| Thursday, 19th June 2025, 7:10 am

എല്‍.സി.യുവിന്റെ അമിത പ്രതീക്ഷയില്ല, എന്നിട്ടും പ്രീ റിലീസ് ബിസിനസില്‍ റെക്കോഡിട്ട് കൂലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഒരുക്കിയ ലോകേഷ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ പല റെക്കോഡുകളും സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

പ്രീ റിലീസ് ബിസിനസില്‍ കൂലി പല അത്ഭുതങ്ങളും ഇതിനോടകം സൃഷ്ടിച്ച് കഴിഞ്ഞു. ഓവര്‍സീസില്‍ 90 കോടിക്കാണ് ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റുപോയിട്ടുള്ളത്. തമിഴ് സിനിമക്ക് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന തുകയാണിത്. വിജയ്- ലോകേഷ് ചിത്രം ലിയോയെ മറികടന്നാണ് കൂലി ഒന്നാമതെത്തിയത്.

ഓഗസ്റ്റ് 14നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡിലെ വമ്പന്‍ ചിത്രമായ വാര്‍ 2വും ഇതിനോടൊപ്പം റിലീസ് ചെയ്യുന്നുണ്ട്. കാലങ്ങളായി ഓവര്‍സീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് മേലെ ബോളിവുഡ് സിനിമകള്‍ തുടര്‍ന്നുവരുന്ന അപ്രമാദിത്വം കൂലിയുടെ കാര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

തമിഴ്‌നാടിന് പുറത്തും ചിത്രത്തിന് വലിയ ഡിമാന്‍ഡാണ്. കേരളം, കര്‍ണാടക, നോര്‍ത്ത് ഇന്ത്യ, ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ വന്‍ തുകക്കാകും റൈറ്റ്‌സ് വിറ്റുപോവുകയെന്നാണ് കരുതുന്നത്. വരുംദിവസങ്ങളില്‍ ഇതിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്ട്രിയിലെയും മുന്‍നിര താരങ്ങളുടെ സാന്നിധ്യം കൂലിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും കൂലിയിലെ സൈമണ്‍ എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കന്നഡ സൂപ്പര്‍താരം ഉപേന്ദ്ര, മലയാളി താരം സൗബിന്‍, തമിഴ് താരം സത്യരാജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രുതി ഹാസനാണ് കൂലിയിലെ നായിക. ബോളിവുഡ് താരം ആമിര്‍ ഖാന്‍ അതിഥിവേഷത്തിലെത്തുമ്പോള്‍ ‘തിരൈ തീ പിടിക്കും’ എന്നുറപ്പാണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്.

Content Highlight: Coolie movie got the highest Overseas rights in Tamil industry

We use cookies to give you the best possible experience. Learn more