ഐ.പി.എല്‍ 2026ന് മുന്നോടിയായി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ആന്ദ്രെ റസലിനെ വിട്ടു നല്‍കിയത് മോശം തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. റസലിനോളം കാലിബറുള്ള താരത്തെ കൊല്‍ക്കത്തയ്ക്ക് ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മാത്രമല്ല പുതിയ പരിശീലകന്‍ അഭിഷേക് നായരുടെ തീരുമാനമാണ് ഇതിന്റെ പുറകിലെന്നും റസലിന്റെ വിട്ടയച്ചത് ഞെട്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റസലിന്റെ റിലീസ് ശരിയായ തീരുമാനമാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ വിട്ടുകൊടുക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് 12 കോടി രൂപ ലഭിച്ചേക്കുമെങ്കിലും റസലിന്റെ കാലിബര്‍ മറ്റൊരു താരത്തിനും ഉണ്ടാകില്ല! അദ്ദേഹം ഒരു തലമുറയുടെ കളിക്കാരനാണ്. അവന്റെ ഫോം കുറഞ്ഞെങ്കിലും, വൈകാതെ അവന്‍ റണ്‍സ് നേടുമായിരുന്നു. പുതിയ പരിശീലകരൊക്കെ വരുമ്പോള്‍ അവര്‍ മാറ്റങ്ങള്‍ വരുത്തുന്നു.
ഇത് അത്തരത്തിലൊരു തീരുമാനമാണ്. റസല്‍ അവന്റെ മികച്ച ഫോമിലല്ലെന്ന് നിങ്ങള്‍ക്ക് തര്‍ക്കിക്കാം, എന്നാല്‍ ഐ.പി.എല്‍ എപ്പോഴും പരിചയസമ്പന്നരായ കളിക്കാര്‍ തിളങ്ങുന്ന ഒരു ഫോര്‍മാറ്റാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ റിലീസിന് പിന്നിലെ യഥാര്‍ത്ഥ കാരണം അഭിഷേക് നായര്‍ സ്വന്തം രീതിയില്‍ ടീമിനെ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നതാണ്. എന്നിരുന്നാലും, ഇത് ഒരു ഞെട്ടിക്കുന്ന തീരുമാനമാണ്,’ കൈഫ് പറഞ്ഞു.
വരാനിരിക്കുന്ന മിനി ലേലത്തിന് മുന്നോടിയായാണ് സൂപ്പര്‍ താരം ആന്ദ്രെ റസലിനെ കൊല്‍ക്കത്ത വിട്ടുനല്‍കിയത്. 2014 ഐ.പി.എല്‍ മുതല്‍ റസല്‍ കൊല്‍ക്കത്തയുടെ പ്രധാന താരമാണ്. 2025ലെ മെഗാ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ അഞ്ച് കളിക്കാരില്‍ ഒരാളും റസലായിരുന്നു.
2026 ഐ.പി.എല്ലിനായി റസലിനെ വിട്ടയച്ചതിലൂടെ കൊല്‍ക്കത്തയ്ക്ക് 18 കോടി ലഭിച്ചു. 12 കോടിയായിരുന്നു റസലിന് കൊല്‍ക്കത്ത വിലയിട്ടത്, എന്നാല്‍ റിലീസിങ്ങിലൂടെ കൊല്‍ക്കത്തയ്ക്ക് അധിക പണം ലഭിച്ചത്.
2025ലെ മെഗാ താരലേത്തില്‍ 51 കോടി രൂപയുമായി ഇറങ്ങിയ കൊല്‍ക്കത്ത 2026ലെ മിനി ലേലത്തിന് ഇറങ്ങുന്നത് 64.3 കോടി രൂപയുമായാണ്. അഭിഷേക് നായര്‍ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി എത്തിയതോടെയാണ് ടീമില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടായത്. അതുകൊണ്ടുതന്നെ മെഗാ താര ലേലത്തേക്കാള്‍ പ്രാധാന്യം മിനി ലേലത്തിന് നല്‍കുന്ന നിലപാടിനെ ആരാധകര്‍ വിമര്‍ശിക്കുകയാണ്. മാത്രമല്ല റസലിനെ കൂടാതെ ഒമ്പത് താരങ്ങളേയും ഫ്രാഞ്ചൈസി വിട്ടയച്ചിരുന്നു.
Content Highlight: Mohammad Kaif speaks on Andre Russell’s release by Kolkata