ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍
India
ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂറിലേയും ആ മജീഷ്യന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടു: മോദിക്കെതിരെ രാഹുല്‍
മുഹമ്മദ് നബീല്‍
Friday, 17th April 2026, 4:53 pm

ന്യൂ ദൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും വനിതാസംവരണ, മണ്ഡല പുനർനിർണായ ബില്ലുകളിലാണ് ചർച്ചകൾ. ഇന്നലെ കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്‌വാളും അമിത് ഷായും ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ബില്ലുകൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു.

ഇന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഭരണ പക്ഷത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

പുതിയ നിയമ നിർമാണങ്ങൾ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുപകരം ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സന്തുലിതാവസ്ഥ പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ബി.ജെ.പി സർക്കാർ അധികാരം നിലനിർത്തുന്നതിന് വേണ്ടി വനിതാ സംവരണത്തെ ഒരു മറയാക്കിയിരിക്കുകയാണെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.

മണ്ഡല പുനർനിർണയത്തിലൂടെ ഒ.ബി.സി വിഭാഗത്തിൽ പെട്ടവരുടെയും ദലിതരുടെയും രാഷ്ട്രീയ ശബ്ദം ദുർബലപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുന്നതായും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്ന ഈ ബില്ലുകൾ പ്രതിപക്ഷം ഒറ്റകെട്ടായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നോക്ക സമുദായത്തിൽ പെട്ടവരെയും അരികുവത്കരിക്കപ്പെട്ടവരുടെയും രാഷ്‌ടീയ സ്വാധീനം ഈ ബില്ല് നടപ്പാക്കുന്നതിലൂടെ കുറയുമെന്ന് പറഞ്ഞ അദ്ദേഹം ബി.ജെ.പി അവർക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റുകയാണെന്നും വിമർശിച്ചു.

‘ഈ ബില്ല് പാസാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് കൃത്യമായി അറിയാമായിരുന്നു. അവര്‍ അത്ര മണ്ടന്മാരല്ല. പ്രതിപക്ഷം ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഇതൊരു പരിഭ്രാന്തിയില്‍ നിന്നുണ്ടായ നീക്കമാണ്.

എന്തുവില കൊടുത്തും രണ്ട് സന്ദേശങ്ങള്‍ നല്‍കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ഒന്ന്, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടത്തില്‍ മാറ്റം വരുത്തുക. രണ്ട്, താന്‍ സ്ത്രീപക്ഷവാദിയാണെന്ന് വരുത്തിത്തീര്‍ക്കുക. അദ്ദേഹം എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നിങ്ങളുടേതായ യുക്തിക്ക് ഞാന്‍ വിടുന്നു.

സത്യം പറഞ്ഞാല്‍, ആ മജീഷ്യന്‍ ഇന്ന് പിടിക്കപ്പെട്ടിരിക്കുകയാണ്. ബാലാകോട്ടിലെയും നോട്ട് നിരോധനത്തിലെയും സിന്ദൂരിലെയുമൊക്കെ ആ മാന്ത്രികന്‍ ഒടുവില്‍ കൈയോടെ പിടിക്കപ്പെട്ടിരിക്കുന്നു,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബില്ലിനെ വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഷ്ട്രീയത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പറഞ്ഞു.

അമ്മമാർ, സഹോദരിമാർ, കുടുംബാംഗങ്ങൾ എന്നീ നിലകളിൽ സ്ത്രീകൾ ചെലുത്തിയ സ്വാധീനത്തിലൂടെയാണ് പാർലമെന്റിലെ എല്ലാവരുടെയും ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ശശിതരൂർ, പ്രിയങ്ക ഗാന്ധി, കനിമൊഴി തുടങ്ങി നിരവധി പ്രതിപക്ഷ എം.പിമാർ ബില്ലിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.

Content Highlight: Constituency redelineation will eliminate political participation of marginalized people: Rahul Gandhi

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം