കര്‍ത്താവിന്റെ വിപ്ലവം തന്റേതാക്കിയ കന്യാസ്ത്രീ; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സംസാരിക്കുന്നു
ഹരികൃഷ്ണ ബി

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്, നീതിയുടേയും ന്യായത്തിന്റെയും ഭാഗത്ത് നിന്നുകൊണ്ട് ശക്തമായ നിലപാടെടുത്തയാളാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ നിലപാടുകളുടെ പേരില്‍ സഭയുടെയും മഠത്തിന്റെയും ഭാഗത്ത് നിന്നും നിരവധി പ്രതികാര നടപടികള്‍ സിസ്റ്ററിന് നേരിടേണ്ടതായി വന്നു. എന്നിരുന്നാലും ഇപ്പോഴും മുന്‍പത്തെക്കാള്‍ കരുത്തോടെ സിസ്റ്റര്‍ ശരിയുടെ ഭാഗത്തു തന്നെ സധൈര്യം നിലകൊള്ളുകയാണ്. തന്റെ കാഴ്ച്ചപാടുകള്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് സിസ്റ്റര്‍ ലൂസി ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ്.

നമ്മള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ മഠത്തിന്റെ പരിസരത്ത് വെച്ച് സംസാരിക്കാന്‍ പരിമിതികളുണ്ട് എന്ന് പറഞ്ഞിരുന്നു. മഠത്തിന്റെയും സഭയുടെയും നിലപാടില്‍ യാതൊരു അയവും വന്നിട്ടില്ലേ? പഴയ രൂക്ഷതയില്‍ തന്നെ തുടരുകയാണോ?

അവിടെ വെച്ച് സംസാരിയ്ക്കാന്‍ സ്വാന്തന്ത്ര്യക്കുറവുണ്ട്. കാരണം വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ എന്നെ ഉള്‍ക്കൊള്ളാന്‍ അവര്‍ മടിക്കും. അപ്പോള്‍ നമ്മള്‍ അവിടെ ഇരുന്നു സംസാരിക്കുമ്പോള്‍ അതൃപ്തി ആയിരിക്കും. ഞാന്‍ പലപ്രാവശ്യം അത് കണ്ടിട്ടുമുണ്ട്. അങ്ങനെയൊരു സാഹചര്യം നമ്മള്‍ ഉണ്ടാക്കേണ്ടല്ലോ.

പുരോഗമനപരമായ നിലപാടുകള്‍ പരസ്യമായുള്ള ഒരു മാര്‍പ്പാപ്പയുടെ കാലമാണിപ്പോള്‍. ആ കാലത്തും മനുഷ്യനെന്ന പരിഗണന പോലും നല്‍കാതെ ന്യായമായ കാര്യങ്ങള്‍ക്ക് സഭയ്‌ക്കെതിരെ സംസാരിക്കുന്നവരെ ആക്രമിക്കുകയാണ്. കാലാകാലങ്ങളായി ഇതെങ്ങനെയാണ്. ഇതെന്തുകൊണ്ട് മാറുന്നില്ല?

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വളരെ പുരോഗമനപരമായ നല്ല ഉദ്ദേശ്യത്തോടു കൂടിയുള്ള ഉള്‍ക്കാഴ്ചയും ആദര്‍ശവും പുതിയൊരു ഊര്‍ജ്ജം സഭയ്ക്ക് തരേണ്ടതാണ്. യേശുക്രിസ്തു പഠിപ്പിക്കുന്നത് ദരിദ്രനും വിനീതനും ആയിരിക്കാനാണ്. ലളിതമായ ജീവിതശൈലിയാണ് നിര്‍ദ്ദേശിക്കുന്നത്. യേശുക്രിസ്തു തന്നെയാണ് സഭ എന്ന് പറയുമ്പോഴും ആ ഒരു അവസ്ഥയിലേക്ക് എത്താന്‍ സഭയ്ക്ക് പരിമിതികളുണ്ട്. അധികാരം കൊണ്ടും, സമ്പത്ത് കൊണ്ടും ആള്‍ബലം കൊണ്ടും നമ്മള്‍ ഉയര്‍ന്ന അവസ്ഥയിലാണ് ഉള്ളത്. അത്‌പോലെ യേശുക്രിസ്തുവിന് മുന്‍പുള്ള കാലത്തുള്ള ചില കാര്യങ്ങളുണ്ട്. ശത്രുവിനോട് ശത്രുവായി തന്നെ പെരുമാറണം എന്ന് പറഞ്ഞിരുന്നു അന്ന്. അത് പിന്നീട് മാറി. യേശുക്രിസ്തു വന്നപ്പോള്‍ ശത്രുവിനെ സ്‌നേഹിക്കണം എന്ന് പറഞ്ഞു. അങ്ങനെ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയെയും, മൂല്യങ്ങളെയും മറിച്ചിടുന്ന വിപ്ലവകാരിയായ ഒരു പ്രവാചകനായിരുന്നു യേശു. ഇത്തരം പ്രസ്താവനകളിലൂടെ ഈ ഒരു കാര്യത്തോട് നീതി പുലര്‍ത്താനാണ് മാര്‍പ്പാപ്പ ശ്രമിക്കുന്നത്. പുറമേക്ക് ഇതൊക്കെ പറയ്യുന്നുണ്ടെങ്കിലും പൂര്‍ണ്ണമായി അതിലേക്ക് ഇറങ്ങി വരാന്‍ സഭ ഒട്ടും ശ്രമിക്കുന്നില്ല. അതെന്തെന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. അതിലേക്ക് ഉള്‍ച്ചേരാന്‍ സഭയ്ക്ക് ഇതുവരെ ആയിട്ടില്ല. നമ്മുടെ പദപ്രയോഗങ്ങളില്‍ വരെ അത് കാണാം. ഇതൊക്കെ മാറേണ്ടതുണ്ട്. കന്യാസ്ത്രീ മഠങ്ങളില്‍ പ്രധാന ചാര്‍ജ് വഹിക്കുന്ന ആളെ സുപീരിയര്‍ എന്നാണ് വിളിക്കുന്നത്. സുപീരിയര്‍ എന്ന് പറയരുതെന്നാണ് നമ്മുടെ സഭയുടെ ചൈതന്യം. ശുശ്രൂഷകന്‍ അല്ലെങ്കില്‍ ശുശ്രൂഷക എന്നാണു വിളിക്കപ്പെടേണ്ടത്. ശുശ്രൂഷിക്കപ്പെടാനല്ല യേശു വന്നത്. ശുശ്രൂഷിക്കാനും അനേകര്‍ക്ക് മോചനം നല്‍കാനുമാണ് യേശു വന്നത്. ആ അവസ്ഥയിലേക്ക് മാറാന്‍ സഭ തയാറെടുത്തേ പറ്റൂ. കാരണം, കാലഘട്ടം അതാണ് നമ്മളോട് ആവശ്യപ്പെടുന്നത്. നീതി കിട്ടേണ്ടവര്‍ക്ക് ഒപ്പം സഭ നില്‍ക്കുന്നില്ല.

ഒരുപാട് നാളായി കന്യാസ്ത്രീകള്‍ക്കെതിരെ സഭ നീക്കങ്ങള്‍ നടത്തുന്നുണ്ട്. സിസ്റ്റര്‍ അഭയ കേസ് , സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തില്‍ സംഭവിച്ചത്. അങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. താരതമ്യേന അടുത്തിടെയാണ് സിസ്റ്റര്‍ പ്രതികരിച്ചുതുടങ്ങിയത്. ഇതിനുള്ള ഊര്‍ജവും മനക്കരുത്തും എങ്ങനെ ലഭിച്ചു?

ഊര്‍ജ്ജം ഇപ്പോഴല്ല നേരത്തെ തന്നെ ഉണ്ട്. സത്യം പറയേണ്ടി വന്നപ്പോള്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു. എല്ലായിടത്തും കയറി സംസാരിക്കണം എന്നല്ല. ന്യായം സംസാരിക്കേണ്ടിടത്ത് സംസാരിക്കണം. ചെറുപ്പം മുതല്‍ തന്നെ അങ്ങനെയാണ്. സിസ്റ്റര്‍ ആയി കഴിഞ്ഞു ആദ്യ വര്‍ഷം മുതല്‍ തന്നെ നിലപാട് അറിയിക്കേണ്ട, സംസാരിക്കേണ്ട പല കാര്യങ്ങളും തുറന്നു തന്നെ സംസാരിച്ചിട്ടുണ്ട്. ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളില്‍ തന്നെ എല്ലാ സ്റ്റാഫ് മീറ്റിംഗിലും പറയേണ്ടത് അവിടെ വെച്ച തന്നെ പറയും. പിന്നീട് മാറി നിന്ന് പറയാറില്ല. അത് കൊണ്ട് തന്നെയാകാം അത്രയ്ക്ക് സ്വീകാര്യയായ ഒരു വ്യക്തിയായി ഞാന്‍ അവര്‍ക്കിടയില്‍ മാറാതിരുന്നത്. ഞാനിപ്പോള്‍ അറിയപ്പെടുന്നത് കന്യാസ്ത്രീകളുടെ സമരത്തിന് പോയതുകൊണ്ടാണ്. ആരും ഒന്നും മിണ്ടാതിരുന്ന ഒരു സമയത്ത് അങ്ങനെ ഒരു നിലപാട് എടുത്തത് കൊണ്ടായിരിക്കാം ഞാന്‍ പ്രതികരിക്കുന്ന കൂട്ടത്തിലാണെന്നു എല്ലാവരും അറിഞ്ഞത്. പ്രതികരണശേഷി എന്ന് പറയുന്നത് ഇപ്പോള്‍ ഉണ്ടായതല്ല. പ്രതീകരിച്ചുകൊണ്ട് തന്നെയാണ് ഇത്രയും നാളുമിരുന്നത്.

സിസ്റ്ററുടെ പോരാട്ടങ്ങളുടെ ഫലമായി ബിഷപ്പ് ഫ്രാങ്കോയുടെ ഭാഗത്ത് നിന്നും ഭീഷണികളോ പീഡനങ്ങളോ ഉണ്ടായിട്ടുണ്ടോ? പ്രത്യക്ഷമായിട്ടല്ലെങ്കിലും?

സഭാ നേതൃത്വം മൊത്തത്തില്‍ എന്റെ കാഴ്ചപാടുകള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാണ്. പ്രസംഗങ്ങളിലും മറ്റും പരസ്യമായി തന്നെ അവരത് പറയാറുണ്ട്. പള്ളി പ്രസംഗങ്ങളില്‍, ധ്യാനങ്ങളില്‍, പെരുന്നാളിന്റെ വേളയില്‍ ഒക്കെ പേരെടുത്ത് പറയാതെ അവരത് പറയാറുണ്ട്. പിന്നെ സോഷ്യല്‍ മീഡിയയില്‍ കൂടിയൊക്കെ പുരോഹിത വിഭാഗങ്ങളിലും കന്യാസ്ത്രീകളുടെ കൂട്ടത്തിലും ഉള്ളവര്‍തന്നെ എനിക്കെതിരെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിനു അവര്‍ ഫേക്ക് ഐ.ഡി. ഒക്കെ ഉപയോഗിക്കാറുണ്ട്. ഞാന്‍ പറയുന്നതിലുള്ള സത്യം കണ്ടില്ലെന്നു നടിച്ച് സഭയ്ക്കെതിരെ ഞാന്‍ യുദ്ധം ചെയ്യുകയാണ് എന്ന രീതിയിലാണ് അവര്‍ പ്രതികരിക്കുന്നത്. ഇന്നലെത്തന്നെ ഒരു പ്രസംഗത്തില്‍ എന്നെ കാണികളുടെ ഇടയില്‍ ഇരുത്തികൊണ്ടുതന്നെ അവര്‍ എനിക്കെതിരെ വളരെ രൂക്ഷമായി സംസാരിച്ചു. പേരെടുത്ത് പറയാതെ. ഇങ്ങനെ, സഭയുടെ നല്ലതിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്നവര്‍ കാണുന്നില്ല. സഭയ്ക്ക് ഒരു പുതിയ ഊര്‍ജ്ജം ലഭിക്കാന്‍ വേണ്ടി, അത് നവീകരിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത് എന്നവര്‍ കാണാന്‍ ശ്രമിക്കുന്നില്ല. ഇതൊക്കെ വലിയ തെറ്റാണ് എന്ന് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ടോ?

തുടക്കത്തില്‍, ഞാന്‍ സിസ്റ്റര്‍മാരുടെ സമരത്തെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ എനിക്കുനേരെ, എന്നെ കുറ്റപ്പെടുത്തികൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുണ്ട്. എന്നെ പിന്താങ്ങുന്നവരും ഇവര്‍ക്കിടയില്‍ ഉണ്ടെന്നുള്ളതും സത്യമാണ്. സ്ത്രീകള്‍ക്ക് കൊടുക്കുന്ന പിന്തുണയെയല്ല അവര്‍ വിമര്‍ശിക്കുന്നത്. വ്യക്തിപരമായാണ്. അങ്ങനെ എന്നെ കീറി മുറിക്കാന്‍ ശ്രമിക്കുന്ന പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ടായിരുന്നു. ഞാന്‍ ഇത് സംബന്ധിച്ച് പോലീസിന് പരാതി കൊടുത്തിരുന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല. ഞാന്‍ സന്ന്യാസ സഭയില്‍ ചേര്‍ന്ന സമയം തൊട്ടുള്ള വിവരങ്ങള്‍ ശേഖരിച്ച് എനിക്കെതിരെ അവര്‍ നീങ്ങിയിട്ടുണ്ട്. അത് കീറിമുറിച്ച് ഞാന്‍ മോശക്കാരിയായണെന്നാണ് അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ആ വിവരങ്ങള്‍ സഭയ്ക്കുള്ളില്‍ നിന്നും അവര്‍ ലഭിച്ചിട്ടുണ്ട്. സ്വാധീനമുള്ള ഏതോ ഒരു ശക്തിയാണ് അതിനു പിന്നില്‍ ഉള്ളത്. അഭിപ്രായവ്യത്യാസങ്ങള്‍ പറയുന്നവര്‍ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് വ്യക്തിപരമാകരുത് എന്നൊരു അപേക്ഷയുണ്ട് എനിക്ക്. ഇവരൊക്കെ ഒരു കാര്യം എന്നോട് ചോദിക്കാറുണ്ട്. സിസ്റ്ററിനു മഠത്തില്‍ നിന്നും ഇറങ്ങി പൊയ്ക്കൂടേ എന്ന്. ആര്‍ക്കാണ് എന്നോട് അങ്ങനെ ചോദിക്കാനുള്ള അവകാശം ഉള്ളത്? ആരുടേയും നിര്‍ബന്ധത്തിനോ, അഭിപ്രായത്തിനോ വഴങ്ങിയില്ല ഞാന്‍ ഈ വേഷം തെരഞ്ഞെടുത്തത്. അപ്പോള്‍ ഇത് വേണ്ടെന്ന് വെക്കേണ്ടത് ഞാന്‍ തന്നെയാണ്. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ല. ഇപ്പൊ പറഞ്ഞത് അതിനുള്ള മറുപടി ആയി കൂട്ടിയാല്‍ മതി. അങ്ങനെ കന്യാസ്ത്രീ വേഷം ഉപേക്ഷിക്കേണ്ട ഒരു സാഹചര്യം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ഉപേക്ഷിക്കും. അല്ലാത്തപ്പോള്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല.

കന്യാസ്ത്രീകളെ വിധേയരാക്കി നിര്‍ത്താനാണോ അനുസരണവ്രതം, ദരിദ്രവ്രതം എന്നിങ്ങനെയുള്ള ആചാരങ്ങള്‍? സഭയിലെ പുരുഷന്മാര്‍ക്കും ഇത് ബാധകമാണോ?

സുവിശേഷ പുണ്യങ്ങളായാണ് ഈ വ്രതങ്ങളെ കാണുന്നത്. സുവിശേഷത്തിന്റെ രീതിയില്‍ ജീവിക്കാന്‍ നമ്മളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ഈ പുണ്യങ്ങള്‍.  കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും നന്മയുടെയും ജീവിക്കാനുള്ള ഒരു പുണ്യമാര്‍ഗമായയാളാണ് അതിനെ കാണുന്നത്.

സഭ അത് എങ്ങനെയാണ് ഉപയോഗിക്കുന്നത്?

അനുസരണവ്രതം എന്ന പേരും പറഞ്ഞു എന്തും പറഞ്ഞു അനുസരിപ്പിക്കാന്‍ അവര്‍ ശ്രമിക്കും. അതാണല്ലോ എന്റെ കാര്യത്തിലും സംഭവിച്ചത്. ഇപ്പോള്‍ ഞാന്‍ കവിത എഴുതുമ്പോഴോ മറ്റോ അത് വിലക്കുന്നത് അംഗീകരിക്കാനാവില്ല. ഞാന്‍ എഴുതിയത് ഒ.എന്‍.വി. എഴുതിയത് പോലെ മഹത്തരമായൊരു കൃതി ഒന്നും ആയിരിക്കില്ല. എന്നാലും അത് എഴുതാനുള്ള അവകാശത്തെ നിഷേധിക്കാനാവില്ല. അങ്ങനെ വിലക്കിയപ്പോള്‍ നിരന്തരം അപേക്ഷിച്ച് നോക്കി. എന്നിട്ടും സമ്മതിക്കാതെ വന്നപ്പോള്‍ ഞാന്‍ പിന്നെയും എഴുതി. അതിനെയാണ് അനുസരണക്കേടു എന്നൊക്കെ മുദ്ര കുത്തുന്നത്. അതൊന്നുമല്ല അനുസരണക്കേട്. അവരുടെ നോട്ടത്തില്‍ മാത്രമാണ് അത് അനുസരണക്കേടായി വരുന്നത്. അവര്‍ക്കതിന് മുകളില്‍ ചിന്തിക്കാന്‍ പറ്റുന്നുണ്ടാവില്ല. എനിക്ക് നീതി നിഷേധിച്ചു അവര്‍. നീതിനിഷേധത്തെ ഏത് വ്രതത്തില്‍ പെടുത്തും? അവര്‍ അങ്ങനെയൊരു തെറ്റ് ചെയ്യുകയല്ലേ? അതോ അവര്‍ക്ക് ആ പ്രശ്‌നങ്ങളൊന്നുമില്ലേ? ഈ രീതി എന്നും തുടരാന്‍ പാടില്ല. അനുസരണ എന്നത് ഞാന്‍ പഠിച്ചതില്‍ നിന്നും വളരെയധിയകം പോസിറ്റീവ് എനര്‍ജി തരുന്ന ഒരു കാര്യമാണ്. അത് എല്ലാത്തിനോടും യെസ് മൂളുന്നതല്ല. ശരിയായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും സംരക്ഷണം കൊടുക്കുന്നതാണ് അനുസരണ എന്ന് പറയുന്നത്. ദാരിദ്ര്യവ്രതം എന്ന് പറയുന്നത് ഒന്നും ഇല്ലാതിരിക്കുന്ന അവസ്ഥയല്ല. ലാളിത്യമാണത്. ലാളിത്യത്തില്‍ ജീവിച്ച് തന്നെയാണ് ഞങ്ങള്‍ പഠിച്ചിട്ടുള്ളത്. മഠത്തില്‍ ചേരുന്നതിനു ശേഷവും അങ്ങനെ തന്നെയാണ്. പണത്തിന്റെ ധൂര്‍ത്തോ ഒന്നും ഞങ്ങള്‍ ചെയ്യുന്നില്ല. മഠത്തിലെ ആള്‍ക്കാര്‍ക്ക് ലഭിക്കുന്നത് ലഭിക്കാന്‍ വേണ്ടിയാണ് ദാരിദ്യ്രവ്രതം. പങ്കുവെയ്ക്കലാണ് ദാരിദ്ര്യവ്രതം. മൂന്നാമതൊരു വ്രതം ഉണ്ട്. ബ്രഹ്മചര്യം. അത് സ്‌നേഹം ആണ്. എത്രപേരെ സ്‌നേഹിക്കാന്‍ പറ്റുമോ അത്രയും പേരെ സ്‌നേഹിക്കുമ്പോഴാണ് അതിനെ ബ്രഹ്മചര്യം എന്ന് വിളിക്കുന്നത്. ഈ മൂന്നു കാര്യങ്ങള്‍ നടക്കുമ്പോഴാണ് സുവിശേഷ പുണ്യം ഫലവത്താകുന്നത്. അല്ലാതെ അതൊരു അടിമത്തത്തിലേക് വരാന്‍ പാടില്ല. പ്രായമായ ആള്‍ക്കാര്‍ അത് പറയും. പുതുതലമുറ അതിനു എതിരെ ചിന്തിച്ചു തുടങ്ങുകയാണ്. അത് നല്ലതുമാണ്.

തലശേരി അതിരൂപതയിലെ ബിഷപ്പുമാരും മറ്റും ചേര്‍ന്ന് സിനഡില്‍ വെച്ച് ഒരു മീഡിയ കമ്മീഷന്‍ രൂപീകരിക്കുകയാണ്. അതായത് സഭയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവരാകും ഇനി സംസാരിക്കുക. മറ്റാരും സംസാരിക്കേണ്ടതില്ല എന്നൊരു അര്‍ത്ഥവും ഇതിനുണ്ട്. സിസ്റ്റര്‍ ഇതുകൊണ്ട് സ്വാഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കുമോ?

അവരെന്തൊക്കെയാണ് അതില്‍ നിന്നും ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയില്ല. ഒരു മീഡിയ കമ്മീഷന്‍ സ്വന്തമായി രൂപീകരിക്കുമ്പോള്‍ വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി കൊടുക്കുന്ന ഒരു സംവിധാനം ആണ് അതെങ്കില്‍ കുഴപ്പമില്ല. അത് സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. പക്ഷെ അതല്ലാതെ, എന്തെങ്കിലും മറച്ചു വെക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ ഒരു സംവിധാനമെങ്കില്‍, അത് അനാവശ്യമാണ്. അത് പാടില്ല. ലോകത്തോട് ബന്ധപ്പെട്ടും ഇടപഴകിയും ജീവിക്കുന്ന ഒരു സന്ന്യാസി സമൂഹമാണ് നമ്മുടേത്. അല്ലാതെ ലോകത്തില്‍ നിന്നും, ആള്‍ക്കാരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നവരല്ല. അങ്ങനെ ഒളിച്ചിരുന്ന് ജീവിക്കുകയല്ലല്ലോ പൗരോഹിത്യവും സഭയും. അങ്ങനെ ജീവിക്കുന്ന ഒരു സമൂഹത്തിനു ഇപ്പോഴുള്ള സംവിധാനങ്ങള്‍ പര്യാപ്തമാണ്. അതില്‍ കൂടുതലായി ഒന്ന് ആവശ്യമുണ്ട് എന്നെനിക് തോന്നുന്നില്ല. ലോകത്തോടൊപ്പം ജീവിക്കുമ്പോള്‍ ലോകത്തോടൊപ്പം നീങ്ങാനാണ് മാര്‍പാപ്പയും ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒന്ന് ആവശ്യപ്പെടുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും നഷ്ടപെടുകയല്ലേ ചെയ്യുന്നത്. എനിക്ക് ഒരു വ്യക്തിയായി നിന്ന് സംസാരിക്കണമെങ്കില്‍, ഇങ്ങനെയൊരു മീഡിയ കമ്മീഷന്‍ ഉണ്ടെങ്കില്‍ സാധ്യമാകില്ലല്ലോ. സത്യസന്ധമായി സംസാരിക്കാന്‍ അങ്ങനെയൊന്നിന്റെ ആവശ്യമില്ല. ഉള്‍കാഴ്ചയില്ലാത്ത തീരുമാനങ്ങള്‍ പല സമയത്തും സഭ കൈക്കൊണ്ടിട്ടുണ്ട്. ഈയടുത്ത് കണ്ട സര്‍ക്കുലര്‍ പോലെയാണെങ്കില്‍ അത് ആവശ്യമില്ല. അങ്ങനെ അല്ലെങ്കില്‍, തുറന്നു പറച്ചിലുകള്‍ അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകട്ടെ.

സിസ്റ്റര്‍ കന്യാസ്ത്രീകള്‍ക് വേണ്ടി സംസാരിക്കാന്‍ തുടങ്ങിയതിനു ശേഷം കൂടെയുള്ള മറ്റ് കന്യാസ്ത്രീകളുടെ പ്രതികരണം എങ്ങനെയാണ്. അവര്‍ അനുകൂലമാണോ?

അവര്‍ അപ്പോഴും ഇപ്പോഴും അനുകൂലിക്കുന്നില്ല. ഏതാനും പേര് മാത്രമുണ്ട്. എന്റെ മഠത്തിലല്ലാതെ കന്യാസ്ത്രീ സമൂഹത്തില്‍ നിന്നും ചിലര്‍ എന്റെ കൂടെ നില്‍ക്കുന്നുണ്ട്. രണ്ടു മൂന്നു പേരൊക്കെ. എന്നാലും ഭയത്തോടെ ആണ് അവര്‍ എന്നെ പിന്തുണയ്ക്കുന്നത്. അല്ലാതെ ആരും തന്നെയില്ല. മാത്രമല്ല, പലരും എന്നോട് പറഞ്ഞിട്ടുണ്ട്, അവര്‍ ഫ്രാങ്കോയുടെ കൂടെ തന്നെയാണെന്ന്. അതൊക്കെ എന്നെ അത്ഭുതപ്പെടുത്തുകയാണ്.അത് കൊണ്ടുതന്നെയാണല്ലോ പലരും എനിക്ക് കത്തുകള്‍ ഒക്കെ എഴുതിയിട്ടുള്ളത്. ഞങ്ങളെല്ലാം പ്രാര്‍ത്ഥനയിലാണ്. സിസ്റ്റര്‍ തിരിച്ച് വരണം എന്നൊക്കെയായാണ് അവര്‍ പറയുന്നത്. അവര്‍ തങ്ങളുടെ നിലപാട് ഒന്നും വ്യക്തമാക്കുന്നില്ല. തെരുവിലെറിയപ്പെട്ട ഒരു വിഷയമാണ്. അങ്ങനെ സംഭവിച്ചതില്‍ ആ സ്ത്രീ എത്രമാത്രം വേദനിക്കുന്നുണ്ടാവും. അങ്ങനെയുള്ള ഒരാളുടെ കൂടെ നില്‍ക്കാന്‍ ലോകം മുഴുവന്‍ ഉണ്ടാകണം. അവിടെ സന്ന്യാസ സഭ എന്നൊന്നും നോക്കേണ്ട കാര്യമില്ല. തെറ്റുകള്‍ ചെയ്താലും എപ്പോഴും വിജയിച്ച് നില്‍ക്കുന്നത് പുരുഷന്മാരാണ്. അവര്‍ക്ക് പിന്തുണ കൊടുക്കേണ്ട ആവശ്യം ഇല്ല. എന്നാല്‍, അവരെ പോലെ ഉള്ളവര്‍ക്കാണ് സഭ പിന്തുണ കൊടുത്ത് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

ഭ്രാന്തെന്ന് വരുത്തി തീര്‍ത്ത് മുറിയില്‍ അടയ്ക്കും എന്നൊരു അവസ്ഥ വന്നപ്പോഴാണ് താന്‍ കന്യാസ്ത്രീ വേഷം ഉപേക്ഷിച്ചതെന്നു സിസ്റ്റര്‍ ജെസ്മി പറയുന്നുണ്ട്. അത്തരത്തിലൊരു അവസ്ഥ സിസ്റ്ററിനു വരാന്‍ സാധ്യത ഉണ്ടോ? ആ രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നുണ്ടോ?

അങ്ങനെ ഒരു ദുരവസ്ഥ വരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സിസ്റ്റര്‍ ജെസ്മി മഠത്തില്‍ വെച്ച് ഒരുപാട് വേദനിച്ചിട്ടുണ്ടാകും. അതാവും അങ്ങനെ ഒരു തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. മനസ്സ് മടുത്ത് ഒതുങ്ങി കൂടുന്ന ഒരു അവസ്ഥയിലേക്ക് ഞാന്‍ എന്നെ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്ത് പറയുന്നു എന്ന് ഞാന്‍ ചിന്തിക്കാറില്ല. ഏഷണികളുടെ ഭാഗമാവാറുമില്ല. നെഗറ്റീവ് ആയി ഞാന്‍ സംസാരിക്കാറില്ല. എന്റെ ഉള്ളില്‍ ഒരു പോസിറ്റീവ് എനര്‍ജി കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുക എപ്പോഴും. സിസ്റ്റര്‍ ജെസ്മിയെ ദ്രോഹിച്ചവരോടു അവര്‍ക്ക് ഏതുതരം മനോഭാവമാണ് എന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം, എന്നെ എത്ര ദ്രോഹിച്ചവരോടും എനിക്ക് ശത്രുതയില്ല. അവരോടു സംസാരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും, അത് മാറ്റിവെച്ച് ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുകയാണ് ഞാന്‍ ചെയ്യുക. മറ്റുള്ളവരോട് ദ്രോഹം ചെയ്യാന്‍ തോന്നാത്തതുകൊണ്ട് എനിക്കും ദ്രോഹം വരുമെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ദ്രോഹം ചെയ്യാന്‍ തോന്നുമ്പോള്‍ ഇവിടെ നിന്നും സ്വതന്ത്രമായി പുറത്ത് പോകണം. അതാണ് ചെയ്യേണ്ടത്.

അങ്ങനെ സ്വതന്ത്രയാകാന്‍ കന്യാസ്ത്രീ വേഷം വേണ്ടെന്നു വെക്കുമോ?

അതല്ല ഞാന്‍ പറഞ്ഞത്. എന്നെ സന്ന്യാസി സഭയില്‍ നിന്നും പറഞ്ഞുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണു പറയപ്പെടുന്നത്. അങ്ങനെ വിടാന്‍ പറ്റില്ല എന്നാണു ഞാന്‍ വിചാരിക്കുന്നത്. അങ്ങനെ അവര്‍ ചെയ്താല്‍ ചേര്‍ന്നത് പോലെത്തന്നെ ഇതിലെ ഒരംഗമല്ല ഇനി മുതല്‍ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാന്‍ പുറത്ത് പോകും.വേഷത്തിലല്ല പ്രാധാന്യം. ജീവിത ശൈലിയിലാണ്. വേഷം രൂപപ്പെടുത്തി എടുത്ത ഒരു കാര്യം മാത്രമാണ്. നമ്മുടെ കന്യാസ്ത്രീ വ്യക്തിത്വത്തിനുവേണ്ടി. ചുരിദാര്‍ ഒക്കെ ധരിക്കുന്നതില്‍ ഒരു തെറ്റുമില്ല. വേഷമല്ല കാര്യം. അങ്ങനെയൊക്കെ ആണെങ്കിലാണ് പുതിയ കുട്ടികള്‍ സന്യാസി സമൂഹത്തിലേക്ക് വരികയുള്ളു. പിന്നെ മാറേണ്ട വേറെ ചില കാര്യങ്ങളുണ്ട്. സ്വന്തം സഹോദരന്റെയോ സഹോദരിയുടെയോ വിവാഹത്തിനോ, മറ്റ് ആഘോഷങ്ങള്‍ക്കോ പങ്കെടുക്കാന്‍ കന്യാസ്ത്രീകള്‍ക്ക് അനുവാദമില്ല. മരണത്തില്‍ മാത്രം പങ്കെടുക്കാം. അതൊക്കെ മാറേണ്ട കാലം കഴിഞ്ഞു.

അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ മഠത്തിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്ററിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ നിലപാടില്‍ നിന്നും മാറി ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ തയാറെടുക്കുകയാണ് സിസ്റ്റര്‍. ഇതൊരു കീഴടങ്ങലാണോ? കന്യാസ്ത്രീവേഷത്തില്‍ തുടരാന്‍ വേണ്ടിയാണോ ഇത്?

അങ്ങോട്ട് ചെല്ലാനായിരുന്നു ആദ്യം പറഞ്ഞത്. അത് പറ്റില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുകൊണ്ട് എഴുതികൊടുക്കാന്‍ ഇപ്പോള്‍ പറഞ്ഞിട്ടുണ്ട്. എഴുതാന്‍ ഞാന്‍ തുടങ്ങി. പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല ഞാന്‍ ഇത് ആവശ്യപ്പെട്ട സമയത്ത് തന്നെ മെയില്‍ അയച്ചിരുന്നു, വിശദീകരണത്തിനു ഞാന്‍ തയാറല്ല എന്ന്. രണ്ടാമത്തെ ദിവസം മദര്‍ എന്നെ ഇങ്ങോട്ട് ഫോണില്‍ വിളിച്ചു. അന്ന് ശാരീരികമായും മാനസികമായും യാത്ര ചെയ്യാനും മറ്റുമുള്ള അവസ്ഥയിലല്ലെന്നാണ് ഞാന്‍ അന്ന് വിശദീകരണം കൊടുത്തത്. പിന്നെ സഭയുടെ പ്രതിനിധികള്‍ വന്നിരുന്നു. എന്തുകൊണ്ട് അവിടെ വിശദീകരണം നല്‍കാന്‍ വന്നില്ല എന്ന് ചോദിച്ചുകൊണ്ട്. ഞാന്‍ അപ്പോള്‍ കാര്യം പറഞ്ഞു. ഇതിനു മുന്‍പ് ഇങ്ങനെ വന്നപ്പോള്‍ ഒരു മോശം അനുഭവം ഉണ്ടായി. എല്ലാവരുടെയും മുന്നില്‍ വെച്ച് എന്നില്‍ ഓരോ കുറ്റങ്ങള്‍ ആരോപിച്ചു. അതിനാല്‍ വരാന്‍ കഴിയില്ലെന്ന്. നമ്മള്‍ ചെയ്ത നല്ല കാര്യങ്ങള്‍ ചെയ്ത് നമ്മളെ ഒന്ന് അംഗീകരിക്കട്ടെ. അങ്ങനെ എന്തെങ്കിലും ചെയ്താല്‍ ഒരു തുലനം വരും മഠത്തിന്റെ കാര്യങ്ങളില്‍. ഇതിപ്പോ, ചീത്ത വശങ്ങള്‍ മാത്രം കണ്ടുകൊണ്ട് വിശദീകരിക്കാന്‍ വിളിക്കുമ്പോള്‍ എങ്ങനെ പോകാന്‍ കഴിയും? എനിക്ക് അവരോടൊന്നും ഒരു ദേഷ്യവുമില്ല. സ്‌നേഹം മാത്രമേ ഉള്ളൂ.

ഹരികൃഷ്ണ ബി
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ, വീഡിയോഗ്രാഫിയില്‍ പരിശീലനം നേടി, ഏഷ്യാനെറ്റ് ന്യൂസില്‍ രണ്ടുവര്‍ഷം ക്യാമറാമാനായി പ്രവര്‍ത്തിച്ചു, നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍