| Monday, 23rd June 2025, 10:53 pm

ഇത് വേറെ വൈബ്, പ്ലേലിസ്റ്റിന് പണികിട്ടുമെന്ന് ഉറപ്പിക്കുന്ന അപ്‌ഡേറ്റുമായി കൂലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഒരുക്കിയ ലോകേഷ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ പല റെക്കോഡുകളും സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. കൂലിയിലെ ആദ്യഗാനമായ ‘ചികിട് വൈബ്’ ജൂണ്‍ 25ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഗാനത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തത്. കൂലിയുടെ ടൈറ്റില്‍ ടീസര്‍ തീമുമായി കടന്നുവന്ന അനിരുദ്ധിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചത്.

രജിനികാന്തിനെപ്പോലെ കൈയില്‍ വാച്ചുകള്‍ ചങ്ങല പോലെയാക്കി പിടിച്ചു നടക്കുന്ന അനിരുദ്ധിനെ കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്റ്റര്‍ തടഞ്ഞനിര്‍ത്തുകയും വാച്ചുകള്‍ക്ക് പകരം തോര്‍ത്ത് കൈയില്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്. ‘ഇത് വേറെ വൈബ്’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. തന്റെ സ്ഥിരം ശൈലിയില്‍ മികച്ചൊരു ഗാനം തന്നെയാകും അനിരുദ്ധ് ഒരുക്കി വെച്ചിരിക്കുകയെന്നാണ് കരുതുന്നത്.

തമിഴിലെ പഴയകാല നടനും സംവിധായകനുമായ ടി. രാജേന്ദറും അനിരുദ്ധും ചേര്‍ന്നാണ് ‘ചികിട് വൈബ്’ ആലപിച്ചിരിക്കുന്നത്. രജിനികാന്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഈ ഗാനത്തിലെ ചെറിയൊരു ഭാഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വളരെ വേഗത്തില്‍ ഈയൊരു ഭാഗം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാവുകയും സ്‌പോട്ടിഫൈയില്‍ അത് ചേര്‍ക്കുകയും ചെയ്തു.

ചിത്രത്തിനായി അനിരുദ്ധ് ഒരുക്കിയ സംഗീതം ഗംഭീരമാകുമെന്നാണ് സൂചനകള്‍. കൗണ്ട് ഡൗണ്‍ ടീസറിന് അനിരുദ്ധ് നല്‍കിയ സംഗീതവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇഷ്ട നടന് വേണ്ടി സംഗീതമൊരുക്കുമ്പോള്‍ തന്റെ മാക്‌സിമം തന്നെ നല്‍കാനാണ് അനിരുദ്ധ് ശ്രമിക്കുകയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് വമ്പന്മാരായ വാര്‍ 2വിനൊപ്പമാണ് ചിത്രത്തിന്റെ ക്ലാഷ്. വന്‍ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ് എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Coolie movie first single will be out on 25th June

We use cookies to give you the best possible experience. Learn more