തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എൽ.ഡി.എഫ് നേതാവും മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. നെടുമങ്ങാട് ജഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
1990ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരിക്കേസില്‍ അറസ്റ്റിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്നാണ് കേസ്.
ഇതിലെ രണ്ടാംപ്രതിയാണ് ആന്റണി രാജു. ഒന്നാംപ്രതിയായ കെ.എസ്. ജോസും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കോടതിയിലെ ക്ലര്‍ക്കായിരുന്നു ജോസ്. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജ തെളിവ് നിര്‍മിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഐ.പി.സി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞിരിക്കുന്നത്. വഞ്ചനാക്കുറ്റം തെളിയിക്കാനായില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ശിക്ഷാവിധി മേല്‍ക്കോടതി പുറപ്പെടുവിക്കും.
പത്ത് വര്‍ഷത്തിലധികം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍ തെളിഞ്ഞാല്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് ശിക്ഷാവിധി പുറപ്പെടുവിക്കാന്‍ അധികാരമില്ല. ശിക്ഷാവിധിക്കായി മേൽക്കോടതിയിൽ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂഷന് നിർദേശമുണ്ട്.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ലഹരിക്കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആന്റണി രാജു തൊണ്ടിമുതല്‍ മാറ്റിനല്‍കിയതോടെ പ്രതി രക്ഷപ്പെട്ടുവെന്നാണ് എഫ്.ഐ.ആര്‍.
നിലവില്‍ 36 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ഒടുവിലാണ് കേസില്‍ വിധി വരുന്നത്. ഇതോടെ ആന്റണി രാജുവിന്റെ എം.എല്‍.എ സ്ഥാനം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും പ്രതിസന്ധിയുണ്ട്.
14 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇരുവർക്കുമെതിരെ തെളിഞ്ഞിരിക്കുന്നത്. ആന്റണി രാജു അഭിഭാഷകനായിരുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്.
കാലതാമസമില്ലാതെ ശിക്ഷാവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. മന്‍മോഹന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: Court finds Antony Raju guilty in Thondimuthal case