വനിതാ സംവരണ ബിൽ ഭേദഗതി; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്
India
വനിതാ സംവരണ ബിൽ ഭേദഗതി; പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്
മുഹമ്മദ് നബീല്‍
Saturday, 11th April 2026, 7:59 am

ന്യൂദൽഹി: വനിതാ സംവരണ ബിൽ ഭേദഗതിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കാനൊരുങ്ങി കോൺഗ്രസ്.

ഇന്നലെ (വെള്ളി) ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം, വനിതാ സംവരണ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ പുതിയ സെൻസസ് നടത്താതെ മണ്ഡല പുനർനിർണ്ണയം നടത്തുന്നതിനെ എതിർക്കുന്നുവെന്നുമുള്ള തങ്ങളുടെ നിലപാട് കോൺഗ്രസ് ആവർത്തിച്ചു.

ഈ വിഷയത്തിൽ പ്രതിപക്ഷ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 15 ന് ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും മുതിർന്ന നേതാക്കളുടെ യോഗം വിളിക്കുമെന്നും പാർട്ടി അറിയിച്ചു.

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 29 ന് കേന്ദ്ര സർക്കാർ ഈ വിഷയം ചർച്ചചെയ്യുന്നതിന് സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

വനിതാ സംവരണമല്ല മണ്ഡല പുനർനിർണ്ണയമാണ് പ്രധാന വിഷയമെന്നും ഇതിന്റെ കൃത്യമായ വിവരങ്ങളെക്കുറിച്ച് യാതൊരു വ്യക്തതയുമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 16 ന് നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഏപ്രിൽ 15 ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ നേതാക്കന്മാരുടെ യോഗം വിളിച്ച് ചേർക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തമിഴ്‌നാട്ടിലെയും പശ്ചിമ ബംഗാളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഏപ്രിൽ 29 ന് ശേഷം സർവ്വകക്ഷി യോഗം വിളിച്ചാൽ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. മണ്ഡല പുനർനിർണ്ണയം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷയമായതിനാൽ ഇതിൽ കൃത്യമായ ചർച്ചകൾ ആവശ്യമാണ്,’ ജയറാം രമേശ് പറഞ്ഞു.

സർക്കാരിന്റെ വിദേശനയങ്ങളിലെ പരാജയം പോലുള്ള യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ പ്രത്യേക സമ്മേളനത്തിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2011 ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനായി നാരി ശക്തി വന്ദൻ അഭിനിയത്തിലെ ഭരണഘടനാ ഭേദഗതികൾക്കും മണ്ഡല പുനർനിർണ്ണയ ബില്ലിനും കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു.

എന്നാൽ 2027 സെൻസസിന് ശേഷം മാത്രമേ സംവരണം നടപ്പാക്കൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുൻ നിലപാട്.

Content Highlight: Congress to call meeting of opposition parties to amend Women’s Reservation Bill

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം