| Monday, 10th March 2025, 12:23 pm

മലയാളത്തിന്റെ ബാഹുബലി എന്നാണ് പൃഥ്വിരാജ് അന്ന് ആ സിനിമയെ വിശേഷിപ്പിച്ചത്, അതിപ്പോള്‍ സത്യമാണെന്ന് മനസിലായി: സുജിത് സുധാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളക്കര ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും മലയാളസിനിമ ഇന്നേവരെ കാണാത്ത തരത്തില്‍ ഗ്രാന്‍ഡായിട്ടുള്ള ഒന്നാണ്. ആദ്യഭാഗത്തേക്കാള്‍ വലിയ ലോകമാണ് എമ്പുരാനിലൂടെ പൃഥ്വി മലയാളികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്.

ലൂസിഫര്‍ ഫ്രാഞ്ചൈസിയെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ സുജിത് സുധാകരന്‍. ദേശീയ അവാര്‍ഡ് നേടിയ മരക്കാറിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് സുജിത്തായിരുന്നു. ലൂസിഫറിലേക്ക് പൃഥ്വിരാജ് തന്നെ വിളിച്ചപ്പോള്‍ മലയാളസിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ ഫ്രാഞ്ചൈസിയെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നെന്ന് സുജിത് പറഞ്ഞു.

ബാഹുബലി പോലൊരു സിനിമ അഞ്ച് വര്‍ഷം മുമ്പ് മലയാളത്തില്‍ ചിന്തിക്കാന്‍ കഴിയില്ലായിരുന്നെന്നും പൃഥ്വിരാജ് അത് എങ്ങനെ പുള്‍ ഓഫ് ചെയ്യുമെന്ന് താന്‍ ചിന്തിച്ചെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. ആ സിനിമക്ക് അഞ്ച് വര്‍ഷത്തിന് ശേഷം ഒരു രണ്ടാം ഭാഗം വരുമെന്നും അത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ സിനിമയായി മാറുമെന്നൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നെന്നും സുജിത് സുധാകരന്‍ പറഞ്ഞു.

100 കോടിക്കുമുകളില്‍ ബജറ്റ് വേണ്ട സിനിമയാണ് എമ്പുരാനെന്നും ആക്ച്വല്‍ ബജറ്റ് വെളിപ്പെടുത്താന്‍ തനിക്ക് അവകാശമില്ലെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന സിനിമയെക്കുറിച്ച് 2019ല്‍ തന്നെ വ്യക്തമായ പ്ലാന്‍ പൃഥ്വിയുടെ മനസില്‍ ഉണ്ടായിരുന്നെന്നും അത് മറ്റാര്‍ക്കും സാധിക്കാത്ത ഒന്നാണെന്നും സുജിത് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു സുജിത് സുധാകരന്‍.

‘പൃഥ്വിരാജ് എന്നെ ലൂസിഫറിലേക്ക് വിളിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മനസില്‍ ഈ ഫ്രാഞ്ചൈസിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ‘ബാഹുബലി പോലെ ഗ്രാന്‍ഡ് ആയിട്ടൊരു പടം മലയാളത്തില്‍’ എന്നായിരുന്നു ഈ ഫ്രാഞ്ചൈസിയെക്കുറിച്ച് പൃഥ്വി പറഞ്ഞത്. ബാഹുബലി പോലെ വലിയൊരു സിനിമ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ എങ്ങനെ സാധിക്കുമെന്ന് അന്ന് ഞാന്‍ ചിന്തിച്ചു.

അഞ്ച് വര്‍ഷം കഴിഞ്ഞാണ് ലൂസിഫറിന്റെ സെക്കന്‍ഡ് പാര്‍ട്ട് വരുന്നത്. അത് ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ പടമാക്കി മാറ്റുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകളും അതിനെക്കാളുപരി വലിയ ലൊക്കേഷനുമാണ് എമ്പുരാനിലുള്ളത്. എങ്ങനെ നോക്കിയാലും 100 കോടിക്ക് മുകളില്‍ ബജറ്റ് പടത്തിനുണ്ട്. ആക്ച്വല്‍ ബജറ്റ് പറയാന്‍ എനിക്ക് അവകാശമില്ല.

അഞ്ച് കൊല്ലം മുമ്പ് ഇറങ്ങിയ ഒരു പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഇത്ര ഗ്രാന്‍ഡായി ഒരുങ്ങുമെന്നും അതിനായി ഇന്‍ഡസ്ട്രി മുഴുവന്‍ കാത്തിരിക്കുമെന്നും ആരും വിചാരിച്ചുകാണില്ല. അന്ന് എന്നോട് സംസാരിക്കുന്ന സമയത്ത് തന്നെ മൂന്ന് പാര്‍ട്ടിനെയും കുറിച്ച് വ്യക്തമായ ഒരു ഐഡിയ പൃഥ്വിക്ക് ഉണ്ടായിരുന്നു. അതൊന്നും വേറെ ആര്‍ക്കും സാധിക്കില്ല,’ സുജിത് സുധാകരന്‍ പറഞ്ഞു.

Content Highlight: Costume Designer Sujith Sudhakaran about Prithviraj’s vision on Lucifer franchise

We use cookies to give you the best possible experience. Learn more