ബല്‍റാം ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി നല്‍കിയത് കോണ്‍ഗ്രസുകാരന്‍; ബല്‍റാമിന്റേത് കോണ്‍ഗ്രസ് വിരുദ്ധ നിലപാട്, ചില കെ.പി.സി.സി നേതാക്കള്‍ അഭിനന്ദിച്ചെന്ന് ജി.കെ. മധു 
Kerala News
ബല്‍റാം ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി നല്‍കിയത് കോണ്‍ഗ്രസുകാരന്‍; ബല്‍റാമിന്റേത് കോണ്‍ഗ്രസ് വിരുദ്ധ നിലപാട്, ചില കെ.പി.സി.സി നേതാക്കള്‍ അഭിനന്ദിച്ചെന്ന് ജി.കെ. മധു 
സഫ്‌വാന്‍ കാളികാവ്
Saturday, 16th July 2022, 4:45 pm

കോഴിക്കോട്: ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിനെതിരെ പരാതി നല്‍കിയ കൊല്ലം സ്വദേശി അഡ്വ. ജി.കെ. മധു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. എട്ടാം ക്ലാസ് മുതല്‍ കെ.എസ്.യുവിലൂടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെത്തിയ ജി.കെ. മധു കൊല്ലം ഫാത്തിമ മാതാ കോളേജില്‍ കെ.എസ്.യുവിന്റെ ചെയര്‍മാനായിരുന്നു. യൂത്ത് കോണ്‍ഗ്രസിലടക്കം നേതൃസ്ഥാനത്തുണ്ടായിരുന്നയാളാണ് അദ്ദേഹം.

മധുവിന്റെ പരാതിയില്‍ കൊല്ലം അഞ്ചാലം മൂട് പൊലീസാണ് ബല്‍റാമിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ!,’ എന്ന ചോദ്യമുന്നയിച്ചാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്ന കുപിതനായ ഹനുമാന്‍, ശ്രീരാമന്‍, ശിവന്‍ ഉള്‍പ്പെടെയുള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.

അഡ്വ. ജി.കെ. മധു

വി.ടി. ബല്‍റാമിന്റെ പോസ്റ്റ് അത്രമേല്‍ തനിക്ക് വേദനയുണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ബല്‍റാമിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ നിലവിലുള്ള കെ.പി.സി.സി ഭാരവാഹികളില്‍ പലരും തന്നെ അഭിനന്ദിച്ചെന്നും ജി.കെ. മധു പറഞ്ഞു.

പാലക്കാട് ഡി.സി.സി കമ്മിറ്റിയെ വാട്‌സാപ്പ് വഴി പ്രതിഷേധം അറിയിച്ച ശേഷമാണ് പരാതി നല്‍കിയത്. കേസില്‍ രാഷ്ട്രീയമില്ല. താന്‍ ഒരു ശിവഭക്തനാണ്. അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളേക്കാള്‍ പോസ്റ്റില്‍ അദ്ദേഹം ചോദിച്ച ചോദ്യമാണ് കേസുമായി പോകാന്‍ കാരണം.

സംഘപരിവാറിനോടല്ല. എന്റെ ആരാധനമൂര്‍ത്തിയോടാണ് അദ്ദേഹത്തിന്റെ ചോദ്യം. ബല്‍റാമിന്റെ പോസ്റ്റ് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നി. അതിനൊരു ന്യായീകരണവുമില്ലെന്നും ജി.കെ. മധു പറഞ്ഞു.

എനിക്ക് മാത്രം തോന്നിയ ഒരു ഫീലല്ല ഇത്. സഹപ്രവര്‍ത്തകരായ എന്റെ കോണ്‍ഗ്രസ് സുഹൃത്തക്കളോട് സംസാരിച്ചപ്പോഴും അവര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഒരു പൊതുപ്രവര്‍ത്തകനായ ബല്‍റാമിന് എന്തിന്റെ ആവശ്യമാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍. ശരിക്കും ഇത്തരം പ്രതികരണങ്ങളല്ലേ മതസൗഹാര്‍ദം തകര്‍ക്കുന്നതില്‍ കാരണമായിട്ടുള്ളത്. അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും മധു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ബല്‍റാമിന്റെ പോസ്റ്റ് ശരിക്കും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമാണ്. ഈ പോസ്റ്റിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഭഗവാന്‍ ശിവനെ സത്യം ചെയ്തായിരുന്നു. ബല്‍റാമിന്റെ പോസ്റ്റിന് താഴെ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള കമന്റുകളാണ് കാണാന്‍ കഴിയുന്നത്. ഇങ്ങനെയാണ് കലാപങ്ങളുണ്ടാകുന്നത്. വി.ടി. ബല്‍റാമിന്റെ സ്ഥിരം തൊഴിലിതാണെന്നാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ശബരിമല വിഷയത്തിലും അദ്ദേഹം പ്രശ്‌നങ്ങളുണ്ടാക്കാനാണ് ശ്രമിച്ചിരുന്നെന്നും മധു കൂട്ടിച്ചേര്‍ത്തു.

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.