പുതിയ റോളില്‍ അവതരിക്കാന്‍ സൂപ്പര്‍താരം; അജയ്യരായ അയ്യര്‍പ്പടക്ക് കരുത്ത് കൂടുന്നു
Cricket
പുതിയ റോളില്‍ അവതരിക്കാന്‍ സൂപ്പര്‍താരം; അജയ്യരായ അയ്യര്‍പ്പടക്ക് കരുത്ത് കൂടുന്നു
Sudev A
Thursday, 23rd April 2026, 11:24 am

2026 ഐ.പി.എല്ലില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്സ് അജയ്യരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുന്നിലെത്തുന്ന എതിരാളിയെയെല്ലാം തകര്‍ത്താണ് പഞ്ചാബ് ആദ്യ കിരീടത്തിലേക്ക് കുതിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീം കൂടിയാണ് പഞ്ചാബ്.

ഇപ്പോള്‍ ഈ സീസണില്‍ പഞ്ചാബിന്റെ തേരോട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഓസ്ട്രേലിയന്‍ യുവതാരം കോപ്പര്‍ കൊണോലിയെ സംബന്ധിച്ചുള്ള ഒരു വമ്പന്‍ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ബാറ്റ് കൊണ്ട് തിളങ്ങിയ കൊണോലി ഇനി ഒരു ബൗളറായും പഞ്ചാബിനായി കളത്തിലിറങ്ങും.

ബൗള്‍ ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനായി താരം ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്ലിന് മുമ്പായി കൊണോലിക്ക് നടുവിന് പരിക്ക് പറ്റിയിരുന്നു. ഇതിന് പിന്നാലെ ഒരു ബാറ്ററായി മാത്രം കളിക്കാന്‍ താരത്തിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശം നല്‍കുകയായിരുന്നു.

പന്തെറിയുന്നതിനായുള്ള ക്ലിയറന്‍സ് ലഭിക്കുന്നതിന് വേണ്ടിയാണ് കൊണോലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരം താരത്തിന് നഷ്ടമായേക്കും. ബൗള്‍ ചെയ്യാനുള്ള അനുമതി ലഭിച്ചാല്‍ പാര്‍ട്ട് ടൈം സ്പിന്നറായി കൊണോലി പഞ്ചാബിനായി പന്തെറിയും.

അരങ്ങേറ്റ ഐ.പി.എല്‍ സീസണില്‍ തന്നെ പഞ്ചാബിനൊപ്പം വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കൊണോലി നടത്തികൊണ്ടിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ കൊണോലി അര്‍ധ സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. 44 പന്തില്‍ പുറത്താകാതെ 72 റണ്‍സായിരുന്നു ഗുജറാത്തിനെതിരെ കൊണോലി നേടിയത്. അഞ്ച് വീതം സിക്സുകളും ഫോറുകളുമാണ് ഓസീസ് ബാറ്റര്‍ അടിച്ചത്. 163. 64 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയാണ് താരം തന്റെ പഞാബിനൊപ്പമുള്ള തന്റെ ആദ്യ ഇന്നിങ്‌സ് കളറാക്കിയത്.

ഐ.പി.എല്‍ അരങ്ങേറ്റ ഇന്നിങ്സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ അഞ്ചാമത്തെ താരമെന്ന റെക്കോഡും കൊണോലി സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഗ്രെയാം സ്മിത്തിനെ മറികടന്നാണ് കൊണോലിയുടെ നേട്ടം. ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ സ്മിത് തന്റെ അരങ്ങേറ്റത്തില്‍ 71 റണ്‍സ് നേടിയിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെയായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിലും കൊണോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓറഞ്ച് ആര്‍മിക്കെതിരെ 46 പന്തില്‍ ആറ് ഫോറുകളും ഏഴ് സിക്സുകളും അടക്കം 87 റണ്‍സാണ് താരം നേടിയത്. വരാനിരിക്കുന്ന മത്സരങ്ങളിലും പഞ്ചാബിനൊപ്പം ഈ മിന്നും പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Cooper Connolly Back to Australia for bowling clearance for ipl 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.