മുതലാളിത്ത ലോകവും കൊറോണയും;
ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തി
COVID-19
മുതലാളിത്ത ലോകവും കൊറോണയും; ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണ് ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തി
കെ. രാമചന്ദ്രന്‍
Friday, 3rd April 2020, 7:53 pm

നിയോലിബറല്‍ വ്യവസ്ഥയുടെ നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍, നാലു മാസം മുമ്പ് മാത്രം പ്രത്യക്ഷപ്പെട്ട കോവിഡ് 19 എന്ന കൊറോണ വൈറസ്സ് അതിന്റെ വ്യാപനശേഷികൊണ്ട് ലോകത്താകമാനം മനുഷ്യരെ കടുത്ത ഉല്‍ക്കണ്ഠയുടെ മുള്‍മുനയിലാക്കിയിരിക്കുന്നു. ഇറ്റലിയുള്‍പ്പെടെ വികസിത മുതലാളിത്ത രാജ്യങ്ങളെപ്പോലും നിസ്സഹായതയുടെ പരമകാഷ്ഠയിലെത്തിച്ചു കൊണ്ടു ദിവസേന രോഗബാധയും മരണങ്ങളും കൂടിക്കൂടി വരുന്നു.

നാളിതുവരെ നേടിയ ശാസ്ത്രവിജ്ഞാനവും ആധുനികമായ സാങ്കേതിക വിദ്യകളുമെല്ലാമുണ്ടായിട്ടും, ഫലപ്രദമായി ഇതിനെ നേരിടാന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ സംഗതി. ഇതെന്തുകൊണ്ട്? എവിടെയാണ് പിഴച്ചത്? ജീവനുണ്ടോ ഇല്ലയോ എന്ന സന്ദിഗ്ദ്ധതയില്‍ നില്‍ക്കുന്ന ഒരു വൈറസിന് നമ്മുടെ ആരോഗ്യപരിപാലന സംവിധാനങ്ങളെ മുഴുവന്‍ നിഷ്ഫലമാക്കാന്‍ സാധിക്കുന്നു എന്നത് നമ്മെ ആത്മപരിശോധനയ്ക്കും നിശിതമായ പുനരാലോചനയ്ക്കും വിധേയരാവാന്‍ പ്രേരിപ്പിക്കേണ്ട സംഗതിയാണ്.

ആരോഗ്യം വ്യക്തികളുടെ സ്വന്തം ഉത്തരവാദിത്വമാണ് എന്ന് നിശ്ചയിച്ച് അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സ്വകാര്യവത്കരിക്കുകയും ഇന്‍ഷൂറന്‍സിന്റെ ഭാരിച്ച ചെലവ് താങ്ങാനാവാതെ പലപ്പോഴും പ്രതിരോധകുത്തിവെപ്പും ആശുപത്രിചികിത്സയും ഉപേക്ഷിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്ന ഇറ്റലി, അമേരിക്ക തുടങ്ങിയ വികസിതമുതലാളിത്ത രാജ്യങ്ങളിലാണ് കോവിഡ്19 ന്റെ സംഹാരതാണ്ഡവം ഏറ്റവുമധികം മാരകമായത്.

ആരോഗ്യം മനുഷ്യന്റെ ജന്മാവകാശമാണ് എന്ന ധാരണയുള്ള, ചുരുങ്ങിയപക്ഷം അതിനു നേരിടുന്ന ഭീഷണികള്‍ ഇല്ലാതാക്കേണ്ടത് ജനക്ഷേമത്തിലൂന്നുന്ന ഒരു ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ് എന്നെങ്കിലും ബോധ്യമുള്ള ചില രാജ്യങ്ങളാണ് കൊറോണയുടെ വ്യാപനം തടയുന്നതില്‍ വിജയിച്ചത്.

പൊതുമേഖലയെ തകര്‍ക്കുക സ്വകാര്യമേഖലയെ വളര്‍ത്തുക എന്ന നിയോലിബറല്‍ സൂക്തം മുറുകെപ്പിടിച്ച ഇടങ്ങളിലാണ് കൊറോണ ഏറ്റവുമധികം വിനാശം വിതയ്ക്കുന്നത്. അത് പ്രാദേശികതലത്തിലോ, സംസ്ഥാനതലത്തിലോ രാജ്യതലത്തിലോ ആവാം. ആരോഗ്യം സാമൂഹികമായി നേടിയെടുക്കേണ്ട ഒരു പൊതുമൂല്യമായിക്കണ്ട് അത് സാക്ഷാത്കരിക്കാന്‍ ശ്രമിക്കാത്ത ജനാധിപത്യരാജ്യങ്ങള്‍ കനത്ത വിലകൊടുക്കേണ്ടിവരും. ഇറ്റലി പോലെ നിയോ ഫാഷിസ്റ്റുരാജ്യങ്ങളിലെ അവസ്ഥ ഇതിന്റെ ദൃഷ്ടാന്തമാണ്.

വൈറസ്സിനെ തടയാന്‍ വാക്‌സിനില്ല; അത് ബാധിച്ചാല്‍ ചികിത്സിക്കാന്‍ മരുന്നുമില്ല. എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന ബാക്റ്റീരിയ, വൈറസ് തുടങ്ങിയവയുടെ കൂട്ടത്തിലെ രോഗകാരികളെ ഉന്മൂലനം ചെയ്യുക സാദ്ധ്യവുമല്ല. മനുഷ്യരെ പ്രതികൂലമായി ബാധിക്കാതെ എങ്ങനെ അവയെ കൈകാര്യം ചെയ്യാം എന്നതാണ് നമുക്ക് ആലോചിക്കാവുന്നത്. കൊറോണയും സമാനമായ മറ്റു ചില വൈറസ്സുകളും രോഗകാരികളായി തിരിച്ചറിയപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും എന്തുകൊണ്ടാണ് വന്‍തോതില്‍ പണം മുടക്കിയ ഔഷധ ഗവേഷണത്തിന് ഇവയ്‌ക്കെതിരായ പ്രതിരോധ വാക്‌സിനോ ചികിത്സയുടെ മരുന്നോ വികസിപ്പിച്ചെടുക്കാന്‍ കഴിയാതെ പോയത് എന്നാലോചിക്കുമ്പോഴാണ് നമ്മുടെ ആരോഗ്യപരിപാലനവ്യവസ്ഥയുടെ താല്പര്യങ്ങളും മുന്‍ഗണനാക്രമങ്ങളും വിമര്‍ശന വിധേയമാക്കേണ്ടിവരുന്നത്.

ചങ്ങാത്ത മുതലാളിത്തത്തില്‍ ഭരണകൂടങ്ങളുടെ ഉറ്റ തോഴരായ ആഗോള കോര്‍പ്പറേറ്റ് മരുന്നുകമ്പനികളാണ് ഏതൊക്കെ രോഗങ്ങള്‍ക്ക് ഏത് തരത്തില്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്; സര്‍ക്കാരുകളോ ആരോഗ്യ വിദഗ്ധരോ അല്ല. കമ്പോളത്തിലെ മറ്റേതുല്പന്നവും സേവനവും പോലെ പരമാവധി ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് ഒരുപാധി മാത്രമാണ് അവര്‍ക്ക് ആരോഗ്യവും. ക്രയശേഷി കൂടിയ സമ്പന്ന വിഭാഗങ്ങളുടെ പോക്കറ്റിലാണ് അവര്‍ നോട്ടമിടുന്നത്.

ദരിദ്രരായ മനുഷ്യരും അവരുടെ കൂടപ്പിറപ്പായ നിരവധി രോഗങ്ങളും അവര്‍ ഗൗനിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ്. ആരോഗ്യനയം രൂപീകരിക്കുന്ന സര്‍ക്കാരുകളാകട്ടെ, ബഹുഭൂരിപക്ഷം ആളുകളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ പരിഗണിച്ചല്ല, ദേശീയ മൊത്തോല്‍പ്പാദനത്തില്‍(GDP) പ്രതിഫലിക്കുന്ന സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് ആരോഗ്യരംഗത്തെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മൂല്യം നിര്‍ണയിക്കുന്നത്. അപ്പോള്‍ ആരോഗ്യത്തിന്റെ പ്രശ്‌നം സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയ വ്യവസ്ഥയുടെയും പ്രശ്‌നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

തെറ്റായ മുന്‍ഗണനാക്രമങ്ങള്‍ ആരോഗ്യത്തെ പോഷിപ്പിക്കില്ല എന്ന് മാത്രമല്ല നശിപ്പിക്കുകയും ചെയ്യും. മനുഷ്യര്‍ക്കെല്ലാം സ്വതവേയുള്ള രോഗപ്രതിരോധശേഷി നശിപ്പിച്ചുകൊണ്ടും അതുവഴി, പുതിയ രോഗങ്ങള്‍ക്ക് അവരെ തുറന്നുകൊടുത്തുകൊണ്ടും ആണ് കൂടുതല്‍ ലാഭമു
ണ്ടാവുന്നതെങ്കില്‍ അങ്ങനെ ലാഭമുണ്ടാക്കുന്നതില്‍ കമ്പനികള്‍ക്കോ, അവരുടെ പ്രായോജകരായ മുതലാളിത്ത ഭരണകൂടങ്ങള്‍ക്കോ അതിലന്തര്‍ഭവിച്ച അധാര്‍മ്മികതയെക്കുറിച്ച് മനസ്സാക്ഷിക്കുത്തൊന്നും ഉണ്ടാവുന്നില്ല. ആവശ്യമായ മരുന്നുകള്‍ കിട്ടാനില്ലാത്തപ്പോഴും അനാവശ്യ മരുന്നുകള്‍ കമ്പോളത്തില്‍ സുലഭമാവുന്നത് ഇക്കാരണം കൊണ്ടാണ്.

മനുഷ്യരുടെ സഹജമായ രോഗ പ്രതിരോധശേഷിയെ പോഷിപ്പിക്കാനുള്ള നടപടികളാണ് ആരോഗ്യ പരിപാലനത്തിന് മുഖ്യമായും വേണ്ടത്. പരിസരശുചിത്വം, ശുദ്ധമായ കുടിവെള്ളം, പോഷകപ്രധാനമായ ഭക്ഷണം, വിനാശകരമല്ലാത്ത ജീവിതചര്യകള്‍, ആവശ്യത്തിന് വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ തുടങ്ങിയവയാണ് ആരോഗ്യകരമായ ജീവിതത്തിന്റെ മുന്നുപാധികള്‍. ഇവയുടെ നീതിയുക്തമായ ലഭ്യതക്കും രോഗപ്രതിരോധത്തിനുമാണ് ചികിത്സയേക്കാള്‍ പ്രാധാന്യം ലഭിക്കേണ്ടത്.

രോഗം ബാധിച്ചാല്‍ മാത്രം അത് ചികിത്സിച്ച് ഭേദമാക്കാന്‍ ഉദ്ദേശിക്കപ്പെട്ടാണ് ആശുപത്രി, മരുന്ന്, ഡോക്ടര്‍ എന്നിവ. എന്നാല്‍, ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, തികച്ചും സ്വാഭാവികമെന്നത് പോലെ എപ്പോഴും അത് ചികിത്സയെക്കുറിച്ചായിത്തീരുന്നു! അത് നേരത്തേ സൂചിപ്പിച്ച മുന്നുപാധികളെക്കുറിച്ചോ രോഗപ്രതിരോധനടപടികളെക്കുറിച്ചോ ആവുന്നില്ല താനും. ആരോഗ്യത്തെക്കുറിച്ചുള്ള സംവാദം രോഗത്തെക്കുറിച്ചായിമാറുന്ന ഈ വിപര്യയത്തിനു പിന്നിലെ പ്രത്യയശാസ്ത്രപരമായ കാരണങ്ങളാണ് തേടിപ്പോകേണ്ടത്.

കൊറോണയ്ക്ക് വാക്‌സിനോ മരുന്നോ ഇല്ല എന്നത് കൊണ്ട് മാത്രമാണ് ഇടക്കിടെ സോപ്പിട്ട് കൈ കഴുകല്‍ എന്ന പ്രതിരോധ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കപ്പെട്ടത്. വാസ്തവത്തില്‍, കൈ കഴുകല്‍ ഉള്‍പ്പെടെ വ്യക്തിശുചിത്വ ശീലങ്ങള്‍ വൈറസ് രോഗബാധയില്ലാത്ത കാലത്തും സ്ഥിരമായി നമ്മള്‍ അനുവര്‍ത്തിക്കേണ്ടതല്ലേ? കൈകഴുകലിന്റെ മാഹാത്മ്യങ്ങളെക്കുറിച്ചു ഇന്ന് വാചാലമായി സംസാരിക്കാന്‍ സമയം കണ്ടെത്തുന്നവര്‍ ജീവിതശൈലീരോഗങ്ങളുമായി തങ്ങളെ സമീപിക്കുന്നവരോട് ഇത്തരം കാര്യങ്ങള്‍ പറയാന്‍ അല്പം സമയം വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മുടെ ആരോഗ്യം എത്രയോ മെച്ചപ്പെടുമായിരുന്നില്ലേ?

സദാചാരപരമായ ഒരു സേവനമെന്ന നിലവിട്ടു കേവലം ഒരു സാമ്പത്തികപ്രവര്‍ത്തനം മാത്രമായി ചികിത്സ ചുരുങ്ങിപ്പോയതുകൊണ്ടല്ലേ ഇതൊന്നും നടക്കാത്തത്? എങ്ങനെയും സാമ്പത്തികലാഭമുണ്ടാക്കുക എന്ന മുതലാളിത്ത ബോധം അറിഞ്ഞോ അറിയാതെയോ സ്വാംശീകരിച്ചതു കൊണ്ടല്ലേ ഇത്തരം അപചയങ്ങള്‍ ആരോഗ്യരംഗത്തും ഉണ്ടായത്? രോഗവുമായി ആളുകള്‍ സമീപിച്ചാല്‍, രോഗത്തിനു കാരണമാവുന്ന ജീവിതസാഹചര്യങ്ങള്‍, തൊഴില്‍, പരിസരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും അവരോട് അന്വേഷിച്ചു മനസ്സിലാക്കുകയോ സാധ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയോ ചെയ്യാതെ, ഏതു രോഗത്തിനും മരുന്നുണ്ട് എന്ന മട്ടിലല്ലേ ഡോക്ടര്‍മാര്‍ അവരെ കൈകാര്യം ചെയ്യാറുള്ളത്?

സാമൂഹികവും പാരിസ്ഥിതികവുമായി ഫലപ്രദമായ എന്ത് നടപടികളാണ് നമ്മുടെ ആരോഗ്യ അധികൃതര്‍ നമ്മളോട് നിര്‍ദ്ദേശിക്കാറുള്ളത്? അലോസരമുണ്ടാക്കുന്ന ഇത്തരം അനേകം ചോദ്യങ്ങള്‍ നമ്മള്‍ ചോദിക്കേണ്ടതുണ്ട്. യുദ്ധസമാനമായ ഒരന്തരീക്ഷത്തില്‍, രോഗം വ്യാപിക്കുകയും ആളുകള്‍ മരിക്കുകയും ചെയ്യുമ്പോഴാണോ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടത് എന്ന് പലരും സംശയിച്ചേക്കാം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നാണു തിരിച്ചു ചോദിക്കേണ്ടത്.

നമ്മുടെ ആരോഗ്യപരിപാലനവ്യവസ്ഥയുടെ വിശ്വാസ്യത തന്നെ തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അതിനെ തിരിച്ചുപിടിക്കുവാന്‍ ഇടപെടലുകള്‍ ഇപ്പോഴല്ലേ നടത്തേണ്ടത്? രോഗം തടയുന്നതിന് വഴികള്‍, സമീപകാലത്ത് ആദ്യമായല്ലേ ആരോഗ്യവിദഗ്ധര്‍ നമ്മോട് നിര്‍ദേശിക്കുന്നത്? വിവാദാസ്പദമായ ചില വാക്‌സിനുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ (അവയും കമ്പോളനിയമങ്ങള്‍ക്കു വിധേയമാണ്), പ്രതിരോധത്തെക്കുറിച്ചു അവരാരെങ്കിലും സംസാരിക്കാറുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വിതണ്ഡവാദികളായോ സാമൂഹ്യദ്രോഹികളായോ മുദ്രകുത്തി നിശ്ശബ്ദരാക്കുന്ന പ്രവണതയാണ് വ്യാപകമായും കണ്ടുവരുന്നത്. പ്രത്യേകിച്ചും ഈ സത്യാനന്തര കാലത്തിന്റെ വക്കാലത്തുകാര്‍ക്കിടയില്‍.

ഉര്‍വശീശാപം ഉപകാരം എന്ന മട്ടില്‍ രോഗപ്രതിരോധത്തെക്കുറിച്ചും നമുക്ക് സംസാരിക്കാന്‍ കൊറോണ നിമിത്തമായി എന്ന് പറയാം. വസൂരി, ക്ഷയം,കോളറ, പ്ലേഗ് പോലെ മാരകമായ പകര്‍ച്ചവ്യാധികളുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവുന്ന ഒരു വസ്തുത അവ പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടു ഉച്ചാവസ്ഥയിലെത്തി പിന്നീട് കുറഞ്ഞു കുറഞ്ഞു താഴോട്ടുപോകുന്ന പ്രവണതയാണ് പ്രകടിപ്പിച്ചിരുന്നത് എന്നതാണ്.

അതുപോലെ കൊറോണയുടെ ഭീഷണിയും ഈ ഉയര്‍ച്ച താഴ്ചകള്‍ക്കു വിധേയമായിരിക്കും. എന്ന് വച്ച് അലംഭാവത്തിനു ന്യായീകരണമില്ല. അനുയോജ്യമായ വാക്‌സിന്‍/മരുന്ന് കണ്ടെത്താനും ഔചിത്യപൂര്‍വ്വം പ്രയോഗിക്കാനും പ്രോത്സാഹനം നല്‍കണം. കൈമെയ് മറന്നു രോഗവ്യാപനം തടയാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഭാഗഭാക്കാവണം; നിസ്വാര്‍ത്ഥമായ ഇത്തരം സന്നദ്ധപ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കണം. അതെല്ലാം ചെയ്യുമ്പോള്‍ കച്ചവടതാത്പര്യങ്ങള്‍ക്കായി അടിസ്ഥാനപരമായ ആരോഗ്യമൂല്യങ്ങള്‍ കൈവിടാതെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം.

സാധാരണഗതിയില്‍ ഇവിടെ ഊന്നല്‍ പ്രതിരോധത്തിലല്ല; ചികിത്സയി’ലാണ് എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇത് കാരണമാണ് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന, ഇനിയും ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത വിവിധരോഗങ്ങള്‍ക്ക് മുമ്പില്‍ നമ്മുടെ ചികിത്സാവ്യവസ്ഥ നിസ്സഹായമാവുന്നത്; രോഗലക്ഷണത്തിന് ചികിത്സയും സാന്ത്വന ചികിത്സയും അവലംബിക്കേണ്ടി വരുന്നത്. ആധുനികേതര ചികിത്സാ പദ്ധതികള്‍ക്ക് പലതിനും പ്രതിരോധശേഷി വികസിപ്പിക്കാന്‍ കഴിയുമെങ്കിലും അവയുടെ പ്രയോക്താക്കള്‍ക്കിടയിലെ ചില യാഥാസ്ഥിതിക മുന്‍വിധികളും, ആധുനികചികിത്സകരുടെ ശാസ്തമാത്ര വാദങ്ങളിലധിഷ്ഠിതമായ ആധികാരികതാ തര്‍ക്കങ്ങളും അവയ്ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന പ്രാമാണികതയും എല്ലാം ഇവയുടെ പ്രയോഗത്തിന് തടസ്സം നില്ക്കുന്നു.

ആരോഗ്യം തന്റെ ജന്മാവകാശമാണെന്ന ബോധവും സമൂഹത്തിന് ഹാനികരമാവാത്ത വിധത്തില്‍ സ്വാശ്രയത്വത്തിലൂന്നിയും സ്വതന്ത്രമായും തന്റെ ആരോഗ്യകാര്യത്തില്‍ തീരുമാനമെടുക്കാന്‍ വേണ്ട ശേഷിയും കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്ന ഒരു സമൂഹത്തില്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ രോഗപ്രതിരോധശേഷി പരമാവധി ഉയര്‍ത്താന്‍ കഴിയൂ. ഇത് പക്ഷേ, ഒരു കൂട്ടായ രാഷ്ട്രീയ തീരുമാനത്തിലൂടെ മാത്രമേ നടപ്പിലാവൂ.

കൊറോണ ജൈവായുധ ഗവേഷണത്തിനിടയില്‍ അബദ്ധത്തില്‍ പുറത്തു കടന്നതോ മന:പൂര്‍വം പ്രയോഗിച്ചതോ ആണെന്ന് പല രാജ്യങ്ങളും സംശയം പ്രകടിപ്പിക്കുകയോ ആരോപിക്കുകയോ ചെയ്തിട്ടുണ്ട്. ബില്‍ഗേറ്റ്‌സ് നേരത്തേ തന്നെ ഇത്തരം ഒരു രോഗവ്യാപനത്തെക്കുറിച്ച് സംസാരിച്ചതും ഉദ്ധരിക്കപ്പെടുന്നുണ്ട്. ജനസംഖ്യാനിയന്ത്രണത്തിനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന ആരോപണവുമുണ്ട്. ജര്‍മനിയില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് വാക്‌സിന്‍ വാങ്ങുന്നതായും വാക്‌സിന്‍ പരിശോധനയ്ക്കുള്ള നടപടിക്രമങ്ങളൊന്നും
പാലിക്കാതെ നേരിട്ട് മനുഷ്യരില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ശരിയായ തെളിവുകള്‍ ലഭിക്കുന്നത് വരെ ഇവയെല്ലാം വെറും അഭ്യൂഹങ്ങളായി മാത്രമേ കണക്കിലെടുക്കാന്‍ കഴിയു. പക്ഷേ ഒരു കാര്യം ഉറപ്പാണ്: മുതലാളിത്ത ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. അതിനെ മറികടക്കാന്‍ മുന്‍കാലത്ത് യുദ്ധം എങ്ങനെ സഹായിച്ചുവോ സമാനമായ ഒരവസരം ലോകവ്യാപകമാവുന്ന കൊറോണാവ്യാധിയും വച്ചുനീട്ടുന്നുണ്ട്.

‘ദുരന്തമുതലാളിത്തം’ (Disaster capitalism) എന്ന് നവോമി ക്ലയ്ന്‍ Shock Dotcrine എന്ന പുസ്തകത്തില്‍ വിശേഷിപ്പിക്കുന്ന, തകരുന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ മഹാദുരന്തങ്ങളെ ഉപയോഗപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ തന്ത്രം കൊറോണാ സന്ദര്‍ഭത്തിലും പ്രയോഗിക്കപ്പെട്ടേക്കാം. കൊറോണാരോഗ നിയന്ത്രണത്തിന്റെ പേരില്‍, ആധുനിക സാങ്കേതിക വിദ്യകള്‍ വച്ചുനീട്ടുന്ന സൗകര്യങ്ങളിലൂടെ, ഓരോ വ്യക്തിയും സദാ നിരീക്ഷിക്കപ്പെടുന്നത് സ്വകാര്യതാലംഘനവും കടുത്ത സ്വാതന്ത്ര്യ നിഷേധവുമായിത്തീരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. നവഫാഷിസ്റ്റ് സ്വപ്‌നങ്ങള്‍ക്കനുസരിച്ച് വ്യക്തികളുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സ്വേഛാധിപതികളായ ഭരണകര്‍ത്താക്കള്‍ക്ക് ഇത് സൗകര്യമൊരുക്കും. രോഗത്തിന്റെ വ്യാപനം തടയാന്‍ വേണ്ട സമയത്ത് ഫലപ്രദമായി ഇടപെടാതെ, വൈകിയുദിച്ച വിവേകം പോലും പ്രചാരണ യജ്ഞങ്ങള്‍ക്കായി മാത്രം വിനിയോഗിക്കുന്ന ഭരണാധികാരികളുള്ള ഒരു ലോകത്ത് ഇത് അത്യന്തം അപകടകരമാണ്.

ഇന്ത്യയും കൊറോണാ പരിശോധനയും

ആരോഗ്യത്തിന് വേണ്ടി മൊത്തം GDPയുടെ 1.28 % മാത്രമാണ് ഇന്ത്യ വകയിരുത്തിയത്.130 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത് തികച്ചും അപര്യാപ്തമാണ്. ദേശീയാടിസ്ഥാനത്തില്‍, സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ പരിമിതമാണ്. മറ്റു രാജ്യങ്ങളില്‍ വ്യാപിച്ച തോതില്‍ കൊറോണ ഇന്ത്യയിലും വ്യാപിക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ വേണ്ട സൗകര്യങ്ങളോ സന്നാഹങ്ങളോ സാമ്പത്തികവിഭവങ്ങളോ ഇവിടെ ഇല്ല.

സംസ്ഥാന പട്ടികയില്‍പ്പെടുന്ന ഒരു വിഷയം എന്ന നിലയ്ക്ക് കേരളം ആരോഗ്യം കൈകാര്യം ചെയ്യുന്നത് കുറെക്കൂടി വിവേകപൂര്‍വമാണ് എന്നത് കൊണ്ട് മികച്ച ആരോഗ്യസൂചികകള്‍ നമുക്കുണ്ട്. കൊറോണയെ നേരിടാന്‍ കാണിക്കുന്ന ജാഗ്രതയും ശുഷ്‌കാന്തിയും പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ പ്രശ്‌നം ആഗോളവും ദേശീയവും അതേ സമയം പ്രാദേശികവുമായ മാനങ്ങളുള്ളതാണ്. രാജ്യത്ത് മൊത്തം നടപ്പിലാക്കപ്പെടുന്ന നയങ്ങള്‍ ഇവിടെയും പ്രതിഫലിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

രോഗമുണ്ടെന്ന് എതാണ്ട് സ്ഥിരീകരിച്ച ആളുകളെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കുന്ന രീതിയാണ് ഇന്ത്യയില്‍ അവലംബിച്ചു കാണുന്നത്. രോഗികളുമായി സമ്പര്‍ക്കമുണ്ടായതായി സംശയിക്കപ്പെടുന്നവരെ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയുവാന്‍ ആവശ്യപ്പെടുകയും വിദേശത്ത് നിന്ന് വരുന്ന പ്രത്യക്ഷത്തില്‍ രോഗികളല്ലാത്തവരെ രണ്ടാഴ്ച വീട്ടില്‍ അടച്ചിരിക്കാന്‍ നിര്‍ദ്ദേശിച്ച് വിടുകയുമാണ് ചെയ്തു വരുന്നത്. അനേകം പേരെ ഒന്നിച്ച് ക്വാറന്റ്റൈന്‍ ചെയ്യേണ്ടി വന്നാല്‍ അതിനുള്ള സൗകര്യമൊന്നും ഇന്ത്യയിലില്ല.

സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഇന്‍ഷൂറന്‍സുമൊന്നും വന്‍ തോതിലുള്ള രോഗവ്യാപനത്തെ നേരിടുന്നതിന് തുണയാവില്ല. പൊതുമേഖലയെ സജ്ജമാക്കിയും ശക്തമാക്കിയും മാത്രമേ എന്തെങ്കിലും അര്‍ത്ഥവത്തായ ശ്രമങ്ങള്‍ പോലും നടത്താന്‍ കഴിയൂ. അങ്ങനെയല്ലാതിരുന്നിടങ്ങളിലെല്ലാം കടുത്ത തിരിച്ചടികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നത് നമുക്ക് പാഠമാവണം.

മഹാവ്യാധികളുടെ വ്യാപനം തടയാന്‍ ചുമതലപ്പെട്ട ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) കൊറോണാവ്യാപനത്തിന് 4 ഘട്ടങ്ങളുണ്ടെന്നും അവയില്‍ രണ്ടാമത്തെ ഘട്ടത്തിലാണ് ഇന്ത്യയെന്നും പറയുന്നു.
1. വിദേശത്തു നിന്നെത്തുന്നവര്‍ രോഗം കൊണ്ടുവരുന്ന ഘട്ടം
2. ഇക്കൂട്ടരുമായി സമ്പര്‍ക്കത്തിലായ ഇവിടത്തുകാര്‍ക്ക് രോഗം ബാധിക്കുന്ന ഘട്ടം.
3. ഈ രണ്ടു ഗ്രൂപ്പിലും പെടാത്തവര്‍ക്ക് രോഗം ബാധിക്കുന്ന സാമൂഹികമായ ഘട്ടം.
4. ചൈനയിലും ഇറ്റലിയിലുമെന്നപോലെ പരക്കെ പടരുന്ന ഘട്ടം.

ആരോഗ്യ മന്ത്രാലയം ഇപ്പോഴും പറയുന്നത് ഇന്ത്യ ഘട്ടം 2 ലാണ് എന്നാണെങ്കിലും സാമൂഹികഘട്ടത്തില്‍ എത്തിയെന്ന് മാര്‍ച്ച് 5ന് തന്നെ അത് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഡയറക്റ്റര്‍ ടെഡ്രോസ് ഗബ്രിയേസസ് വീണ്ടും വീണ്ടും ടെസ്റ്റ് ചെയ്യാന്‍ ആഹ്വാനം നല്‍കുന്നു .’വീണ്ടും വീണ്ടും സംശയമുള്ളവരെ പരിശോധിക്കുക. കണ്ണടച്ച് ഇതിനെ നേരിടാനാവില്ല.’ ഇന്ത്യയെ അപേക്ഷിച്ച് എത്രയോ മടങ്ങാണ് മറ്റു പല രാജ്യങ്ങളും ടെസ്റ്റ് നടത്തിയതിന്റെ തോത്. ഇവിടെ കേസുകളുടെ എണ്ണം കുറഞ്ഞു കാണുന്നത് പരിശോധനകള്‍ വളരെ വളരെ കുറഞ്ഞതുകൊണ്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമൂഹത്തില്‍ വ്യാപിച്ചതിന് തെളിവില്ലെന്ന് ICMR അവകാശപ്പെടുന്നു. ‘തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവല്ല’ എന്ന ചൊല്ലിനെ ഇത് ഓര്‍മിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 21ന്റെ കണക്ക് നോക്കിയാല്‍ പത്തരലക്ഷത്തില്‍ ഒരാള്‍ക്കു വീതമേ ഇവിടെ പരിശോധന നടന്നിട്ടുള്ളൂ. വിദേശത്ത് നിന്ന് വന്നവര്‍ക്കും, അവരുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കുമായി ടെസ്റ്റ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യ പരിശോധനാ കാര്യത്തില്‍ ഈ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല. ഭീഷണിയുടെ ഗൗരവം കുറച്ചു കാണിക്കാനും ആളുകള്‍ ഭയപ്പെടാതിരിക്കാനും വേണ്ടിയാവുമോ കൂടുതല്‍ കര്‍ശനമായ സാമൂഹ്യനിരീക്ഷണം വേണ്ടെന്ന് വച്ചത്?

ദുരന്തത്തിനുള്ള കുറിപ്പടി

രോഗമില്ലെന്ന് പരിശോധിച്ചു ഉറപ്പു വരുത്തുകയാണ് ശാസ്ത്രീയമായ മാര്‍ഗം. സ്‌ക്രീനിങ്ങ്, യാത്രാ നിയന്ത്രണം, പ്രദേശങ്ങള്‍ അടച്ചിടല്‍, സാമൂഹികമായി അകന്നു നില്‍ക്കല്‍ ഇതൊക്കെ മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ്. കഴിഞ്ഞ കുറെ ആഴ്ചയായി കൊറോണ വൈറസിനെ ട്രോള്‍ ചെയ്ത് ചിരിച്ചവര്‍ അതിന്റെ ഗൗരവം തിരിച്ചറിയുന്നത് വളരെ വൈകി മാത്രമാണ്.

10ലക്ഷം ടെസ്റ്റിങ്ങ് കിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ അതായത് ഇന്ത്യയിലെ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒന്നര മാസം കഴിഞ്ഞതിന് ശേഷം! മറ്റു രാജ്യങ്ങള്‍ ജനങ്ങളെ കര്‍ശനമായി ടെസ്റ്റു ചെയ്തു കൊണ്ടേയിരുന്നത് അറിയാത്തതുകൊണ്ടല്ല ഈ അലംഭാവം. രണ്ടു മൂന്നാഴ്ച മുമ്പു തന്നെ ഇന്ത്യ സാമൂഹികവ്യാപനത്തിന്റേതായ മൂന്നാം ഘട്ടത്തിലെത്തിയിരുന്നു എന്നാണ് വാഷിങ്ടണിലെ പ്രിന്‍സ് ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഡിസീസ് ഡൈനാമിക് സിന്റെ ഡയറക്റ്ററായ ഡോക്ടര്‍ രമണ്‍ ലക്ഷ്മീ നാരായണ കരണ്‍ താപ്പറുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്.

ടെസ്റ്റുകള്‍ വേണ്ടത്ര എണ്ണം ചെയ്യാതെ ഒഴിവാക്കിക്കൊണ്ട് രോഗത്തിന്റെ തോത് കുറച്ചുകാട്ടുകയാണ്. ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ നിലവില്‍ രോഗബാധയുടെ തോത് വച്ച് പരമാവധി 60% കണക്കാക്കിയാല്‍ 70/80 കോടി ജനങ്ങളെ ഇവിടെ ഇത് ബാധിച്ചേക്കാം; ലക്ഷക്കണക്കിന് മരണങ്ങളും സംഭവിച്ചേക്കാം. ഞെട്ടിക്കുന്ന കണക്കാണിത്.

രാജ്യത്തിന്റെ തകര്‍ന്നു തരിപ്പണമായ സമ്പദ് വ്യവസ്ഥയെ ഇത് ഇനിയും തകിടം മറിക്കും. ഉല്പാദനം മന്ദീഭവിക്കും. വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ മുരടിക്കും. തൊഴിലെടുത്ത് ജീവിക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ ഉപജീവനമാര്‍ഗങ്ങള്‍ അടയും; കൂടുതല്‍ രോഗസാധ്യതയ്ക്ക് അവര്‍ വശംവദരാവും. അടച്ചിടലുകളിലൂടെ ഗതാഗതം, വിദ്യാഭ്യാസം, തൊഴില്‍ എന്നു വേണ്ട എല്ലാ മേഖലകളും സ്തംഭിക്കുകയും തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും; രോഗികളും ഗര്‍ഭിണികളും വാഹനമില്ലാതെ വലയും. കര്‍ഫ്യൂവിന്റെ തലേ ദിവസത്തെ ശനിയാഴ്ച ആളുകള്‍ അഭൂതപൂര്‍വമായ തിരക്കുണ്ടാക്കി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന കാഴ്ച വരാനിടയുള്ള ദൗര്‍ലഭ്യത്തെക്കുറിച്ച് ആളുകളുടെ ആശങ്കകള്‍ തുറന്നുകാട്ടുന്നുണ്ട്. രോഗബാധിതരുടെ എണ്ണം വല്ലാതെ കൂടുകയാണെങ്കില്‍ നമ്മളിതുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങളാവും നമുക്ക് നേരിടേണ്ടി വരിക.

പരിഹാരമെന്ത്?

രോഗവ്യാപനം തടയുവാന്‍ ആരോഗ്യവകുപ്പ് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയും പരമാവധി സഹകരിക്കുകയും ചെയ്യുക എന്നതാണ് വ്യക്തിതലത്തില്‍ ചെയ്യാവുന്ന ഒരു കാര്യം. ദേശീയതലത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രോഗ ഭീഷണി തടയുവാനും നേരിടാനും പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍, ചൈനയുടെ മാതൃക പിന്തുടരാവുന്നതാണ്. എല്ലാവരേയും ഉടന്‍ തന്നെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയരാക്കണം രോഗബാധിതരെയും ബാധിക്കാന്‍ സാധ്യതയുള്ള ദുര്‍ബലരെയുമെല്ലാം ക്വാറന്റൈന്‍ പോലെ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ക്ക് വിധേയരാക്കണം. മറ്റുള്ളവര്‍ക്ക്, രോഗം ബാധിക്കാനിടയുള്ള എല്ലാ ഇടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാനും സുരക്ഷിതമായ അകലം പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മാത്രം ഇടപെടാനും സൗകര്യമുണ്ടാക്കണം.

ദുരിതങ്ങളിലകപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും സാമ്പത്തിക പിന്തുണയും നല്‍കേണ്ടിവരും. ആവശ്യമെങ്കില്‍, ചൈനയും മറ്റും ചെയ്തതുപോലെ ക്യൂബയില്‍ നിന്ന് മരുന്ന് ഇറക്കുമതി ചെയ്യാനും അത്യാവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനും ചികിത്സാകേന്ദ്രങ്ങളില്‍ ഏര്‍പ്പാടുണ്ടാക്കണം. ഇനി ഒട്ടും വൈകിച്ചു കൂടാ. ഇപ്പോള്‍ത്തന്നെ വളരെ വൈകിപ്പോയി എന്നാണ് വിദഗ്ദ്ധാഭിപ്രായം. പ്രാര്‍ത്ഥനയും ഗോമൂത്രവും കൂട്ട മണിയടികളുമൊന്നുമല്ല ഇപ്പോള്‍ വേണ്ടത്, രോഗത്തെ ഒതുക്കിയകറ്റാന്‍ ഫലപ്രദമാവുന്ന പ്രായോഗിക നടപടികള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ്. കൊറോണയുടെ സന്ദര്‍ഭത്തില്‍ ശക്തമായ പ്രതിരോധത്തിന് മാത്രമാണ് സാധ്യതയെന്ന് എല്ലാവരും തിരിച്ചറിയുകയും, വ്യക്തിപരമായി പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടായാലും രോഗവ്യാപനം തടയുവാന്‍ കഴിയാവുന്നതൊക്കെ ചെയ്യുകയുമാണ് പ്രതിസന്ധി മറി കടക്കുന്നതിന് മാര്‍ഗം.

(ഇതിലെ സ്ഥിതിവിവരക്കണക്കുകള്‍ക്കും സാങ്കേതിക വിവരങ്ങള്‍ക്കും ICMR, WHO രേഖകള്‍, സജയ് ജോസ് ‘ഇക്കോളജൈസ്’ ഓണ്‍ലൈന്‍ മാസികയില്‍, ടെസ്റ്റിങ്ങിനെപ്പറ്റി എഴുതിയ ‘Test no Evil- the truth behind India’s low coronavirus cases ‘എന്ന ലേഖനം, ഇവയോട് കടപ്പാട്.)

(കടപ്പാട്-ചന്ദ്രിക ആഴ്ചപ്പതിപ്പ്)