അജിത് പവറിനോടുള്ള ആദരസൂചകമായി ബരാമതി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ്
India
അജിത് പവറിനോടുള്ള ആദരസൂചകമായി ബരാമതി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസ്
മുഹമ്മദ് നബീല്‍
Thursday, 9th April 2026, 4:47 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത്പവാർ മരണമടഞ്ഞതിനെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസ്.

അജിത് പവാറിനോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല പറഞ്ഞു.

ബരാമതി നിയമസഭാ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അജിത് പവാറിന്റെ മരണശേഷം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ അദ്ദേഹത്തിനെ പങ്കാളി സുനേത്ര പവാറാണ് എൻ.സി.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി ആകാശ് മോറെ നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. എന്നാൽ മണ്ഡലത്തിൽ നിന്നും സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപെടുന്നതിന് വേണ്ടി സ്ഥാനാത്ഥിയെ പിൻവലിക്കണമെന്ന് ഭരണ കക്ഷിയായ മഹായുതിയുടെയും എൻ.സി.പി ശരത് പവാർ വിഭാഗത്തിന്റെയും നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു.

എൻ.സി.പി ശരത് പവാർ വിഭാഗം കോൺഗ്രസ്സും, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമടക്കമുള്ള മഹാ വികാസ് അഖാടി സഖ്യത്തിലെ അംഗങ്ങളാണ്.

എൻ.സി.പി നേതാക്കളായ ശരത് പവാർ, സുപ്രിയ സുലെ, രോഹിത് പവാർ തുടങ്ങിയവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടതിന് പിറകെയാണ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം വരുന്നത്.

‘കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്, ഒരു സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ഞങ്ങൾക്ക് നിർദേശിക്കാനാവില്ല . എന്നിരുന്നാലും, മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന നേതാവിന്റെ മരണത്തിന് ഇടയാക്കിയ ദാരുണമായ അപകടത്തെത്തുടർന്നാണ് ബാരാമതി സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. ആവശ്യപ്പെടുകയാണെങ്കിൽ ഈ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഞാൻ നിർദേശിക്കും,’ ശരദ് പവാർ പറഞ്ഞു.

കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് സുനേത്ര പവാർ മഹാരാഷ്ടയിലെ കോൺഗ്രസ് നേതാവ് ഹർഷവർധൻ സപ്കലിനോട് ആവശ്യപ്പെട്ടിരുന്നു.

എട്ടുതവണയായി ബരാമതി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അജിത് പവാർ ജനുവരിയിൽ ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

Content Highlight:Congress withdraws candidate in Baramati by-election as a mark of respect for Ajit Pawar

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം