ഹോര്‍മുസിന്റെ നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് കടക്കും; ഇറാന് ചെറുത്തുനില്‍പ്പിന് അര്‍ഹതയുണ്ട്: മൊജ്തബ
World
ഹോര്‍മുസിന്റെ നിയന്ത്രണം പുതിയ ഘട്ടത്തിലേക്ക് കടക്കും; ഇറാന് ചെറുത്തുനില്‍പ്പിന് അര്‍ഹതയുണ്ട്: മൊജ്തബ
നിഷാന. വി.വി
Friday, 10th April 2026, 11:53 am

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ വിഷയത്തില്‍ പുതിയ നീക്കത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ.

ഹോര്‍മുസ് നിയന്ത്രണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ പോവുകയാണെന്ന് മൊജ്തബ വ്യക്തമാക്കി.

‘ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തീര്‍ച്ചയായും പുതിയ ഘട്ടത്തിലേക്ക് കടക്കും,’ മൊജ്തബ പറഞ്ഞു. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് അദ്ദേഹത്തിന്റെ സന്ദേശം പുറത്തുവിട്ടത്.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ചെറുത്തുനില്‍പ്പിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു സാഹചര്യത്തിലും ന്യായമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ലെന്നും ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെയും മറ്റുള്ളവരുടെയും മരണത്തില്‍ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് തങ്ങളോട് അടുത്ത് നില്‍ക്കുന്ന രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ നിരീക്ഷിക്കുമെന്നും മൊജ്തബ വ്യക്തമാക്കി.

ആയത്തുള്ള അലി ഖാംനഇയുടെ മരണത്തിന് 40 ദിവസം തികയുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഇനി തെരുവിലറങ്ങേണ്ടെന്ന് ആളുകള്‍ കരുതേണ്ടെന്നും ഇനിയും സജീവമാവണമെന്നും അദ്ദേഹം പറഞ്ഞു.

‘പൊതു സ്ഥലങ്ങളില്‍ നിങ്ങളുടെ ശബ്ദങ്ങള്‍ ചര്‍ച്ചകളുടെ ഫലത്തെ നിസ്സംശയമായും സ്വാധീനിക്കും,’ മൊജ്തബ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്ക രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഇറാനും അംഗീരകരിച്ചിരുന്നു.

ഇത് ഇറാന്റെ ചരിത്രവിജയമാണെന്നും തങ്ങള്‍ മുന്നോട്ട് വെച്ച 10 ഇന കരാര്‍ അമേരിക്ക അംഗീകരിച്ചുവെന്നുമായിരുന്നു ഇറാന്റെ പ്രതികരണം.

ഇസ്രഈലും വെടിനിര്‍ത്തല്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ വെടിനിര്‍ത്തലില്‍ ലെബനന്‍ ഉള്‍പ്പെടില്ലെന്നായിരുന്നു ഇസ്രഈല്‍ പറഞ്ഞത്.

Content Highlight: Control of Hormuz will enter a new phase; Iran deserves to resist: Mojtaba

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.