സിനിമാലോകം ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ക്ലാഷാണ് ഈ വര്‍ഷം ഓഗസ്റ്റില്‍ അരങ്ങേറുന്നത്. രജിനികാന്തിന്റെ കൂലിയോടൊപ്പം ബോളിവുഡ് ചിത്രം വാര്‍ 2വും ഒരുമിച്ച് തിയേറ്ററുകളിലെത്തുമ്പോള്‍ വിജയം ആര്‍ക്കാകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ഓഗസ്റ്റ് 14നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ്.
പലരും രജിനിയും ഹൃതിക് റോഷനും തമ്മിലാണ് ക്ലാഷെന്ന് പറയുമ്പോള്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ രജിനിയുടെ എതിരാളി മറ്റൊരാളാണെന്നാണ് പറയപ്പെടുന്നത്. മറ്റാരുമല്ല, ബോളിവുഡിലെ അതികായന്മാരായ യഷ് രാജ് ഫിലിംസിനെയാണ് ക്ലാഷില്‍ രജിനിക്ക് നേരിടാനുള്ളത്. വാര്‍ 2വിന്റെ നിര്‍മാതാക്കളാണ് യഷ് രാജ് ഫിലിംസ്. ക്ലാഷ് റിലീസില്‍ ആര് വന്നാലും അവരെയെല്ലാം മുട്ടുകുത്തിച്ച ചരിത്രം മാത്രമാണ് യഷ് രാജ് ഫിലിംസിനുള്ളത്.
ഓവര്‍സീസിലും റെസ്റ്റ് ഓഫ് ഇന്ത്യയിലുമുള്ള ഭൂരിഭാഗം സ്‌ക്രീനുകളും ഇവര്‍ സ്വന്തമാക്കുകയും മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുച്ഛമായ സ്‌ക്രീനുകള്‍ മാത്രം ബാക്കിവെക്കുകയുമാണ് യഷ് രാജ് ഫിലിംസ് കാലങ്ങളായി ചെയ്തുവരുന്നത്. ബോളിവുഡ് താരം അജയ് ദേവഗണിന് ഇതുമായി ബന്ധപ്പെട്ട് കോടതിയെ വരെ സമീപിക്കേണ്ടി വന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.
2012ല്‍ അജയ് ദേവ്ഗണ്‍ നായകനായ സണ്‍ ഓഫ് സര്‍ദാറും യഷ് രാജ് ഫിലിംസ് ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ ജബ് തക് ഹേ ജാനും ഒരുമിച്ചാണ് തിയേറ്ററുകളിലെത്തിയത്. അന്ന് തന്റെ സിനിമക്ക് സ്‌ക്രീനുകള്‍ കിട്ടാത്തതിനാല്‍ അജയ് ദേവ്ഗണ്‍ കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് കേസ് ഒത്തുതീര്‍പ്പാവുകയും ചെയ്തിരുന്നു.
13 വര്‍ഷത്തിനിപ്പുറം ബോളിവുഡ് സിനിമകളെക്കാള്‍ മാര്‍ക്കറ്റും ഡിമാന്‍ഡും സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഈ കാലത്ത് യഷ് രാജിന്റെ പഴയ തന്ത്രം എത്രകണ്ട് ഫലിക്കുമെന്നും അവര്‍ എത്രത്തോളം വിജയിക്കുമെന്നും അറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ബോളിവുഡ് വമ്പന്മാരെ വീഴ്ത്തി രജിനികാന്ത് വെന്നിക്കൊടി പാറിച്ചാല്‍ അത് ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന വിജയമാകുമെന്ന് ഉറപ്പ്.
ഹൃതിക് റോഷന്‍, ജൂനിയര്‍ എന്‍.ടി.ആര്‍. കിയാരാ അദ്വാനി എന്നിവര്‍ വാര്‍ 2വില്‍ അണിനിരക്കുമ്പോള്‍ വമ്പന് താരനിരയുമായാണ് കൂലിയുടെ വരവ്. തെലുങ്കില്‍ നിന്ന് നാഗാര്‍ജുനയും കന്നഡയില്‍ നിന്ന് ഉപേന്ദ്രയും മലയാളത്തില്‍ നിന്ന് സൗബിനും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ അതിഥിവേഷവും കൂലിയുടെ ഹൈപ്പ് കൂട്ടുന്നുണ്ട്. ക്ലാഷില്‍ ആരാകും ജയിക്കുകയെന്നറിയാന്‍ ഇനി 50 ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
Content Highlight: Coolie vs War movie clash discussing in social media