സ്റ്റേറ്റ് അവാർഡിനേക്കാളും വലുത് മമ്മൂക്ക ആ വസ്ത്രം ധരിച്ചതായിരുന്നു: സമീറ സനീഷ്
Malayalam Cinema
സ്റ്റേറ്റ് അവാർഡിനേക്കാളും വലുത് മമ്മൂക്ക ആ വസ്ത്രം ധരിച്ചതായിരുന്നു: സമീറ സനീഷ്
നന്ദന എം.സി
Wednesday, 7th January 2026, 7:51 am

മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ കോസ്റ്റ്യൂം ഡിസൈനറായി മാറിയ സമീറ സനീഷ് തന്റെ കരിയറിലെ മനോഹരമായ ഓർമ്മകൾ പങ്കുവെക്കുമ്പോൾ, അതിൽ ഏറ്റവും സന്തോഷം തരുന്ന നിമിഷം മമ്മൂട്ടിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.

200 ലധികംസിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സമീറ താൻ വർക്ക് ചെയ്ത സിനിമകളെയും ട്രെൻഡ് സെറ്ററായ വേഷങ്ങളെയും കുറിച്ച് പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സമീറ. കുറെ ഏറെ ചിത്രങ്ങൾക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിട്ടുണ്ടെങ്കിലും സാൾട്ട് ആൻഡ് പെപ്പർ, ചാർലി, പ്രേമം, തട്ടത്തിൻ മറയത്ത്, ഹൗ ഓൾഡ് ആർ യു, ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഇന്നും പ്രേക്ഷകരുടെ ഓർമ്മയിൽ നിൽക്കുന്നവയാണ്.

മമ്മൂട്ടി , Photo: Mammootty/ Facebook

മൂന്നു തവണ മികച്ച കോസ്റ്റ്യൂം ഡിസൈനറായി സംസ്ഥാന അവാർഡ് ലഭിച്ച സമീറ ഒരു വലിയ മമ്മൂക്ക ആരാധികയായതിനാൽ തന്നെ അവാർഡിനേക്കാളും മമ്മൂക്ക താൻ ഡിസൈൻ ചെയ്ത കോസ്റ്റ്യൂം ധരിച്ച് അവാർഡ് വാങ്ങാൻ പോയതാണ് ഏറ്റവും വലിയ സന്തോഷം എന്ന് പറയുകയാണ്.

‘മമ്മൂക്കയ്ക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കുന്നത് കംഫർട്ട് ആണ്. മമ്മൂക്കക്ക് സോഫ്റ്റ് ഫാബ്രിക് ആയിരിക്കണം. വളരെ ഹാർഡ് ഫാബ്രിക് അദ്ദേഹത്തിന് കംഫർട്ടബിൾ അല്ല. ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ കംഫർട്ടല്ലെങ്കിലും കഥാപാത്രത്തിന്റെ ആവശ്യത്തിനായി ആ വേഷം മമ്മൂക്ക ധരിച്ചു.

Official Poster,Photo: IMDb

ഭീഷ്മ പർവ്വം സിനിമയ്ക്കായി 12 കുർത്തകൾ അദ്ദേഹത്തിനായി തയ്യാറാക്കി. പ്രത്യേക തരം ഫാബ്രിക്കിൽ കളർ ഡൈ ചെയ്തതിനാൽ വിയർക്കുന്നതിനനുസരിച്ച് മമ്മൂക്കയ്ക്ക് ആ ഫാബ്രിക് ഇറിറ്റേഷൻ ആവുകയും അദ്ദേഹത്തിന്റെ കൈകൾ എല്ലാം ചുവന്ന് വരുകയും ചെയ്തിരുന്നു. അവസാനം സംവിധായകൻ അമൽ നീരദ് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ചോദിക്കുകയും പിന്നീട് മറ്റൊരു ഫാബ്രിക് ഉപയോഗിക്കുകയുമായിരുന്നു,’ സമീറ പറഞ്ഞു.

മമ്മൂട്ടി , Photo: IMDb

മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും, ഒരേ സമയം സ്റ്റേറ്റ് അവാർഡ് നേടാനും സാധിച്ചത് തന്റെ ജീവിതത്തിലെ അഭിമാന നിമിഷങ്ങളിലൊന്നാണെന്നും അവർ പറഞ്ഞു. പിന്നീട് എനിക്കും മമ്മൂക്കയ്ക്കും സ്റ്റേറ്റ് അവാർഡ് ലഭിച്ചുവെന്നറിഞ്ഞപ്പോൾ മമ്മൂട്ടിക്ക് മെസേജ് അയച്ചതും, അദ്ദേഹത്തിന്റെ മറുപടി ലഭിച്ചതും സമീറയുടെ വാക്കുകളിൽ ഇന്നും ആവേശം നിറഞ്ഞ ഓർമ്മയാണ്.

എന്നാൽ അതിലേറെ സന്തോഷം നൽകിയത് മറ്റൊന്നായിരുന്നെന്നും സമീറ ഓർത്തെടുത്തു പറയുന്നു.

‘മമ്മൂക്ക സ്റ്റേറ്റ് അവാർഡ് വാങ്ങാൻ പോയ ദിവസം ധരിച്ചത് ഞാൻ ഡിസൈൻ ചെയ്ത ഷർട്ട് ആയിരുന്നു . എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയതിലും വലിയ സന്തോഷം, മമ്മൂക്ക ആ ഷർട്ട് ധരിച്ചതായിരുന്നു,’ സമീറ സനീഷ് പറഞ്ഞു.

Content Highlight: Costume Designer Sameera saneesh talk about Actor Mammootty

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.