ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സ്‌റ്റൈല്‍ മന്നന്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയിരുന്നു. രജിനിയുടെ 170ാമത് ചിത്രമാണ് കൂലി. ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്.
പാന്‍ ഇന്ത്യന്‍ റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ ഹിന്ദി ടൈറ്റിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മസ്ദൂര്‍ എന്ന പേരിലാണ് കൂലിയുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തുക. ഇതേ പേരില്‍ മുമ്പ് മൂന്ന് സിനിമകള്‍ ബോളിവുഡില്‍ പുറത്തുവന്നതിനാലാണ് പേര് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാതയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിതാഭ് ബച്ചനെ നായകനാക്കി മന്‍മോഹന്‍ ദേശായ്, പ്രയാഗ് രാജ് എന്നിവര്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂലി. താരത്തിന്റെ കരിയറിലെ വലിയ നാഴികക്കല്ലുകളിലൊന്നായി കൂലി മാറി. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഗോവിന്ദയെ നായകനാക്കി ഡേവിഡ് ധവാന്‍ സംവിധാനത്തില്‍ കൂലി നമ്പര്‍ വണ്‍ എന്ന പേരില്‍ മറ്റൊരു ചിത്രവും പുറത്തിറങ്ങി.
ഗോവിന്ദയെ സൂപ്പര്‍താരമാക്കിയതില്‍ പ്രധാനപങ്ക് വഹിച്ച ചിത്രമായിരുന്നു കൂലി നമ്പര്‍ വണ്‍. 25 വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ മകനായ വരുണ്‍ ധവാനെ നായകനാക്കി ഡേവിഡ് ധവാന്‍ ചിത്രം റീമേക്ക് ചെയ്‌തെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു ചിത്രത്തിന്റെ വിധി. ട്രോള്‍ പേജുകളില്‍ വരുണ്‍ ധവാന്റെ കൂലി കീറിമുറിക്കപ്പെട്ടു.
ഒരേ പേരില്‍ മൂന്ന് സിനിമകള്‍ പുറത്തിറങ്ങിയതിനാല്‍ രജിനി ചിത്രം പേര് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റ് ഭാഷകളില്‍ പേര് മാറ്റാത്ത ചിത്രം ഹിന്ദിയില്‍ മാത്രം മറ്റൊരു ടൈറ്റിലില്‍ പുറത്തിറങ്ങുന്നതില്‍ ആരാധകരില്‍ ചിലര്‍ അസ്വസ്ഥരാണ്. കൂലി ബോസ്, ദേവ ദി കൂലി പോലുള്ള ടൈറ്റില്‍ ഉപയോഗിച്ചുകൂടെ എന്നായിരുന്നു ഇവര്‍ ചോദിക്കുന്നത്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയിലാണ് കൂലി ഒരുങ്ങുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയാണ് കൂലിയിലെ വില്ലന്‍. കന്നഡ സൂപ്പര്‍താരം ഉപേന്ദ്ര, മലയാളി താരം സൗബിന്‍, തമിഴ് താരം സത്യരാജ് എന്നിവര്‍ കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Coolie movie Hindi version titled as Majdoor