ടോം ക്രൂസ്…. ഹോളിവുഡ് സിനിമകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ പേര് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ആക്ഷന്‍ സിനിമകളുടെ അവസാനവാക്കായി പലരും ടോം ക്രൂസിന്റെ പേര് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. തന്റെ 19ാം വയസില്‍ സിനിമാലോകത്തേക്കെത്തിയ ടോം ക്രൂസ് 62ാം വയസിലും സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
കരിയറിന്റെ തുടക്കത്തില്‍ സഹനടനായി വേഷമിട്ട ടോം ക്രൂസ് 1983ല്‍ പുറത്തിറങ്ങിയ റിസ്‌കി ബിസിനസ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. എന്നാല്‍ ടോം ക്രൂസിന്റെ കരിയറിലെ ആദ്യത്തെ നാഴികക്കല്ലായി മാറിയത് 1986ല്‍ റിലീസായ ടോപ് ഗണ്‍ എന്ന ചിത്രമാണ്. മാവറിക് മിച്ചല്‍ എന്ന കഥാപാത്രത്തിന് വലിയ ഫാന്‍ ഫോളോയിങ് ഉണ്ടായി.
ടോപ് ഗണ്ണിന്റെ റിലീസിന് പിന്നാലെ അമേരിക്കന്‍ നേവിയിലേക്കുള്ള യുവാക്കളുടെ റിക്രൂട്ട്‌മെന്റ് നിരക്കില്‍ വലിയ വര്‍ധനവ് സംഭവിച്ചത് സിനിമ കാരണമാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ടോം ക്രൂസിന്റെ കഥാപാത്രം ഉപയോഗിച്ച ബൈക്കിനും കൂളിങ് ഗ്ലാസിനും പിന്നീട് വലിയ പ്രചാരം ലഭിച്ചു. ടോം ക്രൂസ് എന്ന സൂപ്പര്‍സ്റ്റാറിന്റെ ഉദയമായിരുന്നു ടോപ് ഗണ്‍ എന്ന ചിത്രം.
രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ റെയിന്‍ മാന്‍ എന്ന ചിത്രം ടോം ക്രൂസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്നു. മികച്ച ചിത്രത്തിനുള്‍പ്പെടെ നാല് ഓസ്‌കര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രത്തില്‍ ടോം ക്രൂസിന്റെ പ്രകടനത്തെയും പലരും പ്രശംസിച്ചു. 1996ലാണ് ടോം ക്രൂസിന്റെ കരിയറിനെ മാറ്റിമറിച്ച മറ്റൊരു ചിത്രം പുറത്തിറങ്ങിയത്.
അതുവരെ കണ്ടുശീലിച്ച ആക്ഷന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായി മിഷന്‍ ഇംപോസിബിള്‍ മാറി. സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് മിഷന്‍ ഇംപോസിബിള്‍ സൃഷ്ടിച്ചു. ഈ ഫ്രാഞ്ചൈസിയില്‍ പിന്നീട് ഏഴ് സിനിമകള്‍ കൂടി പുറത്തിറങ്ങി. ഓരോ ഭാഗത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍ സീനുകളുമായി ടോം ക്രൂസ് നിറഞ്ഞാടി.
ഡ്യൂപ്പിന്റ സഹായമില്ലാതെ റിസ്‌കിയായിട്ടുള്ള ആക്ഷന്‍ സീനുകള്‍ ചെയ്ത് സിനിമാലോകത്തെ എപ്പോഴും ഞെട്ടിക്കുന്ന നടനാണ് ടോം ക്രൂസ്. 2011ല്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍: ഗോസ്റ്റ് പ്രോട്ടോക്കാളില്‍ ബുര്‍ജ് ഖലീഫയുടെ മുകളില്‍ കയറുന്ന സീന്‍ ആരാധകരെ ആവേശം കൊള്ളിച്ചു. എത്ര റിസ്‌കിയായിട്ടുള്ള സീനായാലും പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യുന്ന ടോം ക്രൂസ് പലപ്പോഴും അത്ഭുതമാണ്.
വലിയ രീതിയില്‍ ആരാധക പിന്തുണയുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ വണ്‍ ബില്യണ്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ടോം ക്രൂസ് നേരിടേണ്ടി വന്നിരുന്നു. 2022ല്‍ റിലീസായ ടോപ് ഗണ്‍ മാവറിക് എന്ന ചിത്രത്തിലൂടെയാണ് ടോം ക്രൂസ് വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയത്. 36 വര്‍ഷത്തിന് ശേഷം മാവറിക് മിച്ചല്‍ തിരിച്ചെത്തിയപ്പോള്‍ ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ അനുഭവമായി മാറി.
ഇപ്പോള്‍ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിളിന്റെ എട്ടാം ഭാഗത്തിലും ടോം ക്രൂസ് എന്ന താരത്തിന്റെ മികവ് കാണാന്‍ സാധിക്കും. സ്‌ക്രീന്‍ പ്രസന്‍സിലും ആക്ഷന്‍ രംഗങ്ങളിലും ടോം ക്രൂസിന്റെ മികവിന് ഒട്ടും കുറവ് വന്നിട്ടില്ല. 62ാം വയസിലും തന്റെ സ്റ്റാര്‍ഡം കൊണ്ട് ലോകസിനിമയില്‍ തന്നെ ടോം ക്രൂസ് നിറസാന്നിധ്യമായി തുടരുകയാണ്.
Content Highlight: Tom Cruise movies and stardom