'ബംബാട്ടു ഹുടുഗി'; മോഹിനിയാട്ടത്തിലെ ഓട്ടോക്ക് പിന്നിലും മറ്റൊരു റഫറൻസ്
Malayalam Cinema
'ബംബാട്ടു ഹുടുഗി'; മോഹിനിയാട്ടത്തിലെ ഓട്ടോക്ക് പിന്നിലും മറ്റൊരു റഫറൻസ്
കെ.എസ് ഷാബിന
Thursday, 14th May 2026, 9:56 pm

കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായി എത്തിയ ഡാർക്ക്
ഹ്യൂമർ ചിത്രമാണ് ഭരതനാട്യം 2 മോഹിനിയാട്ടം. ബിഗ് സ്‌ക്രീനിലെ വലിയ വിജയത്തിന് ശേഷം ഒ.ടി.ടിയിൽ എത്തിയ ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

കേവലം ഒരു സിനിമ എന്നതിലുപരി, മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മുഹൂർത്തങ്ങളെയും ഡയലോഗുകളെയും അതിമനോഹരമായി കോർത്തിണക്കിയ ഒരു ‘ബ്രില്യന്റ് റഫറൻസ് മൂവി’ എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്.

മോഹിനിയാട്ടം.Photo: Screen grab/mohiniyattam

മമ്മൂട്ടിയുടെ ‘വേഷ’ത്തിലെ തമാശകൾ മുതൽ മോഹൻലാലിന്റെ ‘ദൃശ്യം’, ‘ദശരഥം’ തുടങ്ങിയ സിനിമകളിലെ ക്ലാസിക് ടച്ചുകൾ വരെ സിനിമയിൽ സ്വാഭാവികമായി കടന്നുവരുന്നു. ചിത്രത്തിലെ ഓരോ സീനുകളും ഡയലോഗുകളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇപ്പോൾ ചിത്രത്തിലെ ഒരു സീനിൽ എത്തുന്ന ഓട്ടോയുടെ പേരാണ് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഗോവിന്ദരാജയുടെ മൃതദേഹം കടത്താനായി ഗോപൻ ടൗണിൽ ഒരു പെട്ടി ഓട്ടോ അന്വേഷിച്ചു പോകുന്നുണ്ട്. എന്നാൽ അന്ന് ഓട്ടോ തൊഴിലാളികൾ പണിമുടക്കുന്ന ദിവസമായതിനാൽ ആരും വരാൻ തയ്യാറാകുന്നില്ല. ഒടുവിൽ ഒരു കടക്കാരൻ നൽകുന്ന നമ്പറിൽ വിളിക്കുമ്പോഴാണ് പണിമുടക്ക് വകവെക്കാതെ ഒരു സ്ത്രീ ഡ്രൈവർ ഓട്ടോയുമായി എത്തുന്നത്. ഈ ഓട്ടോയുടെ മുമ്പിലും പിന്നിലും ‘ബംബാട്ടു ഹുടുഗി’ എന്ന് എഴുതിയിരിക്കുന്നത് കാണാം.

മോഹിനിയാട്ടം.Photo: Screen grab/mohiniyattam

കന്നഡ ഭാഷയിൽ ‘ബംബാട്ടു ഹുടുഗി’ എന്നാൽ ധൈര്യശാലിയായ അല്ലെങ്കിൽ സ്വതന്ത്രയായ പെൺകുട്ടി എന്നാണ് അർത്ഥം. പുരുഷാധിപത്യമുള്ള മേഖലകളിൽ സ്വന്തം പ്രയത്നം കൊണ്ട് പൊരുതുന്ന ഒരു സ്ത്രീയുടെ കരുത്താണ് ഈ പേര് സൂചിപ്പിക്കുന്നത്. മറ്റാരും ജോലിക്ക് ഇറങ്ങാത്ത ഹർത്താൽ ദിനത്തിലും ആത്മവിശ്വാസത്തോടെ ഓട്ടോ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന ആ കഥാപാത്രത്തിന് ഇതിലും അനുയോജ്യമായ മറ്റൊരു പേര് നൽകാനില്ല.

സിനിമയിലെ ഈ രംഗം മറ്റൊരു പഴയ ഓര്മയിലേക്കാണ് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിൽ ഇതേ പേരിൽ തുടങ്ങുന്ന ഒരു പ്രശസ്തമായ ഗാനമുണ്ട്. ആ പാട്ടിനോടുള്ള ഒരു സ്മരണയും ഒപ്പം കഥാപാത്രത്തിന്റെ വ്യക്തിത്വത്തിന് നൽകിയ കൃത്യമായ അടയാളപ്പെടുത്തലും കൂടിയായി ഈ പേരിനെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ലളിതമായ തമാശകൾക്കും ത്രില്ലിനും അപ്പുറം ഇത്തരം ചെറിയ ഡീറ്റെയ്ലിങ്ങിലൂടെയാണ് സൈജു കുറുപ്പ് നായകനായ ഈ ചിത്രം ശ്രദ്ധേയമാകുന്നത്. സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ വകയുള്ള ധാരാളം റഫറൻസുകൾ ഇനിയും ഈ ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ടാകാം എന്നതാണ് ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിന്റെ പ്രേത്യേകത.

Content Highlight:Hidden details in mohiniyattam movie

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.