്ടായതായി ഇസ്രഈല്‍ ഫെഡറേഷനും അവകാശപ്പെട്ടു. അതേസമയം വിസ നല്‍കാന്‍ ഇന്തോനേഷ്യയെ നിര്‍ബന്ധിക്കാന്‍ അധികാരമില്ലെന്ന് ഇന്റര്‍നാഷണല്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ പ്രസ്താവിച്ചു.

ഗസയിലെ വംശഹത്യയില്‍ ഫലസ്തീനിനെ പിന്തുണച്ചുകൊണ്ടാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഇസ്രഈലിന് പ്രവേശനം നിഷേധിച്ചത്. ഫലസ്തീനെ പിന്തുണച്ചുകൊണ്ട് പല ലോകരാജ്യങ്ങളും ഇസ്രഈലിനെ കായിക, സാംസ്‌കാരിക രംഗത്ത് ബഹിഷ്‌കരിച്ചിരുന്നു. അതേസമയം 79 രാജ്യങ്ങളില്‍ നിന്ന് 500ലധികം കായികതാരങ്ങളാണ് ഇവന്റില്‍ പങ്കെടുക്കാനെത്തുന്നത്.

Content Highlight: Court of Arbitration for Sport rejects Israel’s appeal to participate in World Gymnastics Championships