ഒരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളായിരുന്നു ഞാന്‍; സിനിമാ ജീവിതത്തെ കുറിച്ച് സ്മിനു സിജോ
Malayalam Cinema
ഒരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളായിരുന്നു ഞാന്‍; സിനിമാ ജീവിതത്തെ കുറിച്ച് സ്മിനു സിജോ
ആര്യ അനൂപ്‌
Thursday, 20th May 2021, 2:25 pm

 

അമ്മയായും ഭാര്യയായും സഹോദരിയായും വേലക്കാരിയായും വ്യത്യസ്ത വേഷങ്ങളിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സ്മിനു സിജോ. സ്വാഭാവികതയുള്ള അഭിനയമാണ് സ്മിനുവിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സ്മിനു സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഞാന്‍ പ്രകാശനി’ലെ ശ്രീനിവാസന്റെ ഭാര്യാ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘കെട്ട്യോളാണെന്റെ മാലാഖ’യിലെ സ്ലീവാച്ചന്റെ സഹോദരി വേഷം ചെയ്ത് മലയാള സിനിമയില്‍ തന്റെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചു സ്മിനു. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലും യുവം, ഓപ്പറേഷന്‍ ജാവ, സുനാമി, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സ്മിനുവിനായി.

സംസ്ഥാന മുന്‍ ഹാന്‍ഡ് ബോള്‍ താരമായ സ്മിനുവിന്റെ സിനിമാ പ്രവേശനം തികച്ചും അപ്രതീക്ഷതമായിട്ടായിരുന്നു സംഭവിച്ചത്.  സുഹൃത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ ബസ് എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം അഭിനയിക്കാനായി സ്മിനു എത്തുന്നത്. കുടുംബ സുഹൃത്തുകൂടിയായ നടന്‍ ശ്രീനിവാസന്‍ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ആദ്യസിനിമയില്‍ അഭിനയിച്ചതെന്ന് സ്മിനു പറയുന്നു. തുടര്‍ന്നഭിനയിച്ച ഞാന്‍ പ്രകാശനിലെ വേഷവും സ്മിനുവിന് നല്‍കിയത് ശ്രീനിവാസനാണ്. തന്റെ സിനിമാ യാത്രയെ കുറിച്ച് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് സ്മിനു…

എങ്ങനെയായിരുന്നു സിനിമയിലേക്കുള്ള കടന്നുവരവ്?

കൂട്ടുകാരി വഴിയാണ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ എത്തുന്നത്. സൈറാ ബാനുവിന്റെ സംവിധാനായകനായ ആന്റണി ടോണി സ്‌കൂള്‍ ബസിന്റെ അസോസിയേറ്റായിരുന്നു. കൂട്ടുകാരിയോട് അഭിനയിക്കുന്നോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അവള്‍ എന്റെ ഫോട്ടോയും അവളുടെ അഡ്രസുമെല്ലാം കൂടി നല്‍കി. അങ്ങനെ സെലക്ട് ആയ ശേഷം റോഷന്‍ ആന്‍ഡ്രൂസ് സാറിനെ കാണുകയായിരുന്നു. അതൊരു നിമിത്തമായിരുന്നു.

ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഇറങ്ങിയ ഞാന്‍ പ്രകാശനിലെ ശ്രീനിവാസന്റെ ഭാര്യാവേഷത്തെ കുറിച്ച്?

ശ്രീനിയേട്ടന്‍ വഴിയാണ് ആ വേഷം ലഭിക്കുന്നത്. ശ്രീനിയേട്ടനും സത്യന്‍സാറും തന്ന ധൈര്യമാണ് എന്നെ സിനിമയില്‍ അഭിനയിപ്പിച്ചത്. അഭിനയിക്കേണ്ടെന്നും സീന്‍ പഠിച്ച ശേഷം എന്താണോ തോന്നുന്നത് അത് ചെയ്യാനുമായിരുന്നു സത്യന്‍സാര്‍ പറഞ്ഞത്. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ ഞങ്ങള്‍ കറക്ട് ചെയ്തുതരാമെന്നും പറഞ്ഞു.

ആ ഒരു കോണ്‍ഫിഡന്‍സിന്റെ പുറത്താണ് അഭിനയിക്കുന്നത്. ഇപ്പോഴുള്ള എല്ലാ സംവിധായകരും അങ്ങനെയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇങ്ങനെ തന്നെ ചെയ്യണമെന്നേ അവര്‍ നിര്‍ബന്ധം പറയാറില്ല. മുന്‍പ് ഒരു ഷൂട്ടിങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളായിരുന്നു ഞാന്‍. സ്‌കൂള്‍ ബസില്‍ നല്ല പേടിയോടെയാണ് അഭിനയിക്കാന്‍ പോയത്. അന്നും ശ്രീനിയേട്ടന്‍ നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് അഭിനയിച്ചത്.

കെട്ട്യോളാണെന്റെ മാലാഖയിലെ സ്ലീവാച്ചന്റെ സഹോദരീ വേഷവും ആസിഫുമൊത്തുള്ള കെമിസ്ട്രിയും?

ആസിഫിനെ ഞാന്‍ കുട്ടായി എന്നാണ് വിളിക്കുന്നത്. പൊതുവെ എല്ലാവരോടും വളരെ കമ്പനിയായി ഇടപെടുന്ന ആളാണ് ആസിഫ്. എന്നോട് പ്രത്യേകിച്ച് ഒരു അടുപ്പം കുട്ടായിക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സീനുകളായിരുന്നല്ലോ കൂടുതല്‍. നമ്മള്‍ അഭിനയിക്കുമ്പോള്‍ പരസ്പരം ഒരു സൗഹൃദവും ആത്മബന്ധവും ഉണ്ടായിക്കഴിഞ്ഞാല്‍ അഭിനയിക്കുക എന്നത് കുറച്ചുകൂടി എളുപ്പമാകും. കുട്ടായി തന്ന ആ ഫ്രീഡം കൊണ്ട് കൂടിയാണ് ഒരു പേടിയുമില്ലാതെ കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫ് ഒഴിച്ച് ബാക്കിയുള്ള മിക്കവരും പുതുമുഖങ്ങളായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പരസ്പരം കാര്യങ്ങള്‍ പറയാനും സപ്പോര്‍ട്ട് ചെയ്യാനും സാധിച്ചു. പല രംഗങ്ങളിലും അഭിനന്ദങ്ങള്‍ കിട്ടിയിട്ടുണ്ട്. ചിത്രത്തില്‍ ആസിഫിന്റെ അടുത്ത് ചൂടാവുന്ന ഒരു രംഗമുണ്ട്. ‘അവന്‍ വരുന്ന വരവ് കണ്ടില്ലേ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ എന്ന് പറയുന്ന സീന്‍’, ആ സീനൊക്കെ ചെയ്തുകഴിഞ്ഞപ്പോള്‍ എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. അതൊക്കെ വലിയ സന്തോഷമാണ്. തുടക്കത്തില്‍ ഒരു ടെന്‍ഷനായിരുന്നു. പെണ്ണു കണ്ടുവരുന്ന സീന്‍ മാത്രം കുറച്ചധികം ടേക്ക് പോയിരുന്നു.

വളരെ നാച്ചുറലായി കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ ട്രിക്ക്?

എങ്ങനെയാണ് അത്തരത്തില്‍ അഭിനയിച്ചു ഫലിപ്പിക്കാനാവുന്നത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഒരു മറുപടി പറയാന്‍ സാധിക്കില്ല. കാരണം സംവിധായകര്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറയുന്നു. ശേഷം നമുക്ക് അറിയുന്ന രീതിയില്‍ പെര്‍ഫോം ചെയ്യുകയാണ്. ഞാന്‍ ഒരു സ്‌പോര്‍ട്‌സ് താരമായിരുന്നു. പക്ഷേ ആ രംഗത്ത് അത്രയധികം ശോഭിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്റെ കൂട്ടുകാരി വഴി സിനിമയിലെത്തി.
പിന്നെ ശ്രീനിയേട്ടന്‍, സത്യന്‍ സര്‍ ഇവരൊക്കെ നല്‍കിയ പിന്തുണ. ഒപ്പം കുറേ നല്ല കഥാപാത്രങ്ങളെ കിട്ടിയെന്നതാണ് മറ്റൊരു കാര്യം. ഒരു ധൈര്യത്തിന്റെ പുറത്ത് അഭിനയിച്ചു പോകുന്നു എന്നതാണ് സത്യം. അല്ലാതെ മറ്റ് പ്രത്യേക ട്രിക്കുകളൊന്നും ഇല്ല.

ദി പ്രീസ്റ്റില്‍ മമ്മൂക്കക്കൊപ്പം?

ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ ആ കഥാപാത്രത്തെ കാണുന്നു. പ്രത്യേകിച്ച് മമ്മൂക്കയ്‌ക്കൊപ്പം നിന്ന് ഡയലോഗ് പറയാന്‍ സാധിക്കുക എന്നതൊക്കെ വലിയ നേട്ടമായാണ് കരുതുന്നത്. ആ സിനിമയിലെ മമ്മൂക്കപ്പൊക്കമുള്ള സീന്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. യഥാര്‍ത്ഥത്തില്‍ എന്റെ മനസിലുള്ള പേടി മുഴുവന്‍ എന്റെ മുഖത്ത് കാണുന്നുണ്ട്. അതുപക്ഷേ ആ സീനില്‍ അനുയോജ്യമായി വന്നു.

എനിക്ക് മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പേടിയാണെന്ന് കൂടെ അഭിനയിക്കുന്നവരോട് പറഞ്ഞിരുന്നു. ജഗദീഷേട്ടനും ദിനേഷ് പണിക്കരും എല്ലാം നല്ല പിന്തുണയായിരുന്നു. പിന്നെ ആദ്യത്തെ ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോള്‍ മമ്മൂക്ക തന്നെ അടുത്തു വന്ന് പറഞ്ഞു ഡയലോഗ് ഡെലിവറി നന്നായി ചെയ്തിട്ടുണ്ടെന്ന്. ഞാന്‍ പേടിച്ചാണ് നില്‍ക്കുന്നതെന്ന് കൂടെയുള്ളവര്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ എന്തിനാടോ പേടിക്കുന്നത് എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. നന്നായിട്ട് പെര്‍ഫോം ചെയ്താല്‍ ആരും ഒന്നും പറയില്ലെന്ന് പറഞ്ഞ് അദ്ദേഹം നമ്മളെ കൂളാക്കി.

നല്ല സപ്പോര്‍ട്ടായിരുന്നു അദ്ദേഹം. അതു തന്നെ വലിയ ധൈര്യമായിരുന്നു. മമ്മൂക്കയെ കാണുമ്പോള്‍ മിണ്ടണമെന്ന് നമുക്കുണ്ട്. പക്ഷേ അതിനുള്ള ഒരു ധൈര്യം ഉണ്ടാവില്ല. പിന്നെ മമ്മൂക്ക തന്നെ എന്നോട് ഇങ്ങോട്ട് സംസാരിക്കുകയായിരുന്നു. കെട്ട്യോളാണെന്റെ മാലാഖ കണ്ടിരുന്നെന്നും നന്നായി ചെയ്‌തെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. ജോണി ആന്റണി ചേട്ടനോട് എന്റെ അഭിനയത്തെ കുറിച്ചൊക്കെ അദ്ദേഹം പറഞ്ഞതായി പിന്നീട് അറിഞ്ഞു.

ഓപ്പറേഷന്‍ ജാവയിലേക്കുള്ള വരവ്?

കെട്ട്യോളാണെന്റെ മാലാഖ കണ്ടാണ് തരുണും മാത്യൂസും ജാവയിലേക്ക് സെലക്ട് ചെയ്യുന്നത്. ബാലു വര്‍ഗീസിന്റെ അമ്മ വേഷമാണെന്നും ചെയ്യണമെന്നും പറഞ്ഞു. രണ്ട് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ബാലുവുമായി സുനാമിയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സിനിമയില്‍ കുറച്ചധികം സീനുകള്‍ ഉണ്ടായിരുന്നു. ബാലു വളരെ ഫ്രീ ആയിരുന്നു.

കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫിന്റെ പെങ്ങളായി അനായാസം അഭിനയിക്കാനായത് എന്നെ അങ്ങനെ കുട്ടായി കണ്ടതുകൊണ്ടാണ്. അതുപോലെ ബാലു ബാലുവിന്റെ അമ്മയായി തന്നെ കണ്ടു. നമ്മള്‍ അഭിനയിക്കുമ്പോള്‍ എവിടെയൊക്കെയോ നമ്മുടെ ലൈഫും കടന്നുവരും. കെട്ട്യോളാണെന്റെ മാലാഖയില്‍, പലപ്പോഴും അത് എന്റെ തന്നെ ലൈഫാണെന്ന് തോന്നിയിട്ടുണ്ട്. പല കാര്യങ്ങളിലും എന്റെ സ്വഭാവം വന്നിട്ടുണ്ട്.

അതുപോലെ ഓപ്പറേഷന്‍ ജാവയിലെ ആ അമ്മയിലും എന്റെ പല രീതികളും കടന്നുവന്നിട്ടുണ്ട്. മക്കള്‍ പൈസയോ എന്തെങ്കിലും സാധനമോ എടുക്കുമ്പോള്‍ വെക്കടാ അവിടെ എന്നൊക്കെ നമ്മള്‍ പറയും. അതുപോലെ നമ്മുടെ മക്കളുടെ മാര്‍ക്ക് പലരും ചോദിച്ചിട്ടുണ്ട്. നമ്മുടെ കുറ്റങ്ങളെന്തെങ്കിലും ഉണ്ടെങ്കില്‍ അത് അറിയാന്‍ മാത്രമായി ചിലത് ചോദിക്കുന്നവര്‍ അണ്ട്. അതൊക്കെ നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്ന അനുഭവമാണ്. നമ്മള്‍ അഭിനയിക്കുന്ന പല കഥാപാത്രങ്ങളിലും എവിടെയൊക്കെയോ നമ്മളും ഉണ്ട്. നമ്മുടെ ജീവിതത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ അത് അറിയാന്‍ ആളുകള്‍ക്ക് താത്പര്യമാണ്. സിനിമയില്‍ എത്തിയിട്ടും നമ്മുടെ പ്രിയപ്പെട്ടവരെന്ന് കരുതിയ പലരും വിളിച്ചിട്ടില്ല. അല്ലാത്തവര്‍ ഒരുപാട് പേര്‍ വിളിച്ചു.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അഭിനയത്തോട് താത്പര്യമുണ്ടായിരുന്നോ?

ജീവിതത്തില്‍ ഇന്നേവരെ ഒരു മൈക്കിന് മുന്‍പില്‍ പോലും നില്‍ക്കാത്ത ആളാണ് ഞാന്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സിലായിരുന്നു താത്പര്യം. ഹാന്‍ഡ് ബോള്‍, ജാവലിന്‍ ത്രോ അതെല്ലാമായിരുന്നു. സ്റ്റേറ്റ് ലെവലില്‍ നാല് തവണ കളിക്കാന്‍ പോയിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ ജില്ലാതല മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. പിന്നെ വിവാഹശേഷം കുഞ്ഞുങ്ങളൊക്കെ ആയിക്കഴിഞ്ഞപ്പോള്‍ പിന്നെ അവരുടെ വഴിയിലേക്ക് അങ്ങ് പോയി.

പിന്നെ ഇതിനിടെ എന്റെ സുഹൃത്ത് ഷാന്റി ഒപ്പിച്ച വേലയാണ് ഈ സിനിമാ ജീവിതം. അതിലെല്ലാമുപരി എന്നെ ഏറ്റെടുത്ത ജനങ്ങള്‍. വലിയ പോസിറ്റീവ് എനര്‍ജിയാണ് ഓഡിയന്‍സില്‍ നിന്ന് എനിക്ക് കിട്ടിയത്. വായിക്കുന്ന ഓരോ കമന്റുകളിലും ഞാന്‍ അത് കാണുന്നുണ്ട്. ജനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഞങ്ങളെപ്പോലുള്ളവര്‍ എന്തെങ്കിലും ആവുന്നത്. ചേച്ചി, അമ്മ, സഹോദരി അങ്ങനെ നിങ്ങളുടെ വീട്ടിലെ ഒരാളായി പോകാനാണ് എനിക്കും ഇഷ്ടം. മോഡേണ്‍ വേഷങ്ങളോടൊന്നും താത്പര്യമില്ല. ഞാന്‍ ചെയ്യുന്ന പടത്തില്‍ എന്നെ കാണുമ്പോള്‍ എന്റെ ചേച്ചിയാണ്, അല്ലെങ്കില്‍ അതെന്റെ അമ്മയാണ് എന്ന് ആളുകള്‍ക്ക് തോന്നണം. അതാണ് ആഗ്രഹിക്കുന്നത്.

ആറാട്ടില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവം?

ലാലേട്ടനോടൊപ്പം ഒരു വേഷം ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണ്. ആറാട്ടില്‍ റിയാസ് ഖാന്റെ ഭാര്യയായിട്ടാണ് എത്തുന്നത്. വലിയ ഡയലോഗുകള്‍ ഇല്ലെങ്കിലും ലാലേട്ടനുമായുള്ള ചെറിയ ഡയലോഗുകള്‍ എല്ലാം ഉണ്ട്. തുടക്കത്തില്‍ തന്നെ മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കണക്കാക്കുന്നു. ദൂരെ നിന്ന് ആരാധിച്ച താരങ്ങളാണ് മമ്മൂക്കയും ലാലേട്ടനും.

മമ്മൂക്കയുടെ ഫോട്ടോ കണ്ട് ഒരുകാലത്ത് അസൂയ തോന്നിയിട്ടുണ്ട്. ലാലേട്ടന്റൈ കൂടുതല്‍ വിശേഷങ്ങളും കോമഡികളും ഉണ്ട്. അത് ചിത്രം ഇറങ്ങിയ ശേഷം പറയാം. ലാലേട്ടന്റെ ഡാന്‍സും അഭിനയവും ഒരു രക്ഷയുമില്ല.

അതുപോലെ ഭ്രമം എന്ന ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പം അഭിനയിക്കാനും സാധിച്ചു. വലിയ റോളാണ് ഭ്രമത്തില്‍. ഉണ്ണി മുകുന്ദന്‍, മംമ്ത ഇവര്‍ക്കൊപ്പമെല്ലാം അഭിനയിക്കാനായി. പിന്നെ മെമ്പര്‍ രമേശന്‍ വാര്‍ഡ് 9 എന്ന അര്‍ജുന്റെ പടം. നല്ലൊരു കുടുംബ ചിത്രമാണ്. ഒരുപാട് നാള്‍ കൂടി ഇറങ്ങുന്ന നല്ലൊരു കുടുംബചിത്രമായിരിക്കും മെമ്പര്‍ രമേശന്‍ എന്നാണ് കരുതുന്നത്. ജാനിന്റെയും അജു വര്‍ഗീസിന്റേയും കൂടെ അഭിനയിക്കാനായെന്നതും വലിയ സന്തോഷം തരുന്നു.

നായാട്ടിലെ വേഷത്തെ കുറിച്ച്?

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. ജോജു ജോര്‍ജ്ജിന്റെ ഭാര്യാവേഷമാണ്. ചെറിയൊരു സീനാണെങ്കിലും എന്നെ സംബന്ധിച്ച് അത് വലിയ സീനാണ്. മാര്‍ട്ടിന്‍ പ്രക്കാട്ടിനെപ്പോലുള്ള ഒരു വലിയ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാനായി എന്നത് വലിയ കാര്യമാണ്.

അതുപോലെ ലാല്‍ സാറിനൊപ്പം സുനാമിയില്‍ നല്ല വേഷം ചെയ്യാന്‍ സാധിച്ചു. യുവം സിനിമയില്‍ ചെറിയ വേഷമാണെങ്കിലും ശ്രദ്ധിക്കപ്പെട്ട വേഷം തന്നെയായിരുന്നു. ഈ വര്‍ഷം ഇറങ്ങിയ അഞ്ച് സിനിമകളില്‍ അഭിനയിക്കാനായി എന്നതാണ് ഏറ്റവും വലിയ സന്തോഷം.

എതെങ്കിലും ഡ്രീം പ്രൊജക്ട് മനസിലുണ്ടോ, ഇനി അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാര്‍ അങ്ങനെയെന്തെങ്കിലും?

പ്രണവിനും ദുല്‍ഖറിനുമൊപ്പം നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. പ്രണവിനേയും ദുല്‍ഖറിനേയും വലിയ ഇഷ്ടമാണ്. അവസരങ്ങള്‍ വന്നാല്‍ ചെയ്യണമെന്നുണ്ട്.

കഥാപാത്രത്തെ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

ചില സംവിധായകര്‍ സിനിമയുടെ മൊത്തം കഥയും പറയും. ചിലര്‍ കഥാപാത്രം എന്താണെന്ന് മാത്രമേ പറയൂ. പിന്നെ എന്നെപ്പോലുള്ള ഒരു തുടക്കക്കാരിയെ സംബന്ധിച്ച് മമ്മൂക്കെയപ്പോലെയും ലാലേട്ടനെപ്പോലും ഉള്ള വലിയ താരങ്ങള്‍ കമ്മിറ്റ് ചെയ്ത സിനിമയുടെ കഥ ചോദിച്ച ശേഷം മാത്രം കഥാപാത്രത്തെ തിരഞ്ഞെടുക്കേണ്ട കാര്യമില്ല.

ഞാന്‍ അത്രയും വലിയ ആളായിട്ടില്ല. എന്റെ റോളെന്താണെന്നും കോസ്റ്റ്യും എന്താണെന്നും ചോദിക്കും. അമ്മ റോളാണെങ്കില്‍ എന്താണ് പെര്‍ഫോം ചെയ്യാനുള്ളത് എന്ന് ചോദിക്കും. നല്ലൊരു ഡയറക്ടറാണെങ്കില്‍ ആ സിനിമ പത്ത് പേര് കാണുമെന്നത് ഉറപ്പാണ്.

ബിഗ് സ്‌ക്രീനില്‍ ആദ്യമായി സ്വന്തം മുഖം കണ്ടപ്പോഴുണ്ടായ അനുഭവം?

ഓപ്പറേഷന്‍ ജാവയും സുനാമിയുമെല്ലാം ആര്‍ടിസ്റ്റുകള്‍ എല്ലാവരും കൂടിയാണ് ബിഗ് സ്‌ക്രീനില്‍ ആദ്യം കണ്ടത്. ബാക്കിയെല്ലാം ഫാമിലിയായി തിയേറ്ററില്‍ വെച്ചാണ് കണ്ടത്. ഉദയനാണ് താരം സിനിമയില്‍ സലിം കുമാറിന് തന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമില്ലേ. ശരിക്കും ആ അവസ്ഥയായിരുന്നു.

പിന്നെ ഇപ്പോള്‍ ഒ.ടി.ടി റിലീസായതുകൊണ്ട് വലിയൊരു വിഭാഗം ഓഡിയന്‍സിലേക്ക് സിനിമ എത്തുന്നുണ്ട്. പ്രത്യേകിച്ച് ഓപ്പറേഷന്‍ ജാവയൊക്കെ ഒ.ടി.ടിയില്‍ എത്തിയതിന് പിന്നാലെ വലിയ അഭിനന്ദനമാണ് ടീമിന് ലഭിച്ചത്. വലിയ ഹാര്‍ഡ് വര്‍ക്കായിരുന്നു അവര്‍ എടുത്തത്. അവരുടെ കൂട്ടായ്മയുടെ വിജയമാണ് ജാവയുടെ വിജയം.

വരാനിരിക്കുന്ന സിനിമകള്‍ ?

ഷൂട്ട് കഴിഞ്ഞ എട്ടോളം പടങ്ങളുണ്ട്. ആറാട്ട്, ഭ്രമം, പ്രകാശന്‍ പറക്കട്ടെ, മധുരം, മെമ്പര്‍ രമേശന്‍ വാര്‍ഡ് 9, വാതില്‍ തുടങ്ങിയവ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Operation Java The Priest Nayattu Movie Actress Sminu Sijo Interview

 

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.