തിയേറ്ററുകളില്‍ നിറഞ്ഞ സദസുമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. നിവിന്‍ പോളിയുടെ തിരിച്ചുവരവ് എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ചിത്രം ഇതിനോടകം പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞു. സിനിമയിലുടനീളം ആ പഴയ നിവിനെ ഞങ്ങള്‍ കണ്ടെടാ എന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ഒരുപാട് കാലത്തിന് ശേഷം ഏറെ ഭംഗിയോടെ നിവിന്‍ പ്രത്യക്ഷപ്പെട്ട സിനിമ കൂടിയായിരുന്നു സര്‍വ്വം മായ. അതിന് പിന്നിലെ ഒരു പ്രധാന കാരണം കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് കൂടിയാണ്. ഇപ്പോള്‍ റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയിലെ നിവിന്‍ പോളിയുടെ ലുക്കിനെ കുറിച്ച് സംസാരിക്കുകയാണ് സമീറ.
‘നിവിനെ കാണാന്‍ നല്ല സുന്ദരനായിരിക്കണം എന്നാണ് അഖില്‍ പറഞ്ഞത്. ഇന്ന ഷര്‍ട്ട് വേണമെന്നോ, അങ്ങനെ പ്രത്യേകിച്ചൊന്നും എടുത്ത് പറഞ്ഞില്ല. നിവിനെ കാണാന്‍ നല്ല ഭംഗിയായിരിക്കണം എന്നു മാത്രമാണ് എന്റെയടുത്ത് പറഞ്ഞത്. ചില സിനിമകളില്‍ ഒരോ പാറ്റേണൊക്കെ പിടിക്കുമല്ലോ ഡ്രസിന്റെ കാര്യത്തില്‍ ഇവിടെ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. നിവിനെ കണ്ട് കഴിഞ്ഞാല്‍ നല്ല മിടുക്കനായിരിക്കണം എന്ന് പറഞ്ഞു.
കുറെ വര്‍ഷങ്ങളായി നിവിന്‍ ഡാര്‍ക്ക് കളര്‍ ഡ്രസ് മാത്രമാണ് ഉപയോഗിക്കുന്നത്. അതില്‍ നിന്നൊരു മാറ്റം കൊണ്ടുവന്നു. അതിന്റ വ്യത്യാസം ഉണ്ടായിരുന്നു. പിന്നെ നിവിന്റെ വണ്ണം ഒന്ന് കുറഞ്ഞതും ആ കഥാപാത്രത്തിന് ഒരു വലിയ പ്ലസ് പോയിന്റായിരുന്നു,’ സമീറ സനീഷ് പറയുന്നു.
സര്‍വ്വം മായ ഒറ്റ ഷെഡ്യൂള്‍ എന്ന് പറഞ്ഞ് തുടങ്ങിയ സിനിമയല്ലെന്നും ഒരു വലിയ സിനിമ ചെയ്യുന്നതിന്റെ ഇടയില്‍ ചായ കുടിക്കാന്‍ പോകുന്നത് പോലെ ഇടക്ക് വന്ന് ചെയ്യാം എന്നാണ് അഖില്‍ പറഞ്ഞതെന്നും സമീറ സീഷ് കൂട്ടിച്ചേര്‍ത്തു.
നിവിന്‍ ആദ്യം ഒരു അഞ്ച് ദിവസത്തേക്കാണ് ഡേറ്റ് കൊടുത്തതെന്നും പിന്നീട് നിവിന് ഇന്‍ട്രസ്റ്റിങ്ങായി വന്നപ്പോള്‍ അഞ്ച് ദിവസം എന്നത് മാറി പത്ത് ദിവസം പതിനഞ്ച് ദിവസം എന്നിങ്ങനെ വന്നതാണെന്നും സമീറ പറഞ്ഞു.
‘ ശരിക്കും ഷൂട്ട് കഴിഞ്ഞതൊന്നും നമ്മള്‍ അറിഞ്ഞിട്ടില്ല. ഇടക്ക് പത്ത് ദിവസം ഷൂട്ട് ചെയ്യും, പിന്നീട് ഒരു ബ്രേക്ക്. പിന്നെ ഒരു അഞ്ച് ദിവസം ഷൂട്ട് ചെയ്യും. അങ്ങനെയാണ് സിനിമ കഴിഞ്ഞത്. ഒറ്റ സ്‌ട്രെച്ചില്‍ ഒരുപാട് ഷൂട്ട് നടന്നിട്ടില്ല,’ സമീറ സനീഷ് പറഞ്ഞു.
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സിനിമയില്‍ റിയ ഷിബു, അജു വര്‍ഗീസ്, പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍ തുടങ്ങയിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Costume designer Sameera Saneesh says Akhil only told her that Nivin pauly should be very handsome to see