മതപരിവര്‍ത്തനം നടത്തുന്നത് സനാതന ധര്‍മത്തില്‍ ഉപ്പ് വിതറുന്നത് പോലെ; ഐ.ആര്‍.എസ് ഉദ്യോഗസ്ഥ: വീഡിയോ, വിവാദം
India
മതപരിവര്‍ത്തനം നടത്തുന്നത് സനാതന ധര്‍മത്തില്‍ ഉപ്പ് വിതറുന്നത് പോലെ; ഐ.ആര്‍.എസ് ഉദ്യോഗസ്ഥ: വീഡിയോ, വിവാദം
നിഷാന. വി.വി
Sunday, 24th May 2026, 7:24 am

ജാര്‍ഖണ്ഡ്: മതപരിവര്‍ത്തനം നടത്തുന്നത് സനാതന ധര്‍മത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്ന് ഐ.ആര്‍.എസ് ഉദ്യോഗസ്ഥ. സനാതനധര്‍മം എന്ന വൃക്ഷത്തിന് മേല്‍ ഉപ്പ് വിതറുന്നത് പോലെയാണ് മതപരിവര്‍ത്തനമെന്നും ഐ.ആര്‍.എസ് ഉദ്യോഗസ്ഥയായ നേഹ ഒറാവോണ്‍ പറഞ്ഞു.

ഇത് സംസ്‌കാരത്തെ നശിപ്പിക്കുമെന്നും വ്യക്തിത്വം ഇല്ലാതാക്കുമെന്നും അവര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അവരുടെ പരാമര്‍ശം.

മതപരിവര്‍ത്തനം സത്വത്തിലേക്കുളള കടന്നുകയറ്റമാണെന്നും പരമ്പരാഗത സംസ്‌കാരം സംരക്ഷിക്കണമെന്നും ഉദ്യോഗസ്ഥ ഗ്രോത്രവിഭാഗത്തോട് പറഞ്ഞു.

‘സമൂഹം ഒരു വലിയ വൃക്ഷം പോലെയാണെന്ന് കരുതുക. യഥാര്‍ത്ഥ വിശ്വാസവും ആരാധനാ രീതികളും പിന്തുടരുമ്പോള്‍ നമ്മള്‍ മരത്തിന്റെ വേരുകളില്‍ വളവും വെള്ളവും ചേര്‍ക്കുകയാണ്.

എന്നാല്‍ നമ്മള്‍ മത പരിവര്‍ത്തനം നടത്തുകയും നമ്മുടെ ദൈവങ്ങളെയും വിശ്വാസത്തെയും മറക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ മരത്തിന്റെ വേരുകളില്‍ ഉപ്പ് ഒഴിക്കുകയാണ്. മരത്തിന്റെ വേരുകളില്‍ ഉപ്പ് ഒഴിച്ചാല്‍ മരം മരിക്കും,’ ഒറാവോണ്‍ പറഞ്ഞു.

പ്രാദേശിക ജനവിഭാഗങ്ങള്‍ ‘സര്‍ന ആദിവാസി’ എന്ന സ്വത്വം നിലനിര്‍ത്തണമെന്നും ഡെമോഗ്രാഫിക് മാറ്റങ്ങള്‍ തടയാന്‍ ഗ്രാമസഭകള്‍ക്ക് അധികാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിഡിയോ വൈറലായതോടെ നേഹയ്‌ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു.

എന്നാല്‍ 1996ലെ പഞ്ചായത്ത് വിപുലീകരണ ഷെഡ്യൂള്‍ഡ് ഏരിയാസ് നിയമം, പ്രത്യേകിച്ച് സെക്ഷന്‍ 4(D) ഉദ്ധരിച്ച് ഒറയോണ്‍ തന്റെ പ്രസ്താവനയെ ന്യായീകരിക്കുകയായിരുന്നു. ജനങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള അധികാരം ഗ്രാമസഭയ്ക്ക് നല്‍കുന്നതാണ് ഈ നിയമം.

‘ഈ അവകാശം വര്‍ഗീയമായി തോന്നാം പക്ഷേ യഥാര്‍ത്ഥത്തില്‍ ഇത് ഒരു നിയമപരവും ഭരണഘടനാപരവുമായ അവകാശമാണ്. വീഡിയോയില്‍, ഞാന്‍ ആദിവാസി ജനതയ്ക്ക് ഇത് വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാഭ്യാസമുള്ള വ്യക്തികള്‍ എന്റെ അഭിപ്രായങ്ങള്‍ക്ക് വര്‍ഗീയ നിറം നല്‍കുന്നത് നിര്‍ഭാഗ്യകരമാണ്,’ അവര്‍ പറഞ്ഞു.

ഇത് ഗോത്രവര്‍ഗക്കാരുടെ പുരാതന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണത്തിന്റെ പ്രശ്‌നം മാത്രമാണ് അഭിസംബോധന ചെയ്യുന്നതെന്നും ഒറാവോണ്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രതികരണം.

മതംമാറിയ ഗോത്രവര്‍ഗക്കാരെ ഗ്രാമസഭയില്‍ ഭരണപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘പള്ളിയിലെ ഒരു പാസ്റ്റര്‍ മറ്റൊരു മതത്തിലേക്ക് മാറിയാല്‍, അയാള്‍ക്ക് ഒരു പാസ്റ്ററായി തുടരാന്‍ കഴിയുമോ? അതുപോലെ, ഒരു പഹാന്‍ (ഗ്രാമ പുരോഹിതന്‍) മതം മാറിയാല്‍, അയാള്‍ക്ക് പഹാന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?’ ഒറാവോണ്‍ ചോദിച്ചു

മതം മാറിയ ആദിവാസികള്‍ സ്വയം രാജിവെക്കണമെന്നും ഇരട്ട മാനദണ്ഡങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

Content Highlight: Converting religions is like sprinkling salt on Sanatana Dharma; IRS officer: Video, controversy

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.